KERALALATEST

യുവതിയുടെയും രണ്ട് കുട്ടികളുടെയും മരണം: ഭര്‍ത്താവ് വിഷം കുത്തിവെച്ചതെന്ന് സംശയം

suisideകൊല്ലം: കുണ്ടറയില്‍ അഞ്ചംഗ കുടുംബം ആത്മഹത്യയ്ക്ക് ശ്രമിക്കുകയും മൂന്നു പേര്‍ മരിക്കുകയും ചെയ്ത സംഭവത്തില്‍ വഴിത്തിരിവ്. മരിച്ച യുവതിയുടെയും രണ്ട് കുട്ടികളുടെയും ശരീരത്തില്‍ ചില പാടുകള്‍ കണ്ടതാണ് കൂടുതല്‍ സംശയങ്ങളിലേക്ക് നയിക്കുന്നത്. ഗൃഹനാഥനായ എഡ്വേര്‍ഡ് ഭാര്യയെയും കുട്ടികളെയും വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയതാണെന്നാണ് സംശയം. ഭാര്യയുടെ തലയില്‍ അടിയേറ്റുണ്ടായ മുറിവുകളും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈകിട്ടാണ് കുണ്ടറ കേരളപുരത്ത് താമസിക്കുന്ന എറോപ്പില്‍ വീട്ടില്‍ വൈ. എഡ്വേര്‍ഡും(അജിത്40) കുടുംബവും ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വിവരം പുറംലോകമറിയുന്നത്. വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കണ്ടെത്തിയ കുടുംബാംഗങ്ങളെ ബന്ധുക്കളും നാട്ടുകാരും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഭാര്യ വര്‍ഷ(26), മക്കളായ അലൈന്‍(രണ്ട്), ആരവ്(മൂന്ന് മാസം) എന്നിവര്‍ മരിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന എഡ്വേര്‍ഡ് ചികിത്സയിലാണ്. അതേസമയം, ദമ്പതിമാരുടെ മൂത്ത മകളായ ആറ് വയസ്സുകാരി വിഷം ചേര്‍ത്ത പാനീയം കുടിക്കാത്തതിനാല്‍ രക്ഷപ്പെട്ടിരുന്നു.
ബുധനാഴ്ച നടത്തിയ മൃതദേഹ പരിശോധനയിലാണ് മരിച്ച വര്‍ഷയുടെയും രണ്ട് കുട്ടികളുടെയും ശരീരത്തില്‍ കുത്തിവെച്ചതിന്റെ പാടുകള്‍ കണ്ടത്. ഇതാണ് മൂവരെയും എഡ്വേര്‍ഡ് വിഷംകുത്തിവെച്ച് കൊലപ്പെടുത്തിയതാണെന്ന സംശയത്തിന് കാരണമായിരിക്കുന്നത്. വര്‍ഷയുടെ തലയില്‍ അടിയേറ്റുണ്ടായ മുറിവുകളുമുണ്ട്.
അതേസമയം, ചികിത്സയിലുള്ള എഡ്വേര്‍ഡ് നിലവില്‍ അപകടനിലം തരണം ചെയ്തിട്ടുണ്ട്. വിഷം കുത്തിവെയ്ക്കാനുള്ള ഭയംകാരണം ഇയാള്‍ വിഷം കലര്‍ത്തിയ ശീതളപാനീയം കുടിച്ചെന്നാണ് പോലീസിന്റെ നിഗമനം. ഇതേ പാനീയം തന്നെയാണ് മൂത്തമകള്‍ക്കും നല്‍കിയത്. എന്നാല്‍ ആറുവയസ്സുകാരി ഇത് കുടിക്കാതെ പുറത്തേക്ക് കളയുകയായിരുന്നു.
മരിച്ച മൂന്ന് പേരുടെയും വിവിധ പരിശോധനഫലങ്ങള്‍ വന്നാല്‍ മാത്രമേ യഥാര്‍ഥ മരണകാരണം അറിയുകയുള്ളൂവെന്നാണ് പോലീസ് പറയുന്നത്. എഡ്വേര്‍ഡിന്റെ വീട്ടില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. സംശയങ്ങളും മറ്റു ചില അസ്വാരസ്യങ്ങളുമാണ് കൃത്യത്തിലേക്ക് നയിച്ചതെന്നാണ് കുറിപ്പില്‍ എഴുതിയിരുന്നത്. എന്നാല്‍ എഡ്വേര്‍ഡ് രക്ഷപ്പെട്ടതിനാല്‍ ഇയാളെ വിശദമായി ചോദ്യംചെയ്യാനാണ് പോലീസിന്റെ നീക്കം.
കേരളപുരം ഇടവട്ടം പൂജപ്പുര ക്ഷേത്രത്തിനുസമീപം വാടകയ്ക്കാണ് എഡ്വേര്‍ഡും കുടുംബവും താമസിച്ചിരുന്നത്. കുണ്ടറ മുക്കട രാജാ മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരനായിരുന്നു എഡ്വേര്‍ഡ്. ആരവിന് കുടലില്‍ തകരാറുണ്ടായിരുന്നു. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കുശേഷം കുടുംബം വാടകവീട്ടിലെത്തിയില്ല. വര്‍ഷയും കുട്ടികളും മുഖത്തലയിലെ വര്‍ഷയുടെ കുടുംബവീട്ടിലായിരുന്നു.
രണ്ടു ദിവസം മുന്‍പ് എഡ്വേര്‍ഡ് കുട്ടികളെ കേരളപുരത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ചൊവ്വാഴ്ച രാവിലെ ഭാര്യവീട്ടിലെത്തിയ എഡ്വേര്‍ഡ് വര്‍ഷയെ നിര്‍ബന്ധിച്ച് കേരളപുരത്തേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു.
വര്‍ഷ വീട്ടിലെത്തിയതു മുതല്‍ ഇരുവരും തമ്മില്‍ വഴക്കു നടന്നിരുന്നതായി അയല്‍ക്കാര്‍ പറയുന്നു. സമീപത്തെ രാഷ്ട്രീയപ്രവര്‍ത്തകനെ വിളിച്ചുവരുത്തി ഇവരുടെ ബന്ധുവിന്റെ ഫോണ്‍ നമ്പര്‍ നല്‍കി വിവരമറിയിക്കണമെന്ന് പറഞ്ഞിരുന്നു. വൈകീട്ട് നാലരയോടെ അയല്‍വാസി ഇവര്‍ക്ക് പാലു വാങ്ങി നല്‍കി. എഡ്വേര്‍ഡ് എത്തി പാലു വാങ്ങി അകത്തേക്കു പോയി. അഞ്ചരയോടെ സ്ഥലത്തെത്തിയ ബന്ധു വിളിച്ചെങ്കിലും ആരും പ്രതികരിച്ചില്ല. ഒടുവില്‍ പൂട്ടിയിട്ട ഗേറ്റ് ചാടിക്കടന്ന് നടത്തിയ പരിശോധനയിലാണ് ആത്മഹത്യാശ്രമം കണ്ടെത്തിയത്.
അലൈന്‍, ആരവ് എന്നിവരെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന വര്‍ഷയെയും എഡ്വേര്‍ഡിനെയും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വര്‍ഷയും മരിച്ചു. 10 മാസംമുന്‍പാണ് കുടുംബം കേരളപുരത്ത് താമസമാക്കിയത്. ഇതിന് മുമ്പ് കുടുംബകലഹങ്ങളോ സാമ്പത്തിക ബുദ്ധിമുട്ടുകളോ ഇല്ലായിരുന്നെന്നാണ് അയല്‍ക്കാരും പറയുന്നത്.

Related Articles

Back to top button