കൊച്ചി: തൃപ്പുണിത്തുറ വടക്കേ കോട്ടയിലുണ്ടായ വാഹനപകടത്തില്‍ യുവതി മരിക്കാനിടയായ സംഭവത്തില്‍ ബൈക്ക് ഓടിച്ചിരുന്ന യുവാവിന്റെ ലൈസന്‍സ് റദ്ദാക്കി. കാവ്യയുടെ സ്‌കൂട്ടറില്‍ അമിത വേഗത്തിലെത്തിയ കാഞ്ഞിരമറ്റം സ്വദേശി കെ.എന്‍. വിഷ്ണുവിന്റെ ബൈക്ക് ഇടിക്കുകയായിരുന്നു. ലൈസന്‍സ് റദ്ദാക്കുന്ന നടപടി സംസ്ഥാനത്ത് അത്യപൂര്‍വമാണ്. സാധാരണയായി ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയാണ് പതിവ്.
നവംബര്‍ 17നായിരുന്നു സംഭവം. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഉദയം പേരൂര്‍ സ്വദേശിനിയായ കാവ്യ എന്ന വീട്ടമ്മയാണ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്. കാവ്യ എറണാകുളത്തേക്ക് വരുന്ന വഴി പിന്നാലെ അമിതവേഗത്തില്‍ അശ്രദ്ധമായെത്തിയ വിഷ്ണുവിന്റെ ബൈക്ക് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. നിരത്തില്‍ വീണ കാവ്യയുടെ ശരീരത്തില്‍ പിന്നാലെ എത്തിയ സ്വകാര്യ ബസും ഇടിച്ചു.
അന്വേഷണത്തില്‍ വിഷ്ണുവിന്റെ അശ്രദ്ധമായ ഡ്രൈവിങ് ആണ് അപകടത്തിന് കാരണമാക്കിയത് എന്ന് വ്യക്തമായിരുന്നു. ഇയാള്‍ തുടര്‍ന്നും വാഹനമോടിച്ചാല്‍ പൊതുജനങ്ങള്‍ക്കും റോഡിലിറങ്ങുന്നവര്‍ക്കും അപകടത്തിന് കാരണത്തിനടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് തൃപ്പുണിത്തുറ ജോയിന്റ് ആര്‍.ടി.ഒ. വിഷ്ണുവിന്റെ ലൈസന്‍സ് റദ്ദാക്കിയിരിക്കുന്നത്. ഇതുകൂടാതെ, കാവ്യയെ ഇടിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. നിശ്ചിത അകലം പാലിക്കാതെയായിരുന്നു ബസ് വന്നത്.