BREAKINGKERALA

യാത്രക്കാരന് നഷ്ടപരിഹാരം നല്‍കിയില്ല; പാലിയേക്കര ടോള്‍പ്ലാസ അധികൃതര്‍ക്കെതിരേ വാറന്റ്

പാലിയേക്കര: പണി പൂര്‍ത്തിയാകാത്ത റോഡില്‍ ടോള്‍ നല്‍കേണ്ടിവന്ന യാത്രക്കാരന് നഷ്ടപരിഹാരം നല്‍കാനുള്ള ഉപഭോക്തൃ കോടതിവിധി പാലിക്കാതിരുന്ന പാലിയേക്കര ടോള്‍പ്ലാസ അധികൃതര്‍ക്കെതിരേ വാറന്റ്.
തൃശ്ശൂര്‍ സ്വദേശി ജോര്‍ജ് തട്ടില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തൃശ്ശൂര്‍ ഉപഭോക്തൃ കോടതിയാണ് ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ക്കും എറണാകുളത്തെ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റിനുമെതിരേ വാറന്റ് പുറപ്പെടുവിച്ചത്.
പണികള്‍ പൂര്‍ത്തിയാക്കാത്ത റോഡില്‍ യാത്രചെയ്തതിന് ടോള്‍ നല്‍കേണ്ടിവന്നുവെന്നും തെളിച്ചമില്ലാത്ത രശീതി നല്‍കിയെന്നും ആരോപിച്ച് ജോര്‍ജ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ 10,000 രൂപ നഷ്ടപരിഹാരം നല്‍കാനും ആവശ്യമായ വിവരങ്ങള്‍ അടങ്ങുന്ന തെളിച്ചമുള്ള ബില്ലുകള്‍ ഒരുമാസത്തിനുള്ളില്‍ നല്‍കിത്തുടങ്ങണമെന്നുമായിരുന്നു വിധി. എന്നാല്‍ വിധിപ്രകാരമുള്ള നഷ്ടപരിഹാര തുക കമ്പനി ഇതുവരെ നല്‍കിയില്ല.
കോടതി പറഞ്ഞ സമയപരിധിക്ക് ശേഷം ടോള്‍ നല്‍കി യാത്ര ചെയ്ത ജോര്‍ജിന് തെളിച്ചമില്ലാത്ത രശീതി തന്നെയാണ് ലഭിച്ചത്. രശീതി ഹാജരാക്കിയ ജോര്‍ക്ക് നടപടി ആവശ്യപ്പെട്ട് ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.
ഉപഭോക്തൃ കോടതിവിധി ലംഘിക്കുന്നത് മൂന്നുവര്‍ഷം വരെ തടവിനും ഒരു ലക്ഷം രൂപ പിഴയും ഈടാക്കാവുന്ന കുറ്റമാണ്.തൃശ്ശൂര്‍ ഉപഭോക്തൃ കോടതി പ്രസിഡന്റ് സി.ടി. സാബു അംഗങ്ങളായ എസ്. ശ്രീജ, ആര്‍. റാം മോഹന്‍ എന്നിവര്‍ പോലീസ് മുഖേന വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. ഹര്‍ജിക്കാരന് വേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.

Related Articles

Back to top button