ARTICLESWEB MAGAZINE

യാക്കോബായ മെത്രാൻമാർക്ക് തങ്ങളുടെ പേര് എങ്ങനെ വന്നു എന്നറിയാമോ? അവർ കൂനൻ കുരിശ് സത്യം എന്നു കേട്ടിട്ടുണ്ടോ?

പി.ജെ.ബേബി

യാക്കോബായ സഭ ഏതാനും ദിവസം മുമ്പ് സിനഡ് കൂടി ഇത്തവണ വോട്ട്
“സഭക്ക് നല്കണം” എന്ന് വിശ്വാസികളാട് ആവശ്യപ്പെട്ടു.
ഇപ്പോൾ കുറെ പുരോഹിതന്മാർ അമിത് ഷായെ കാണാൻ പോകുന്നു.
പോകുന്നതിനു മുമ്പേ വോട്ട് ബി ജെ പി ക്ക് എന്ന് ആഹ്വാനം ചെയ്യുന്നു !!

ആദ്യമേ പറയട്ടെ ,ഇങ്ങനെ ആഹ്വാനം ചെയ്താൽ നിങ്ങൾക്ക് യേശുവുമായി ഒരു ബന്ധവുമില്ല എന്ന ഏറ്റുപറച്ചിലാണത്. യഹൂദന്മാരുടെ മാത്രം മതത്തെ സകല മനഷ്യർക്കുമായി തുറന്നിട്ടയാളാണ് യേശു.
മുഴുവൻ മനുഷ്യരുടെയും നന്മയും ഉപാധികളില്ലാത്ത സ്നേഹവും
പ്രഘോഷിച്ചയാൾ.അങ്ങനെയെങ്കിൽ യാക്കോബായക്കാർ, സഭക്കു വേണ്ടി ബിജെ.പി ക്കായി വോട്ടു ചെയ്യണം എന്ന് നിങ്ങൾക്കെങ്ങനെ ആഹ്വാനം ചെയ്യാൻ കഴിയും?വരുന്ന തെരഞ്ഞെടുപ്പിൽ മുഴുവൻ കേരളീയരുടെയും നന്മക്കും ഭാവിക്കും വേണ്ടി എന്നല്ലാതെ, യാക്കോബായക്കാർക്കു വേണ്ടി മാത്രം വോട്ടുചെയ്യൂ എന്നു പറയുന്ന നിമിഷം നിങ്ങൾ യേശുവിനെ തള്ളിപ്പറയുന്നു. കയ്യഫാസ് – അന്നാസുമാരുടെ സുവിശേഷകരാകുന്നു.

1653- ൽ നിങ്ങളുടെ പൂർവപിതാക്കൾ നടത്തിയ കൂനൻ കുരിശു സത്യം “കൊത്തു രൂപങ്ങളെ വണങ്ങില്ല, പറങ്കി മെത്രാന്മാർക്ക് കീഴടങ്ങില്ല ” എന്നായിരുന്നു. പറങ്കികൾ നാട്ടിലുടനീളം സ്ഥാപിച്ച പള്ളിക്കെട്ടിടങ്ങളിൽ നിന്നു പുറത്തു പോകേണ്ടി വരും എന്നതിന് അവർ അന്ന് ഒരു വിലയും കൊടുത്തില്ല. ആ ചരിത്രത്തിനു മേൽ കാർക്കിച്ചു തുപ്പി, ഏതാനും പള്ളിക്കെട്ടിടങ്ങരുടെ പേരിൽ, ക്രിസ്ത്യാനികളെ തുടച്ചു മാറ്റാൻ ശപഥം ചെയ്ത ഗോൾവാൾക്കറുടെ സന്തതികൾക്ക്, വിശ്വാസികളെ നിങ്ങൾ അടിയറവക്കാൻ നോക്കുന്നു…
അണലികളുടെ സന്താനങ്ങളേ !
നിങ്ങൾക്ക് ,ഹാ ,കഷ്ടം !!

നിങ്ങൾക്ക് യാക്കോബായ എന്ന പേരുവന്നത് അന്ത്യക്യാ സിംഹാസനത്തിന് കീഴിൽ വിശ്വാസ സംരക്ഷണത്തിനായി അഭയം തേടിയതുകൊണ്ടാണ്. ആ സഭയുടെ ആ പ്രദേശങ്ങളിലെ വിശ്വാസികൾക്ക് ഐ എസ് തീവ്രവാദികളിൽ നിന്ന് കഴിഞ്ഞ ഏഴു വർഷക്കാലത്ത് കടുത്ത പീഡനം നേരിടേണ്ടി വന്നു.അതൊഴിവാക്കാൻ അന്തോക്യായിലെ പാത്രിയാർക്കീസ് ബാവ അബുബക്കർ അൽ ബാഗ്ദാദിക്കു മുന്നിൽ മുട്ടുകുത്താൻ പോയില്ല.
ആ വർത്തമാന വസ്തുത നിലനില്ക്കെ നിങ്ങൾക്കെങ്ങനെയാണ് രാജ്യത്തെങ്ങും ക്രൈസ്തവ വേട്ട നടത്തുന്ന ,ഹിന്ദുരാഷ്ട്ര സ്ഥാപനത്തിനായി പൗരത്വ നിയമമടക്കം പാസാക്കിയ, മോഡി സർക്കാരിനു മുന്നിൽ വിശ്വാസികളെ വിലപേശി വില്ക്കാൻ കഴിയുക..?
വെള്ളയടിച്ച കുഴിമാടങ്ങളേ !
നിങ്ങൾക്ക് ,ഹാ .. കഷ്ടം !!

NB : വിശ്വാസത്തിനു വേണ്ടി മതകൊളോണിയലിസത്തിനെ പറങ്കികളോട് പൊരുതിയ യാക്കോബായ വിശ്വാസികൾ തങ്ങളുടെ മഹത്തായ പൈതൃകത്തെ ഉയർത്തിപ്പിടിച്ച്
കയ്യഫാസുമാർക്കെതിരെ ധീരമായ നിലപാടെടുക്കും എന്നു തന്നെ പ്രതീക്ഷിക്കുന്നു ..

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker