KERALALATEST

യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയ കേസെടുത്തു

കൊച്ചി: ഷോപ്പിംഗ് മാളില്‍ യുവനടിയെ രണ്ടു ചെറുപ്പക്കാര്‍ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയ കേസെടുത്തു. നടപടി സ്വീകരിക്കണമെന്നും സിസിടിവി ദൃശ്യങ്ങള്‍ എത്രയും വേഗം ഹാജരാക്കണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ പോലീസിന് നിര്‍ദേശം നല്‍കി. ഭയപ്പെടാതെ ഉടന്‍ പ്രതികരിക്കാന്‍ സ്ത്രീകള്‍ തയാറാകണമെന്നും നടിയെ നേരില്‍ കണ്ട് വിശദാംശങ്ങള്‍ ചോദിച്ചറിയുമെന്നും ജോസഫൈന്‍ വ്യക്തമാക്കി.

കൊച്ചിയിലെ പ്രമുഖ ഷോപ്പിംഗ് മാളില്‍ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. നടി തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റ്ഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചത്. കുടുംബത്തോടൊപ്പം ഷോപ്പിംഗ് നടത്തുമ്പോഴാണ് ദുരനുഭവം ഉണ്ടായതെന്ന് പറയുന്നു. രണ്ട് ചെറുപ്പക്കാര്‍ തന്നെ കടന്നുപിടിക്കുകയായിരുന്നു. അവര്‍ അപ്പോള്‍ തന്നെ അവിടെനിന്നും കടന്നുകളഞ്ഞു. തന്റെ സഹോദരി ഇതുകണ്ടെന്നും ഇവര്‍ പറയുന്നു.

ഈ ചെറുപ്പക്കാര്‍ തങ്ങളെ ഹൈപ്പര്‍മാര്‍ക്കറ്റില്‍വച്ചും പിന്തുടര്‍ന്നു. സംസാരിക്കാനും ശ്രമിച്ചു. എന്നാല്‍ അപ്പോള്‍ പ്രതികരിക്കാന്‍ കഴിഞ്ഞില്ല. ഇത്തരക്കാരുടെ മുഖത്തടിക്കുകയാണ് വേണ്ടതെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ പറയുന്നു. സംഭവത്തില്‍ ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. പരാതി നല്‍കാന്‍ ആലോചനയുണ്ടെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Back to top button