വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് രണ്ടാഴ്ചമാത്രം ശേഷിക്കേ, അഭിപ്രായസര്‍വേയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമലാ ഹാരിസ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെക്കാള്‍ മുന്നില്‍.
റോയിട്ടേഴ്സും ഇപ്സോസും ചേര്‍ന്ന് നടത്തിയ ഏറ്റവും പുതിയ അഭിപ്രായവോട്ടില്‍ കമലയ്ക്ക് 46 ശതമാനം പിന്തുണകിട്ടി. 43 ശതമാനം പേരാണ് ട്രംപിനെ പിന്തുണച്ചത്. ആറുദിവസം നീണ്ട സര്‍വേ തിങ്കളാഴ്ചയാണ് അവസാനിച്ചത്. ഒരാഴ്ച മുന്‍പത്തെ സര്‍വേയില്‍ 45 ശതമാനം പേരാണ് കമലയെ അനുകൂലിച്ചിരുന്നത്. 42 പേര്‍ ട്രംപിനെയും.
തിരഞ്ഞെടുപ്പുതീയതി അടുത്തിരിക്കേ പല സംസ്ഥാനത്തും ഇരുവരും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. സാമ്പത്തികപ്രതിസന്ധി, കുടിയേറ്റം, ജനാധിപത്യം നേരിടുന്ന അപചയം എന്നിവയാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളെന്നാണ് വോട്ടര്‍മാരുടെ അഭിപ്രായം. ജീവിതച്ചെലവിലെ വര്‍ധനയെക്കുറിച്ച് 70 ശതമാനം വോട്ടര്‍മാര്‍ ആശങ്കപ്പെട്ടു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തെറ്റായ ദിശയിലേക്ക് നീങ്ങുകയാണെന്ന് 60 ശതമാനം വോട്ടര്‍മാര്‍ പറഞ്ഞു. കുടിയേറ്റപ്രശ്‌നങ്ങളെക്കുറിച്ചുള്ള ആശങ്ക 65 ശതമാനം വോട്ടര്‍മാര്‍ പങ്കുവെച്ചു. സമ്പദ്‌വ്യവസ്ഥയെ കരകയറ്റാനും കുടിയേറ്റം തടയാനും ട്രംപ് അധികാരത്തില്‍വരണമെന്നാണ് ഭൂരിപക്ഷാഭിപ്രായം.
81 Less than a minute