KERALABREAKING NEWSLATEST

യുവനടിയെ അപമാനിച്ച സംഭവം,പ്രതികള്‍ മാളിനുള്ളില്‍ കടന്നത് കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച്,ചിത്രം പുറത്തുവിടാനൊരുങ്ങി പോലീസ്

കൊച്ചി ഇടപ്പള്ളി ലുലുമാളിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടിയെ അപമാനിച്ച സംഭവത്തിലെ പ്രതികളുടെ ചിത്രങ്ങള്‍ പുറത്തു വിടാനൊരുങ്ങി പൊലീസ്. ഇവര്‍ പ്രവേശന കവാടത്തില്‍ ഫോണ്‍ നമ്പര്‍ നല്‍കാതെ കബളിപ്പിച്ച് അകത്തു കടന്നതിനാല്‍ അതു വഴിയുള്ള അന്വേഷണവും മുടങ്ങിയതോടെയാണ് ചിത്രങ്ങള്‍ പുറത്തു വിടാന്‍ ഒരുങ്ങുന്നത്. പ്രതികളുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സിസിടിവിയില്‍ നിന്നു പൊലീസിനു ലഭിച്ചിരുന്നു എന്നതിനാല്‍ അന്വേഷിച്ച് കണ്ടെത്താനാകുമെന്നായിരുന്നു പ്രതീക്ഷ. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ കൂടി നിര്‍ദേശം ആരാഞ്ഞ ശേഷമായിരിക്കും ചിത്രങ്ങള്‍ പുറത്തു വിടുകയെന്ന് കളമശേരി സിഐ സന്തോഷ് പറഞ്ഞു. പ്രതികള്‍ മെട്രോ ട്രെയിനില്‍ മാളിലെത്തിയെന്നാണ് പൊലീസ് കണ്ടെത്തല്‍. ആലുവ മുട്ടം ജങ്ഷനില്‍ നിന്ന് കയറിയ ഇവര്‍ തിരികെ പോയതും മുട്ടം ജങ്ഷനില്‍ ഇറങ്ങിയാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായിട്ടുണ്ട്.

നടിയെ ഉപദ്രവിച്ചത് അധികം പ്രായമാകാത്ത രണ്ടു പേര്‍ ആണെന്നാണ് പൊലീസ് തിരിച്ചറിഞ്ഞത്. ഇവര്‍ പ്രായപൂര്‍ത്തി ആയിട്ടില്ലാത്തവര്‍ ആണെങ്കിലൊ എന്നു സംശയിക്കുന്നതിനാല്‍ ചിത്രങ്ങള്‍ പുറത്തു വിടാതിരിക്കാനായിരുന്നു പൊലീസ് തീരുമാനം. എന്നാല്‍ സംഭവം പുറത്തു വന്ന് ഒരു ദിവസം പിന്നിട്ടിട്ടും അന്വേഷണം മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കാതെ വന്നതോടെ കടുത്ത സമ്മര്‍ദത്തില്‍ ആയിരിക്കുകയാണ് പൊലീസ്. ഇതിനിടെ വനിതാ കമ്മിഷനും യുവജന കമ്മിഷനും പൊലീസിനോടു റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചിത്രങ്ങള്‍ പുറത്തു വിടാനുള്ള പൊലീസ് തീരുമാനം.

പ്രതികള്‍ മാളിനുള്ളില്‍ കടക്കുമ്പോള്‍ പ്രവേശന കവാടത്തില്‍ ഫോണ്‍ നമ്പരും പേരും നല്‍കുന്നതിനു പകരം മറ്റൊരാളുടെ കൂടെ വന്നതാണെന്ന് സെക്യൂരിറ്റിയെ തെറ്റിദ്ധരിപ്പിച്ചാണ് അകത്തു കടന്നത്. ഇതിലൂടെ പ്രതികള്‍ മനപ്പൂര്‍വം ദുരുദ്ദേശത്തോടെ മാളിനുള്ളില്‍ കടന്നു എന്നു തന്നെയാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. പ്രതികള്‍ മനപ്പൂര്‍വം ക്രിമിനല്‍ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടെന്നു വ്യക്തമായ സാഹചര്യത്തില്‍ ഇവരെ തിരിച്ചറിയുന്നതിന് ചിത്രങ്ങള്‍ പുറത്തു വിടുന്നതില്‍ സാങ്കേതിക തടസങ്ങള്‍ ഇല്ലെന്നാണ് വിലയിരുത്തല്‍.

മാളില്‍ വ്യാഴാഴ്ച കുടുംബത്തോടൊപ്പം ഷോപ്പിങ്ങിനെത്തിയ യുവനടിക്കു നേരെയാണ് പ്രതികളുടെ കയ്യേറ്റമുണ്ടായത്. ആള്‍ത്തിരക്കില്ലാത്തിടത്തു വച്ച് ഇരുവരും മനപ്പൂര്‍വം നടിയുടെ ശരീരത്ത് സ്പര്‍ശിച്ച് കടന്നു പോകുകയും പിന്തുടരുകയും ചെയ്‌തെന്നാണ് വെളിപ്പെടുത്തല്‍. പിന്നീട് ഇവര്‍ പണമടയ്ക്കാനുള്ള കൗണ്ടറില്‍ നില്‍ക്കുമ്പോഴും അടുത്തു വന്ന് സംസാരിക്കാന്‍ ശ്രമിക്കുകയും അപമാനിക്കുകയും ചെയ്‌തെന്നും നടി ഒച്ചയെടുത്തതോടെ ഇവര്‍ സ്ഥലത്തു നിന്ന് കടന്നു കളഞ്ഞെന്നും നടി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതു സംബന്ധിച്ച വിവരം അറിഞ്ഞ ഉടന്‍ ഐജി വിജയ് സാഖറെ ലോക്കല്‍ പൊലീസിനോട് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. സിനിമയുടെ തിരക്കുകള്‍ ഉള്ളതിനാല്‍ നടി പരാതി നല്‍കിയില്ലെങ്കിലും മാതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related Articles

Back to top button