BREAKING NEWSLATESTNATIONAL

യുഎസ് ഇന്ത്യയ്ക്ക് നേരിട്ട് വാക്‌സിന്‍ നല്‍കും; മോദിയെ വിളിച്ച് കമല ഹാരിസ്

ന്യൂഡല്‍ഹി: യുഎസ് ഇന്ത്യയ്ക്ക് കോവിഡ് വാക്‌സിന്‍ കൈമാറും. യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇക്കാര്യം നേരിട്ട് വിളിച്ചറിയിച്ചു. ആഗോളതലത്തില്‍ 25 മില്യണ്‍ ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമായാണ് യുഎസ് ഇന്ത്യയിലേക്കും വാക്‌സിന്‍ എത്തിക്കുന്നത്.
നരേന്ദ്ര മോദിക്ക് പുറമേ മെക്‌സിക്കോ പ്രസിഡന്റ് അന്‍ഡ്രസ് മാനുവല്‍ ലോപസ്, ഗ്വാട്ടിമാല പ്രസിഡന്റ് അലജാന്‍ഡ്രോ ജിയാമട്ടി, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ പ്രധാനമന്ത്രി കീത്ത് റൗളി എന്നിവരോടും വാക്‌സിന്‍ നല്‍കുമെന്ന് വ്യാഴാഴ്ച കമല ഹാരിസ് നേരിട്ട് വിളിച്ചറിയിച്ചു.
കമല ഹാരിസുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിന് പിന്നാലെ ഇന്ത്യയ്ക്ക് വാക്‌സിന്‍ കൈമാറാനുള്ള തീരുമാനത്തെ അഭിനന്ദിക്കുന്നതായും അമേരിക്കയുടെ പിന്തുണയ്ക്കും ഐക്യദാര്‍ഢ്യത്തിനും നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രിമോദി ട്വീറ്റ് ചെയ്തു. ഇന്ത്യയുഎസ് വാക്‌സിന്‍ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും മോദി വ്യക്തമാക്കി.
യുഎസ് ആദ്യഘട്ടത്തില്‍ നല്‍കുന്ന 25 മില്യണ്‍ ഡോസില്‍ ആറ് മില്യണ്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങള്‍ക്ക് നേരിട്ട് കൈമാറും. ജൂണ്‍ അവസാനത്തോടെ 80 മില്യണ്‍ ഡോസ് വാക്‌സിന്‍ ആഗോളതലത്തില്‍ വിതരണം ചെയ്യാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്.

Related Articles

Back to top button