കൊച്ചി: മുലയൂട്ടുകയെന്നത് അമ്മയുടെയും മുലയുണ്ണുകയെന്നത് കുഞ്ഞിന്റെയും മൗലികാവകാശമാണെന്നും അത് നിഷേധിക്കാനാകില്ലെന്നും ഹൈക്കോടതി. ഒരുവയസ്സും നാലുമാസവും പ്രായമുള്ള കുഞ്ഞിനെ പിതാവിന് കൈമാറാന്‍ ഉത്തരവിട്ട ഇടുക്കി ശിശുക്ഷേമസമിതിയുടെ ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് വി.ജി. അരുണ്‍ ഇക്കാര്യം വ്യക്തമാക്കിയത്. കുട്ടിയുടെ അമ്മ ആരുടെയൊപ്പം താമസിക്കുന്നു എന്നതുപോലുള്ള വിഷയങ്ങള്‍ കണക്കിലെടുത്ത് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കരുതെന്നും കോടതി വിമര്‍ശിച്ചു.
യുവതി കഴിഞ്ഞവര്‍ഷമാണ് കുട്ടിക്ക് ജന്മം നല്‍കിയത്. ഇതിനുശേഷം ഇവര്‍ ഭര്‍ത്താവില്‍നിന്ന് അകന്ന് സ്വന്തം വീട്ടിലേക്കുപോയി. പിന്നീട് ഇവര്‍ ഭര്‍ത്താവിന്റെ അമ്മയുടെ രണ്ടാം ഭര്‍ത്താവിനോടൊപ്പം താമസം തുടങ്ങി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് കുട്ടിയെ പിതാവിനോടൊപ്പം വിടാന്‍ ശിശുക്ഷേമ സമിതി ഉത്തരവിട്ടത്. ഇതിനെതിരേയാണ് യുവതി ഹൈക്കോടതിയില്‍ എത്തിയത്.
ഭര്‍ത്താവ് ശാരീരികമായും മാനസികമായും ഉപദ്രവിച്ചതിനാലാണ് അകന്നതെന്നും ഒന്നിച്ച് ജീവിക്കാനാകില്ലെന്നും കുട്ടിയെ വിട്ടുനല്‍കണമെന്നുമായിരുന്നു ആവശ്യം. താന്‍ ആരുടെകൂടെ താമസിക്കുന്നു എന്നത് കണക്കിലെടുത്ത് കുട്ടിയെ പിതാവിനോടൊപ്പം വിടാന്‍ ശിശുക്ഷേമസമിതി ഉത്തരവിട്ടത് തെറ്റാണെന്നും വാദിച്ചു. ഈ വാദം അംഗീകരിച്ച കോടതി ശിശുക്ഷേമസമിതിയുടെ ഉത്തരവില്‍ പ്രതിഫലിക്കുന്നത് ധാര്‍മിക പക്ഷപാതമാണെന്ന് അഭിപ്രായപ്പെട്ടു.
മുലകുടിക്കുന്ന കുട്ടിയാണെന്നത് സമിതി കണക്കിലെടുത്തില്ല. അമ്മയുടെ സംരക്ഷണത്തില്‍നിന്ന് കുട്ടിയെ ഒരുമാസമായി അകറ്റി എന്നത് സങ്കടപ്പെടുത്തുന്നു. സ്വഭാവികനീതിയുടെ നിഷേധമാണ് ഉണ്ടായത്. കുട്ടിയെ ഉടന്‍ കൈമാറാന്‍ ഉത്തരവിട്ട കോടതി ഇക്കാര്യം കുമളി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചു.
62 1 minute read