കെയ്റോ: ടിക് ടോക് താരങ്ങളായ രണ്ട് യുവതികള്‍ക്ക് തടവുശിക്ഷ വിധിച്ച് ഈജിപ്ഷ്യന്‍ കോടതി. മനുഷ്യക്കടത്ത് കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഹനീന് ഹൊസാം (20), മൊവാഡ അല്‍-അദാം (23) എന്നിവരെയാണ് ശിക്ഷിച്ചത്. 20 കാരിയായ ഹനീന് ഹൊസാമിന് 10 വര്‍ഷം തടവും 200,000 ഡോളര്‍ പിഴയും 22 കാരിയായയ മൊവാഡ അല്‍ അദാമിന് ആറ് വര്‍ഷത്തെ തടവും 200,000 ഡോളര്‍ പിഴയുമാണ് ശിക്ഷ. പണം സമ്പാദിക്കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ഉപയോഗിക്കാന്‍ സ്ത്രീകളെ പ്രോത്സാഹിപ്പിച്ചു എന്നാണ് ഇവര്‍ക്കെതിരെ ആരോപിക്കുന്ന കുറ്റം. ഇരുവരും 9,100 ഡോളര്‍ വീതം പിഴയും അടയ്ക്കണം.
”ഈജിപ്ഷ്യന്‍ സമൂഹത്തിന്റെ തത്വങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും വിരുദ്ധമായി ഭൗതിക നേട്ടങ്ങള്‍ കൈവരിക്കുക എന്ന ലക്ഷ്യത്തോടെ പെണ്‍കുട്ടികളെ ഉപയോഗിക്കുന്നു” എന്ന കുറ്റമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. ”കുടുംബ മൂല്യങ്ങള്‍ ദുഷിപ്പിക്കുക”, ”ധിക്കാരത്തിന് പ്രേരിപ്പിക്കുക”, ”ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ യുവതികളെ പ്രോത്സാഹിപ്പിക്കുക” എന്നിവയാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ള മറ്റ് കുറ്റങ്ങള്‍.
സമാനമായ കുറ്റം ചുമത്തി കഴിഞ്ഞ വര്‍ഷവും ഇരുവരെയും അറസ്റ്റ് ചെയ്യുകയും രണ്ടുവര്‍ഷം തടവ് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇരുവരെയും കുറ്റവിമുക്തരാക്കിയിരുന്നു. ടിക് ടോക്ക് ആപ്ലിക്കേഷനില്‍ മോശം വീഡിയോകള്‍ പങ്കിടാന്‍ യുവതികളെ പ്രോത്സാഹിപ്പിച്ചെന്നാരോപിച്ച് 2020 ഏപ്രിലില്‍ ഹൊസാം അറസ്റ്റിലായി. ഇന്‍സ്റ്റാഗ്രാമില്‍ മോശം വീഡിയോ ക്ലിപ്പുകള്‍ പ്രസിദ്ധീകരിച്ചതിന് ശേഷം 2020 മേയില്‍ അല്‍ അദാമിനെയും പൊലീസ് പിടികൂടുകയായിരുന്നു.
പരമ്പരാഗത മുസ്ലിം ധാര്‍മ്മികതയ്ക്ക് വിരുദ്ധമായി കാണപ്പെടുന്ന സോഷ്യല്‍ മീഡിയ ചാനലുകളില്‍ നിന്ന് പ്രകോപനപരമായ ഉള്ളടക്കം നീക്കം ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇത്തരം അറസ്റ്റുകളും ശിക്ഷാ വിധിയും.