സോള്‍: പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ 16 വര്‍ഷങ്ങള്‍ക്ക് ശേഷം നാടകീയമായ സംഭവത്തിന്റെ ചുരുളഴിച്ച് ദക്ഷിണ കൊറിയന്‍ പോലീസ്. സുഹൃത്തായ യുവാവ് പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയും മൃതദേഹം അപ്പാര്‍ട്മെന്റിലെ ബാല്‍ക്കണിയില്‍ സിമന്റ് ഉപയോഗിച്ച് മറവുചെയ്യുകയുമായിരുന്നെന്ന് പോലീസ് കണ്ടെത്തി. കേസില്‍ പ്രതിയായ അമ്പതുകാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പെണ്‍കുട്ടിയുടെ കൊലപാതകം വര്‍ഷങ്ങളായി പുറത്തറിഞ്ഞിരുന്നില്ല. പെണ്‍കുട്ടിയെ കാണാതായ സംഭവം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതെന്ന് കൊറിയ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.ബാല്‍ക്കണിയിലെ ചോര്‍ച്ച നന്നാക്കുന്നതിനായി എത്തിയ ഒരു നിര്‍മ്മാണ തൊഴിലാളി ഒരു ട്രാവല്‍ സ്യൂട്ട്‌കേസ് കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. കോണ്‍ക്രീറ്റിലും ഇഷ്ടികയിലും പൊതിഞ്ഞ നിലയിലായിരുന്നു സ്യൂട്ട്‌കേസ്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഫോറന്‍സിക് പരിശോധനകളുടെ അടിസ്ഥാനത്തില്‍ മരിച്ച പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞു.
പിന്നാലെ പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതായി ആണ്‍സുഹൃത്ത് സമ്മതിച്ചു. പെണ്‍കുട്ടിയുമായി ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും മൂര്‍ച്ചയുള്ള വസ്തു ഉപയോഗിച്ച് തലയിലും മുഖത്തും അടിക്കുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. ശേഷം മൃതദേഹം ഒരു സ്യൂട്ട്കേസിലാക്കി സിമന്റും ഇഷ്ടികയും ഉപയോഗിച്ച് ബാല്‍ക്കണിയില്‍ കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു.
2008-ഒക്ടോബറിലാണ് സംഭവം നടന്നത്. കേസുമായി ബന്ധപ്പെട്ട് 2011-ല്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ആണ്‍സുഹൃത്തിനെ സംശയിച്ചിരുന്നെങ്കിലും തെളിവുകളുടെ അഭാവം കേസ് മുന്നോട്ടുപോകുന്നതിന് തിരിച്ചടിയായി. പെണ്‍കുട്ടിയുമായി തര്‍ക്കമുണ്ടായിരുന്നുവെന്നും തങ്ങള്‍ തമ്മില്‍ വേര്‍പിരിഞ്ഞുവെന്നുമാണ് അന്ന് ഇയാള്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളോട് പറഞ്ഞത്. കുടുംബം ഏറെ അന്വേഷിച്ചെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായിരുന്നില്ല.
2017 വരെ ഇയാള്‍ അപാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്നു. പിന്നീട് മയക്കുമരുന്ന് കേസില്‍പ്പെട്ട് ജയിലിലായി. ശേഷം അപാര്‍ട്ട്‌മെന്റിന്റെ ഉടമ ഇയാളുടെ മുറി സാധനങ്ങള്‍ സൂക്ഷിക്കാനായി ഉപയോഗിച്ചുവരുകയായിരുന്നു.
68 1 minute read