BREAKINGKERALA
Trending

യുവ നടിയുടെ പരാതി: നടന്‍ സിദ്ദിഖിനെതിരെ ബലാത്സംഗക്കേസ് എടുത്ത് പൊലീസ്

തിരുവനന്തപുരം: നടന്‍ സിദ്ദിഖിനെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തി മ്യൂസിയം പൊലീസ് കേസെടുത്തു. യുവ നടിയുടെ പരാതിയിലാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 376, 506 വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തത്. 2016 തലസ്ഥാനത്തെ ഹോട്ടലില്‍വച്ച് തന്നെ പീഡിപ്പിച്ചതായാണ് യുവനടി വെളിപ്പെടുത്തിയത്. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ‘അമ്മ’ സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചിരുന്നു.
നടന്‍ സിദ്ദിഖ് ഉപദ്രവിച്ചെന്നും പല സുഹൃത്തുക്കള്‍ക്കും സിദ്ദിഖില്‍ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നുമായിരുന്നു നടിയുടെ ആരോപണം. ‘പ്ലസ് ടു കഴിഞ്ഞ സമയത്ത് സമൂഹമാധ്യമം വഴി ബന്ധപ്പെട്ടിരുന്നു. പിന്നീട് ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ് മാസ്‌കറ്റ് ഹോട്ടലില്‍ ചര്‍ച്ചയ്ക്കു വിളിച്ചു. അന്ന് എനിക്ക് 21 വയസ്സാണ്. അവിടെ ചെന്നപ്പോഴാണ് ലൈംഗികമായി ഉപദ്രവിച്ചത്. അയാളെന്നെ പൂട്ടിയിട്ടു. അവിടെനിന്നു രക്ഷപ്പെടുകയായിരുന്നു’നടി പറഞ്ഞു. 2019 ല്‍ തന്നെ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ടെന്നും സിനിമയില്‍നിന്നു മാറ്റിനിര്‍ത്തിയതിനാല്‍ ഇപ്പോള്‍ ഒന്നും നഷ്ടപ്പെടാനില്ലാത്തതുകൊണ്ടാണ് സധൈര്യം തുറന്നുപറയുന്നതെന്നും നടി വ്യക്തമാക്കിയിരുന്നു.
376 വകുപ്പ് അനുസരിച്ച് ബലാല്‍സംഗത്തിന് പത്തു വര്‍ഷത്തില്‍ കുറയാത്തത്തും ജീവപര്യന്തംവരെ നീണ്ടേക്കാവുന്നതുമായ തടവും പിഴയും ശിക്ഷ ലഭിക്കും. 506 അനുസരിച്ച് ഭീഷണിപ്പെടുത്തലിന് രണ്ടുവര്‍ഷംവരെ തടവോ പിഴയോ രണ്ടുകൂടിയ ശിക്ഷയോ ലഭിക്കും.

Related Articles

Back to top button