BREAKING NEWSFOOTBALLSPORTS

യുവേഫ നേഷന്‍സ് ലീഗ് കിരീടം ഫ്രാന്‍സിന്; സ്‌പെയിനെ 2–1ന് തോല്‍പ്പിച്ചു

മിലാന്‍ (ഇറ്റലി): പൊരുതിക്കളിച്ച സ്‌പെയിനിന്റെ യുവനിരയെ പിന്നില്‍നിന്നും തിരിച്ചടിച്ച് വീഴ്ത്തി ലോക ചാംപ്യന്‍മാരായ ഫ്രാന്‍സിന് യുവേഫ നേഷന്‍സ് ലീഗ് കിരീടം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഫ്രാന്‍സ് സ്‌പെയിനെ വീഴ്ത്തിയത്. രണ്ടാം പകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്. 64–ാം മിനിറ്റില്‍ മൈക്കല്‍ ഒയാര്‍സബാള്‍ നേടിയ ഗോളില്‍ മുന്നിലെത്തിയ സ്‌പെയിനെ, കരിം ബെന്‍സേമ (66), കിലിയന്‍ എംബപ്പെ (80) എന്നിവരുടെ ഗോളുകളിലാണ് ഫ്രാന്‍സ് വീഴ്ത്തിയത്. ഈ കിരീട വിജയത്തോടെ ഫിഫ ലോകകപ്പ്, യൂറോ കപ്പ്, യുവേഫ നേഷന്‍സ് ലീഗ് കിരീടങ്ങള്‍ ചൂടുന്ന ആദ്യ ടീമായി ഫ്രാന്‍സ് മാറി. പ്രഥമ യുവേഫ നേഷന്‍സ് ലീഗ് 2019ല്‍ പോര്‍ച്ചുഗലാണ് ജയിച്ചത്.
സെമിയില്‍ കരുത്തരായ ബല്‍ജിയത്തെ പിന്നില്‍നിന്നും തിരിച്ചടിച്ചു തോല്‍പ്പിച്ച ഫ്രാന്‍സ്, തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സമാനമായ രീതിയിലാണ് വിജയവും കിരീടവും സ്വന്തമാക്കിയത്. സെമിയില്‍ ആദ്യ പകുതിയില്‍ 2–0ന് പിന്നിലായിരുന്ന ഫ്രാന്‍സ് രണ്ടാം പകുതിയില്‍ മൂന്നു ഗോള്‍ തിരിച്ചടിച്ചാണ് ജയിച്ചതെങ്കില്‍, ഇത്തവണ 1–0ന് പിന്നില്‍ നില്‍ക്കെ രണ്ടു ഗോള്‍ തിരിച്ചടിച്ച് വിജയവും കിരീടവും സ്വന്തമാക്കി. ക്യാപ്റ്റന്‍ കൂടിയായ ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസിന്റെ നിര്‍ണായക സേവുകളും ഫൈനല്‍ വിജയത്തില്‍ ഫ്രാന്‍സിനു തുണയായി.
ആദ്യത്തെ ഒരു മണിക്കൂറോളം പൊതുവേ വിരസമായിരുന്ന മത്സരം, 64–ാം മിനിറ്റില്‍ ഒയാര്‍സബാള്‍ നേടിയ ഗോളോടെയാണ് ചൂടുപിടിച്ചത്. 64–ാം മിനിറ്റില്‍ ഫ്രഞ്ച് താരം തിയോ ഹെര്‍ണാണ്ടസിന്റെ കരുത്തുറ്റ ഷോട്ട് ക്രോസ് ബാറില്‍ത്തട്ടി തെറിച്ചതിനു തൊട്ടുപിന്നാലെയാണ് ഫ്രഞ്ച് പടയുടെ വേദന വര്‍ധിപ്പിച്ച് ഒയാര്‍സബാളിലൂടെ സ്‌പെയിന്‍ ലീഡ് നേടിയത്. ക്യാപ്റ്റന്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ് നല്‍കിയ പന്ത് ഫ്രഞ്ച് ഡിഫന്‍ഡറെ ഓടിത്തോല്‍പ്പിച്ച് വരുതിയിലാക്കി ഒയാര്‍സബാള്‍ വലയിലേക്കു പായിക്കുകയായിരുന്നു. സ്‌കോര്‍ 1–0.
സ്‌പെയിനിന്റെ ലീഡിന് ആകെയുണ്ടായിരുന്നത് രണ്ടു മിനിറ്റിന്റെ ആയുസ്. ബോക്‌സിനു തൊട്ടുവെളിയില്‍ ലഭിച്ച പന്ത് രണ്ടു ചുവടു മുന്നോട്ടുവച്ച് കരിം ബെന്‍സേമ വലയിലേക്കു തൊടുത്തു. മഴവില്ലഴകോടെ ചാഞ്ഞിറങ്ങിയ പന്തിലേക്ക് സ്പാനിഷ് ഗോള്‍ കീപ്പര്‍ ഉനായ് സൈമണ്‍ ഉയര്‍ന്നുചാടിയെങ്കിലും ഫലമുണ്ടായില്ല. കയ്യില്‍ത്തട്ടിയ പന്ത് ചെറുതായി ഗതിമാറി വലയില്‍ കയറി. സ്‌കോര്‍ 1–1.
ഇടയ്ക്ക് ചില സുവര്‍ണാവസരങ്ങള്‍ പാഴാക്കി മത്സരത്തിലെ വില്ലനാകുമോയെന്ന് ആരാധകര്‍ സംശയിച്ച കിലിയന്‍ എംബപ്പെയുടെ അവസരമായിരുന്നു അടുത്തത്. 80–ാം മിനിറ്റില്‍ തിയോ ഹെര്‍ണാണ്ടസ് നല്‍കിയ ത്രൂബോള്‍ എംബപ്പെ ഓടിപ്പിടിക്കുമ്പോള്‍ മുന്നില്‍ ഗോള്‍കീപ്പര്‍ സൈമണ്‍ മാത്രം. പന്തില്‍ ഒന്നുരണ്ടു ചുവടുവച്ച് ഗോള്‍കീപ്പറെ കബളിപ്പിച്ച എംബപ്പെ, അനായാസം ലക്ഷ്യം കണ്ടു. സ്പാനിഷ് താരങ്ങള്‍ എംബപ്പെ ഓഫ് സൈഡാണെന്ന് വാദിച്ചെങ്കിലും അതും വിഫലമായി. സ്‌കോര്‍ 2–1.
കലാശപ്പോരാട്ടത്തിനു മുന്നോടിയായി നടന്ന ലൂസേഴ്‌സ് ഫൈനലില്‍ ബല്‍ജിയത്തെ തോല്‍പ്പിച്ച് ഇറ്റലി മൂന്നാം സ്ഥാനം നേടി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇറ്റലിയുടെ വിജയം. നിക്കോളോ ബാരെല്ല (46), ഡൊമിനിക്കോ ബെറാര്‍ഡി (65, പെനല്‍റ്റി) എന്നിവരാണ് ഇറ്റലിക്കായി ഗോള്‍ നേടിയത്. ബല്‍ജിയത്തിന്റെ ആശ്വാസഗോള്‍ 86–ാം മിനിറ്റില്‍ ചാള്‍സ് ഡി കെറ്റെലീറെ നേടി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker