മുംബൈ: മഹാരാഷ്ട്രയില്‍ റിയല്‍ എസ്റ്റേറ്റ് ഏജന്റിനെ കബളിപ്പിച്ച് കോടികളുടെ തട്ടിപ്പ്. മൂന്നുപേര്‍ ചേര്‍ന്ന് തന്റെ പേരില്‍ 383 കോടി രൂപയുടെ അനധികൃത പണമിടപാട് നടത്തിയെന്നാണ് റിയല്‍ എസ്റ്റേറ്റ് ഏജന്റായ യുവാവിന്റെ പരാതി. താനെ ജില്ലയില്‍ നടന്ന സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത്.
2022 മേയില്‍ ജോലി വാഗ്ദാനവുമായി പ്രതികളായ മൂന്നുപേര്‍ തന്നെ കാണാന്‍ വന്നിരുന്നെന്നും തന്റെ പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് നമ്പരുകള്‍ ഇവര്‍ കൈക്കലാക്കിയെന്നുമാണ് പരാതിക്കാരന്‍ പറയുന്നത്. തിരിച്ചറിയല്‍ രേഖകളിലെ വിവരങ്ങള്‍ ഉപയോഗിച്ച് പരാതിക്കാരന്റെ പേരില്‍ വ്യാജ ബാങ്ക് അക്കൗണ്ട് ഉണ്ടാക്കിയശേഷം ഇയാളുടെ ഫോണ്‍ നമ്പറും ഇ-മെയില്‍ വിലാസവും ബന്ധിപ്പിച്ച് സാങ്കല്‍പിക ഷെല്‍ കമ്പനികള്‍ ആരംഭിക്കുകയും ചെയ്തു.
ഈ ബാങ്ക് അക്കൗണ്ടും ഷെല്‍ കമ്പനികളും ഉപയോഗിച്ച് 2023 മേയ് വരെ 383 കോടി രൂപയുടെ അനധികൃത ഇടപാടുകള്‍ നടത്തുകയായിരുന്നു. ബാങ്കില്‍നിന്ന് നോട്ടീസ് ലഭിച്ചപ്പോഴാണ് തന്റെ പേരില്‍ നടന്ന വന്‍ തട്ടിപ്പ് 34-കാരനായ യുവാവ് അറിയുന്നത്.
തുടര്‍ന്ന് ഇയാള്‍ താനെയിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തില്‍ പരാതി നല്‍കി. ദീപക് ശുക്ല, രാഹുല്‍ പട്വ, ചേതന്‍ കാഡെ എന്നിവര്‍ക്കെതിരേയാണ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, കേസില്‍ ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
66 1 minute read