BREAKING NEWSKERALALATEST

യുഡിഎഫ് വിലയിരുത്തുന്നു… ജോസ് പോയത് തിരിച്ചടിയായി

തിരുവനന്തപുരം: നിര്‍ണായക നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായത് എന്തെല്ലാമെന്ന് വിലയിരുത്തി യുഡിഎഫ് യോഗം. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ചേര്‍ന്ന ആദ്യ യോഗത്തിലാണ് തോല്‍വിയിലേക്ക് നയിച്ച കാര്യങ്ങള്‍ പരിശോധിച്ചത്. പിണറായി വിജയന്‍ സര്‍ക്കാരിനെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന പൊതു വിലയിരുത്തല്‍ യോഗത്തിലുണ്ടായി.
ദയനീയ പരാജയം അല്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ വ്യക്തമാക്കി. 2016നെ അപേക്ഷിച്ച് മുന്ന് ലക്ഷം വോട്ട് കൂടി. വോട്ട് ശതമാനം വച്ച് നോക്കുമ്പോള്‍ സംഭവിച്ചത് ദയനീയ പരാജയല്ല. 2016നെ അപേക്ഷിച്ച് നോക്കുമ്പോള്‍ മൂന്ന് ലക്ഷം വോട്ട് കൂടിയെന്നും 34 മണ്ഡലങ്ങളില്‍ പതിനായിരത്തിന് താഴെ വോട്ടിനാണ് തോറ്റതെന്നും എംഎം ഹസന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്താന്‍ വിശദമായ യോഗം ചേരും. പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനം ഗുണം ചെയ്തു. ജനവിധി അന്തിമല്ലെന്നും ഹസന്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന് അനുകൂലമായ തരംഗം സംസ്ഥാനത്ത് ശക്തമായിരുന്നുവെന്ന് യുഡിഎഫ് ഏകോപന സമിതിയുടെ ആദ്യ യോഗം വിലയിരുത്തി. സര്‍ക്കാരിന് അനുകൂലമായുള്ള തരംഗം തിരിച്ചറിയുന്നതിലും പ്രതിരോധിക്കുന്നതിലും പരാജയപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ ഐശ്വര്യ കേരള യാത്രയിലെ ജനക്കൂട്ടം കണ്ട് തെറ്റിദ്ധരിക്കപ്പെട്ടുവെന്നും യോഗത്തില്‍ നേതാക്കള്‍ വ്യക്തമാക്കി.
ജോസ് കെ മാണി നയിക്കുന്ന കേരളാ കോണ്‍ഗ്രസും (എം) ജനതാദളും മുന്നണി വിട്ട് എല്‍ഡിഎഫില്‍ എത്തിയത് നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും യോഗം വിലയിരുത്തി. ഘടകകക്ഷികള്‍ മുന്നണി വിട്ടത് സാധ്യതകള്‍ ഇല്ലാതാക്കിയെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. യുഡിഎഫിനുണ്ടായ ശക്തമായ തോല്‍വി വിശദമായി പഠിക്കണമെന്ന് യോഗത്തില്‍ മുസ്ലീം ലീഗ് തുറന്ന് പറഞ്ഞു. അതേസമയം, ആരോപണങ്ങളില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിക്കാന്‍ തയ്യാറായില്ല.
തോല്‍വിയുടെ പശ്ചാത്തലത്തില്‍ നേതൃത്വത്തിനെതിരെ ചെറു പാര്‍ട്ടികള്‍ രൂക്ഷമായ രീതിയില്‍ പ്രതികരിച്ചു. സീറ്റ് നല്‍കാതെ അപമാനിച്ചുവെന്ന് സിഎംപിയും ഫോര്‍വേഡ് ബ്ലോക്കും വ്യക്തമാക്കി. സി പി ജോണും ജി ദേവരാജനുമാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. ഘടകകക്ഷികള്‍ക്ക് അര്‍ഹമായ പരിഗണന ലഭ്യമായില്ലെന്ന് ഭാരതീയ നാഷണല്‍ ജനതാദള്‍ യോഗത്തില്‍ പറഞ്ഞു. അതേസമയം, നിര്‍ണായക യോഗത്തില്‍ നിന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഷിബു ബേബി ജോണും വിട്ടു നിന്നു. മുന്‍പ് നല്‍കിയ പല നിര്‍ദേശങ്ങളും നടപ്പിലാക്കാന്‍ ശ്രമം നടത്തിയില്ലെന്നാരോപിച്ചാണ് യോഗത്തില്‍ നിന്നും ഷിബു ബേബി ജോണ്‍ വിട്ടുനിന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker