ന്യൂഡല്‍ഹി: ഓര്‍ത്തഡോക്സ് യാക്കോബായ തര്‍ക്കത്തില്‍ സുപ്രധാനമായ നിര്‍ദേശവുമായി സുപ്രീം കോടതി. തര്‍ക്കത്തിലുള്ള എറണാകുളം, പാലക്കാട് ജില്ലകളിലായുള്ള ആറ് പള്ളികളുടെ ഭരണം ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറാന്‍ സുപ്രീം കോടതി യാക്കോബായ സഭയോട് നിര്‍ദേശിച്ചു. അതേസമയം പള്ളികളിലെ സെമിത്തേരി, സ്‌കൂളുകള്‍ എന്നിവ ഉള്‍പ്പടെയുള്ള പൊതുസംവിധാനങ്ങളില്‍ ഒരുവിഭാഗത്തില്‍ പെട്ടവരെയും വിലക്കരുതെന്ന് സുപ്രീം കോടതി ഓര്‍ത്തഡോക്സ് സഭയ്ക്ക് നിര്‍ദേശംനല്‍കി.
മലങ്കര സഭയ്ക്കു കീഴിലുള്ള പള്ളികള്‍ 1934-ലെ ഭരണഘടന അനുസരിച്ചു വേണം ഭരണം നടത്തേണ്ടതെന്ന 2017-ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം നല്‍കുന്നതെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 2017-ലെ വിധിക്കുശേഷം നല്‍കിയ പല പ്രത്യേക അനുമതി ഹര്‍ജികളും സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് യാക്കോബായ സഭയ്ക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകരായ രഞ്ജിത്ത് കുമാര്‍, ശ്യാം ദിവാന്‍ എന്നിവര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, 2017-ലെ വിധി നടപ്പാക്കാന്‍ തയ്യാറാകാത്ത യാക്കോബായ വിഭാഗത്തിന്റെ നടപടി കോടതിയലക്ഷ്യമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. യാക്കോബായ സഭയുടെ ആവശ്യങ്ങള്‍ കേള്‍ക്കണെമെങ്കില്‍ പള്ളികളുടെ ഭരണം ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
ആറ് പള്ളികളുടെ ഭരണം കൈമാറിയെന്ന സത്യവാങ്മൂലം രണ്ടാഴ്ചയ്ക്കുള്ളില്‍ യാക്കോബായ സഭ സുപ്രീം കോടതിക്ക് കൈമാറണം. മലങ്കര സഭാതര്‍ക്കവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സൗഹൃദപരമായി പരിഹരിക്കാനാണ് സുപ്രീം കോടതി ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
ഓര്‍ത്തഡോക്സ്- യാക്കോബായ തര്‍ക്കത്തിലുള്ള പള്ളികളുടെ ഭരണം ഏറ്റെടുക്കാന്‍ പോലീസിനെ അയക്കുന്നതിനെ വിമര്‍ശിച്ച് സുപ്രീം കോടതി. പള്ളികള്‍ മത സ്ഥാപനങ്ങളാണ്. അവിടേക്ക് പോലീസിനെ അയക്കുന്നതിനോട് യോജിക്കുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇത്തരം കാര്യങ്ങളില്‍ പോലീസിന്റെ ഇടപെടല്‍ ആവശ്യപ്പെടരുതെന്ന് ഓര്‍ത്തഡോക്സ് സഭയ്ക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകരോട് സുപ്രീം കോടതി നിര്‍ദേശിച്ചു. സര്‍ക്കാര്‍ ഭരണം ഏറ്റെടുത്ത് നല്‍കണമെന്ന് ആവശ്യപ്പെടുന്നവര്‍ പള്ളികളുടെ കണക്കുകള്‍കൂടി സര്‍ക്കാരിനെ ഏല്‍പ്പിക്കാന്‍ തയ്യാറാകണമെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.
തര്‍ക്കത്തിലുളള പള്ളികളുടെ ഭരണം ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് നല്‍കാത്തതിനെതിരെ മുന്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു, പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, സെന്‍ട്രല്‍ സോണ്‍ ഐ.ജി. നീരജ് കുമാര്‍ ഗുപ്ത, എറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, എറണാകുളം റൂറല്‍ എസ്.പി. വിവേക് കുമാര്‍, പാലക്കാട് കളക്ടര്‍ എസ്. ചിത്ര, പാലക്കാട് എസ്.പി. ആര്‍. ആനന്ദ് തുടങ്ങി രണ്ട് ഡസനോളം ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേരള ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചത്. ഈ നടപടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. കോടതിയലക്ഷ്യ നടപടികളില്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ഉദ്യോഗസ്ഥരെ സുപ്രീം കോടതി ഒഴിവാക്കി.
48 1 minute read