BREAKINGINTERNATIONAL
Trending

യുഎസിലെ സ്‌കൂളില്‍ വെടിവയ്പ്; നാലു പേര്‍ കൊല്ലപ്പെട്ടു, ഒന്‍പതു പേര്‍ക്കു പരുക്ക്

ജോര്‍ജിയ (യുഎസ്) : അമേരിക്കന്‍ സംസ്ഥാനമായ ജോര്‍ജിയയിലെ സ്‌കൂളിലുണ്ടായ വെടിവ്യ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. ഒന്‍പതു പേര്‍ക്കു പരുക്കേറ്റു. കൊല്ലപ്പെട്ടവരില്‍ രണ്ടു പേര്‍ വിദ്യാര്‍ഥികളും രണ്ടു പേര്‍ അധ്യാപകരുമാണെന്ന് അധികൃതര്‍ അറിയിച്ചു. പരുക്കേറ്റവരെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്കു മാറ്റി.
സംഭവത്തില്‍ പ്രതിയായ ഇതേ സ്‌കൂളിലെ വിദ്യാര്‍ഥി പതിനാലുകാരനായ കോള്‍ട്ട് ഗ്രേയെ കസ്റ്റഡിയിലെടുത്തെന്നും പ്രതിക്കെതിരെ കൊലപാതകകുറ്റം ചുമത്തുമെന്നും മുതിര്‍ന്ന വ്യക്തിയായി കണക്കാക്കി വിചാരണ നടത്തുമെന്നും ജോര്‍ജിയ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ക്രിസ് ഹോസെ വ്യക്തമാക്കി. ഏതു തരം തോക്കാണ് പ്രതി ഉപയോഗിച്ചതെന്നും വെടിവയ്പിലേക്കു നയിച്ച കാരണം സംബന്ധിച്ചും വ്യക്തമാക്കാന്‍ അധികൃതര്‍ തയാറായില്ല.
അറ്റ്‌ലാന്റയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളിലാണ് സംഭവം. ക്ലാസ് ആരംഭിച്ച് ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് വെടിവയ്പ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്ലാസുകളില്‍ നിന്ന് ഇറങ്ങിയോടിയ വിദ്യാര്‍ഥികള്‍ സമീപമുള്ള ഫുട്‌ബോള്‍ സ്റ്റേഡിയത്തിലാണ് അഭയം തേടിയത്. സ്ഥിതി നിയന്ത്രണത്തിലാണെന്ന് സ്‌കൂള്‍ വക്താവ് അറിയിച്ചു. വെടിവയ്പിനു മുന്‍പ് സ്‌കൂളില്‍ ഭീഷണി കോളുകള്‍ എത്തിയെന്ന റിപ്പോര്‍ട്ടുകളെ കുറിച്ച് അറിവില്ലെന്ന് അധികൃതര്‍ അറിയിച്ചു.
പ്രസിഡന്റ് ജോ ബൈഡന്‍ വെടിവയ്പിനെ അപലപിച്ചു. വെടിവയ്പിനെ അര്‍ത്ഥശൂന്യമായ ദുരന്തമെന്നു വിശേഷിപ്പിച്ച യുഎസ് വൈസ് പ്രസിഡന്റും പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ കമല ഹാരിസ്, അക്രമം അവസാനിപ്പിച്ചേ മതിയാകുയെന്നു പ്രതികരിച്ചു.

Related Articles

Back to top button