ബെംഗളൂരു: രാത്രി നടുറോഡില്‍ യുവതിയോട് മോശമായി പെരുമാറിയ യുവാവിനെ നാട്ടുകാര്‍ കൈകാര്യംചെയ്തു. യുവതി പരാതി നല്‍കാന്‍ വിസമ്മതിച്ചതോടെ യുവാവിനെ മര്‍ദിച്ചവര്‍ അറസ്റ്റിലായി. ബെംഗളൂരുവില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
രാത്രി പത്തുമണിയോടെ വീട്ടില്‍നിന്ന് പാല് വാങ്ങാനായി പോയ യുവതിക്ക് നേരേയാണ് അതിക്രമമുണ്ടായത്. ധാര്‍വാഡ് സ്വദേശിയും ബെംഗളൂരുവിലെ ഹോട്ടലില്‍ പാചകക്കാരനുമായ രവികുമാര്‍(33) ആണ് യുവതിയെ ഉപദ്രവിച്ചത്. യുവതിയോട് മോശമായി പെരുമാറിയ ഇയാള്‍ ദേഹത്ത് സ്പര്‍ശിച്ചെന്നായിരുന്നു ആരോപണം. യുവതി ബഹളംവെച്ചതോടെ സമീപത്തുണ്ടായിരുന്ന ചിലര്‍ ഓടിയെത്തി. തുടര്‍ന്ന് രവികുമാറിനെ പിടിച്ചുവെയ്ക്കുകയും റോഡിലിട്ട് മര്‍ദിക്കുകയുമായിരുന്നു. അതിക്രമം നേരിട്ട യുവതി ഇതിനിടെ സ്ഥലത്തുനിന്ന് പോവുകയുംചെയ്തു.
രവികുമാറിനെ മര്‍ദിച്ചവശനാക്കിയശേഷം ഓട്ടോറിക്ഷയില്‍ കയറ്റി വീട്ടിലേക്ക് വിടാനായിരുന്നു യുവാക്കളുടെ ശ്രമം. ഇതിനിടെ പോലീസ് സംഘം വിവരമറിഞ്ഞ് സ്ഥലത്തെത്തുകയും ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. മദ്യലഹരിയിലാണ് ഇയാള്‍ യുവതിക്ക് നേരേ അതിക്രമം കാട്ടിയതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, യുവതി പരാതി നല്‍കാന്‍ തയ്യാറായില്ലെന്നും അതിനാല്‍ രവികുമാറിന് ചികിത്സയ്ക്ക്ശേഷം ആശുപത്രിയില്‍നിന്ന് വിടുതല്‍ നല്‍കിയെന്നും പോലീസ് പറഞ്ഞു. അതേസമയം, ആശുപത്രി വിട്ടതിന് പിന്നാലെ തന്നെ മര്‍ദിച്ചതില്‍ രവികുമാര്‍ പോലീസിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഈ പരാതിയില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
57 Less than a minute