ഷാജില്‍ അന്ത്രു
യൂ കെ യുടെ പുതിയ രാഷ്ട്രീയപിറവി യുടെ മാസമായിരുന്നു ജൂലൈ 2024 . പൊതുവില്‍ center-left ( സെന്‍ട്രല്‍ ലെഫ്റ്റ് ) എന്നറിയപ്പെടുന്ന ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നു.
മധ്യ-ഇടതുപക്ഷ ലേബര്‍ പാര്‍ട്ടിക്ക് പാര്‍ലമെന്ററില്‍ ഭൂരിപക്ഷം നല്‍കാനുള്ള യുണൈറ്റഡ് കിംഗ്ഡത്തിന്റെ തീരുമാനം വരുന്നത് യൂറോപ്പില്‍ വ്യാപകമായി വലതുപക്ഷ ശക്തികള്‍ പിടിമുറുക്കുന്ന സാഹചര്യത്തിനിടയിലാണ്. അക്ഷരാര്‍ത്ഥത്തില്‍ ഇത് ഞെട്ടിച്ചത് യൂ.കെ യെ മാത്രമല്ല. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് യൂറോപ്യന്‍ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ കടുത്ത വലതുപക്ഷ പാര്‍ട്ടികളില്‍ നിന്നും തീവ്ര വലതുപക്ഷ പാര്‍ട്ടികളില്‍ നിന്നുമുള്ളവര്‍ പല പാര്‍ലമെന്റുകളിലേക്കും തിരഞ്ഞെടുക്കപ്പെടുന്ന പ്രവണത ദൃശ്യമായിരുന്നു.
മന്ദഗതിയിലുള്ള സമ്പദ്വ്യവസ്ഥ, വര്‍ദ്ധമാനമാകുന്ന കുടിയേറ്റം, ഉയരുന്ന ഊര്‍ജ്ജ വില എന്നിവയാല്‍ നിരവധി യൂറോപ്യന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ കഷ്ടപ്പെടുന്നു എന്ന യാഥാര്‍ഥ്യവും നിലനില്‍ക്കുകയാണ്. അതിനിടയിലാണ് മധ്യ-ഇടതുപക്ഷ ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ വരുന്നത്. സ്വാഭാവികമായും അവരെ ഭരണം നടത്താന്‍ അനുവദിക്കാതിരിക്കുകയെന്നതാകും, വലതുപക്ഷ – തീവ്രവലതുപക്ഷ പാര്‍ട്ടികളുടെ അജണ്ട. അത് നടപ്പിലാക്കാന്‍ തക്കം പാര്‍ത്തിരുന്ന വര്‍ക്ക് ലഭിച്ച ഒരു വലിയ അവസരമായിയിരുന്നു സൗത്ത്‌പോര്‍ട്ട് ആക്രമണത്തില്‍ എല്‍സി ഡോട്ട് സ്റ്റാന്‍കോംബ്, ആലീസ് ഡ സില്‍വ അഗ്വിയര്‍, ബെബെ കിംഗ് എന്നിവര്‍ കൊല്ലപ്പെട്ട സംഭവം.
ജൂലൈ 29 ന്, ടെയ്ലര്‍ സ്വിഫ്റ്റിനെ അടിസ്ഥാനമാക്കിയുള്ള നൃത്ത-യോഗ പരിപാടിയില്‍ കത്തി ആക്രമണത്തിലാണ് ഈ മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടത്. എട്ട് കുട്ടികള്‍ക്കും രണ്ട് മുതിര്‍ന്നവര്‍ക്കും പരിക്കേറ്റു.
പോലീസ് അതിശക്തമായി ഇടപെടുകയും തൊട്ടടുത്ത ദിവസം തന്നെ അടുത്തുള്ള ഗ്രാമത്തില്‍ നിന്ന് കൃത്യം ചെയ്ത ഒരു 17 വയസ്സുകാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.സംഭവത്തിന് തീവ്രവാദവുമായി യാതൊരു ബന്ധവുമില്ലയെന്ന് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. റുവാണ്ടന്‍ മാതാപിതാക്കള്‍ക്ക് വെയില്‍സില്‍ ജനിച്ച ഒരു കൗമാരക്കാരനാണ് ഈ കൊലപാതകങ്ങള്‍ ചെയ്തത് എന്ന് സംശയാതീതമായി വ്യക്തമായി. ആക്രമണം നടത്തിയ അയാള്‍ ബ്രിട്ടനിലാണ് ജനിച്ചതെന്നും ആക്രമണത്തെ തീവ്രവാദമായി പരിഗണിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു
ഇവിടെ നിന്നാണ് ഗൂഢാലോചന ആരംഭിക്കുന്നത്.
2023 ല്‍ ബോട്ടില്‍ യുകെയിലെത്തിയ അഭയാര്‍ത്ഥിയാണെന്ന് സംശയിക്കുന്നയാളാണെന്ന് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ തെറ്റായി പ്രചരിച്ചിപ്പിച്ചു.ഒരു പ്രത്യേക മതവിഭാഗത്തിലെ പേര് ബോധപൂര്‍വം വ്യാപകമായി പ്രചരിച്ചു. കുറ്റവാളി മുസ്ലീമാണെന്ന് അടിസ്ഥാനരഹിതമായ വാര്‍ത്തകളും പ്രചരിപ്പിച്ചു.
അടുത്ത ദിവസം വൈകുന്നേരം സൗത്ത്പോര്‍ട്ടില്‍ ഇരകള്‍ക്കായി സംഘടിപ്പിച്ച യോഗത്തില്‍ ആയിരത്തിലധികം പേര്‍ പങ്കെടുത്തു. തുടര്‍ന്ന് പ്രാദേശികമായ ഒരു ആരാധനാലയത്തിനടുത്ത് ആക്രമണം അഴിച്ചു വിട്ടു.
ആരാധനലായത്തിനും പോലീസിനും നേരെ ആളുകള്‍ ഇഷ്ടികകളും കുപ്പികളും സ്‌ഫോടക വസ്തുക്കളും എറിഞ്ഞു, ഒരു പോലീസ് വാന്‍ കത്തിക്കുകയും ഒട്ടനവധി ഉദ്യോഗസ്ഥരെ പരിക്കേല്‍പ്പിക്കുകയും ചെയ്തു .
മൂന്ന് കുട്ടികളുടെ മരണത്തെ ‘സ്വന്തം രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി’ ഉപയോഗിക്കാന്‍ ‘കൊള്ളക്കാര്‍’ പട്ടണത്തിലേക്ക് യാത്ര ചെയ്തതായി പ്രാദേശിക എംപി പാട്രിക് ഹര്‍ലിക്കിന് പറയേണ്ടി വന്നു.
ഏഷ്യന്‍ ഉടമസ്ഥതയിലുള്ള വ്യാപാരസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള കടകള്‍ നശിപ്പിക്കുകയോ കൊള്ളയടിക്കുകയോ ചെയ്തിട്ടുണ്ട്. ‘തീവ്രവലതുപക്ഷ കൊള്ളക്കാരുടെ’ ഫലമാണ് അക്രമമെന്ന് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. ഏറ്റുമുട്ടലില്‍ ഉള്‍പ്പെട്ടവര്‍ പ്രധാനമായും അവരുടെ പ്രാദേശിക കമ്മ്യൂണിറ്റികള്‍ക്ക് പുറത്തുള്ള തീവ്ര വലതുപക്ഷ പ്രക്ഷോഭകരായിരുന്നു.
ടോമി റോബിന്‍സണ്‍ എന്നറിയപ്പെടുന്ന സ്റ്റീഫന്‍ യാക്സ്ലി-ലെനനെപ്പോലുള്ള ഉയര്‍ന്ന ഇമിഗ്രേഷന്‍ വിരുദ്ധ, മുസ്ലിം വിരുദ്ധ ആക്ടിവിസ്റ്റുകള്‍ ഓണ്‍ലൈനില്‍ പ്രതിഷേധം പ്രോത്സാഹിപ്പിക്കുകയും രാഷ്ട്രീയക്കാരും മാധ്യമങ്ങളും പിരിമുറുക്കങ്ങള്‍ ജ്വലിപ്പിക്കാന്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു.
അതേസമയം കമ്പനികളുടെ സ്വന്തം അല്‍ഗോരിതങ്ങള്‍, തെറ്റായ സന്ദേശങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് ഡയലോഗ് തിങ്ക്-ടാങ്ക് പറഞ്ഞു.
ഒരു YouGov വോട്ടെടുപ്പില്‍, കലാപത്തിനെ സംബന്ധിച്ചു പ്രതികരിച്ചവരില്‍ ഭൂരിഭാഗവും കലാപകാരികള്‍ ബ്രിട്ടന്റെ മൊത്തത്തിലുള്ള വീക്ഷണങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്ന് പറഞ്ഞു. 7% ആളുകള്‍ മാത്രമാണ് അക്രമത്തെ പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞത്.
ഇത്തരം പ്രതിസന്ധി രൂക്ഷമാക്കി മുതലെടുക്കാന്‍ , മധ്യ-ഇടത് സര്‍ക്കാരിനെതിരെ ഒരു വികാരം വളര്‍ത്തിയെടുക്കാന്‍, ലോകത്തിലെ എല്ലാ ഫാസിസ്റ്റു ഭരണകൂടങ്ങളും, തീവ്ര വലത് സംഘങ്ങളും നടത്തുന്ന അതെ മാര്‍ഗം തന്നെയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. കുടിയേറ്റം, അതു കാരണം കുറ്റകൃത്യങ്ങളുടെ വര്‍ദ്ധനവ് എന്ന പ്രചാരണം വഴി ഒരു ധ്ര്യുവീകരണം, രാജ്യസ്‌നേഹത്തിന്റെ കുത്തകാവകാശം ഏറ്റെടുക്കല്‍, അത് വഴി
ദേശസ്നേഹം തീവ്രവാദത്തിന്റെ മൂടുപടമായി ഉപയോഗിക്കുക എന്ന എക്കാലത്തെയും തീവ്ര വലതു പക്ഷ തന്ത്രം. ഈ വിധ വിദ്വേഷ പ്രചാരണത്തിനും അക്രമത്തിനും
സാങ്കേതിക വിദ്യയെ ഉപയോഗിക്കുക എന്നത്
മുമ്പില്ലാത്ത വിധം വ്യാപകമാകുന്നു. സാമൂഹ്യമാധ്യമങ്ങള്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ തീവ്ര വലതുപക്ഷ ആശയങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ തെറ്റായ വിവരങ്ങള്‍ നല്‍കാന്‍ മുന്‍കൈയെടുത്തു എന്നത് ലോകജനതയുടെ മുന്‍പിലെ വര്‍ത്തമാന ഭീഷണിയാണ്. ആടിനെ പട്ടിയാക്കാന്‍ സാമൂഹ്യ മാധ്യമരംഗം കാണിച്ച താത്പര്യം വെറും പാപ്പരാസിയായി തള്ളിക്കളയാന്‍ പറ്റുന്നതല്ല. അത് കൃത്യമായ അജണ്ടയുടെ അടിസ്ഥാനത്തിലാണ്. ലോകത്ത് എവിടെയും തീവ്ര വലുതുപക്ഷത്തിന് ശോഷണം സംഭവിക്കുന്നോ, അവിടെയെല്ലാം അതിചൂഷണ വര്‍ഗ്ഗമായ ഒരു കൂട്ടം ബഹുരാഷ്ട്രകുത്തകകള്‍ക്ക് ഭീഷണിയാകും എന്ന അവരുടെ തിരിച്ചറിവാണ് ഇതിന്റെ പിന്നില്‍.
അതിനിടെ ബി ബി സി യില്‍ നിന്ന് ഞെട്ടിക്കുന്ന ഒരു വാര്‍ത്ത പുറത്തു വന്നു.
ബിബിസി ന്യൂസിലെ പത്രപ്രവര്‍ത്തകര്‍ സാമൂഹ്യമാധ്യമ ദുഷ്പ്രചാര വേലകളില്‍ വന്‍കിട ടെക് കമ്പനികള്‍ എന്താണ് ചെയ്യുന്നതെന്നറിയാന്‍ അവരെ ബന്ധപ്പെടുന്നു, അവര്‍ ഇതിനെക്കുറിച്ച് കണ്ടെത്താന്‍ ശ്രമിക്കുന്നു. പക്ഷെ, ടെക് കമ്പനികള്‍ അതിനെക്കുറിച്ച് പ്രതികരിക്കാന്‍ വിസ്സമ്മിച്ചു എന്നാണ് ബി ബി സി പറയുന്നത്. സന്ദേശമയയ്ക്കല്‍ ആപ്പ് ടെലിഗ്രാം മാത്രമാണ് ഒരു പ്രസ്താവന പുറപ്പെടുവിച്ച ഏക സ്ഥാപനം.
ഇത് ചൂണ്ടിക്കാണിക്കുന്നത്, ഇടത് – ലിബറല്‍ – ശക്തികളെ ദുര്‍ബലപ്പെടുത്തേണ്ട ആവശ്യം യഥാര്‍ത്ഥത്തില്‍ ലോകം നിയന്ത്രിക്കുന്ന ചില വന്‍കിട കുത്തക കമ്പനികള്‍ക്കും , അവരുടേതായി മാറിയ സാമൂഹ്യ മാധ്യമ രംഗത്തെ ഈ കോര്‍പ്പറേറ്റ് ടെക് കമ്പനികള്‍ക്കുമാണെന്നാണ്.
തെരുവുകളില്‍ നടക്കുന്ന അതിക്രമങ്ങളും, അതിന് അവര്‍ ഈ സാമൂഹ്യമാധ്യമ പ്ലാറ്റുഫോമുകള്‍ ഉപയോഗിക്കുന്നതില്‍ സൂക്ഷപരിശോധന നടത്താതിരിക്കുകയും ചെയ്തു കൊണ്ട് നിശബ്ദത പാലിക്കാന്‍ ഈ വന്‍കിട കമ്പനികള്‍ തീരുമാനിച്ചത്, ഈ ടെക് കമ്പനികളുടെ നിഷ്‌കളങ്കതയല്ല. നേരേമറിച്ച്, ഒരു സമൂഹത്തെ അസ്ഥിരപ്പെടുത്താന്‍ ഉപയോഗിക്കപ്പെട്ട ഒരു സംഭവം വക്രീകരിച്ചു, അതിന് വളക്കൂറാകും പോലെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ, ഇത്തരം വന്‍കിടക്കാര്‍ക്ക് മൂലധനവര്‍ദ്ധനവ് ഉണ്ടാകുകയുള്ളൂ എന്നതിനാലാണ്. മാത്രമല്ല ഇവര്‍ ലോകത്തിലെ എല്ലായിടത്തെയും തീവ്രവലതുപക്ഷ പ്രസ്ഥാനങ്ങളുടെയും ആശയങ്ങളുടെയും ഉപജ്ഞാതാക്കളും പ്രയോക്താക്കളുമാണ്.
ഇവിടെ സ്വയം ഏറ്റെടുക്കേണ്ട ഉത്തരവാദിത്തത്തിന്റെ അഭാവം, ഗുരുതരമായ നിയന്ത്രണത്തിന്റെ അഭാവം- ഇവ രണ്ടും – നമ്മുടെ സമൂഹത്തെ ഏത് വിധത്തില്‍ മാറ്റിമറിക്കാം എന്നതിന്റെ ഉത്തമ നിദര്‍ശനമാണ്.
സ്ഥിരതയോടെ- എല്ലാ ജനവിഭാഗങ്ങളെയും ഒന്നിപ്പിച്ചു കൊണ്ട് പോകുന്ന സംവിധാനത്തിന് പകരം, അസ്ഥിരമായ സമൂഹമാണ് കുത്തകകള്‍ക്ക് പ്രയോജനം എന്ന് അവര്‍ കരുതുന്നു. അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നു. അത് തിരിച്ചറിയണമെങ്കില്‍ തീവ്ര വലുതു പക്ഷ സര്‍ക്കാരുകളുടെ കീഴില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രക്ഷോഭങ്ങള്‍ നടക്കുമ്പോള്‍ അവര്‍ എടുക്കുന്ന നിലപാടുകള്‍ മാത്രം നോക്കിയാല്‍ മതി. അത്തരം ഘട്ടങ്ങളില്‍ മുന്‍പില്ലാത്ത ഉത്തരവാദിത്വബോധവും സൂക്ഷ്മ പരിശോധനയും നടപ്പില്‍ വരുത്താന്‍ ഇത്തരം വന്‍ കിട ടെക് കമ്പനികള്‍ക്ക് മടിയില്ല. പൊതുജനങ്ങളോട് ‘അവിശ്വസനീയമാംവിധം അനാദരവ്’ കാട്ടിയതായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ.
‘പൊതു സുരക്ഷയും സാമൂഹിക ഉത്തരവാദിത്തവും’.ഇല്ലാത്ത വന്‍കിട ടെക് കമ്പനികളുടെ , സാങ്കേതിക വിദ്യയുടെ അതിതീവ്ര ചലനാത്മകതയോടെയുള്ള വളര്‍ച്ച ഭാവിയില്‍ ലോകത്തെ ആകമാനം തകിടം മറിക്കാന്‍ കെല്‍പ്പുണ്ട് എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.
ഈ അഹിതമായ സംഭവങ്ങളെ കുറിച്ച് ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്‌സ്ആപ്പ് എന്നിവയ്ക്ക് പിന്നിലെ കമ്പനിയായ മെറ്റാ ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല. ടിക് ടോക്ക്, സ്‌നാപ്ചാറ്റ്, മെസേജിംഗ് ആപ്പ് സിഗ്‌നല്‍ എന്നിവയും നിശബ്ദത പാലിച്ചു.
ഇതിനിടെ ഇമിഗ്രേഷന്‍ അഭിഭാഷകരുടെ പേരും വിലാസവും ഉള്‍ക്കൊള്ളുന്ന ഒരു ലിസ്റ്റ് ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് ടെലിഗ്രാം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.ടെലിഗ്രാം ലിസ്റ്റില്‍ പ്രത്യേകമായി അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല, എന്നാല്‍ അതിന്റെ മോഡറേറ്റര്‍മാര്‍ ‘സാഹചര്യം സജീവമായി നിരീക്ഷിക്കുകയും അക്രമത്തിലേക്കുള്ള കോളുകള്‍ അടങ്ങിയ ചാനലുകളും പോസ്റ്റുകളും നീക്കം ചെയ്യുകയും ചെയ്യുന്നു’ ബി ബി സി ടെലഗ്രാമിനെ ഉദ്ധരിച്ചു പറഞ്ഞു.
X, (മുമ്പ് Twitter) കലാപവുമായി ബന്ധപ്പെട്ട്, പ്ലാറ്റ്ഫോമില്‍ തെറ്റായ അവകാശവാദങ്ങളും വിദ്വേഷവും ഗൂഢാലോചന സിദ്ധാന്തങ്ങളും ഉണ്ടായത് ശ്രദ്ധിച്ച മട്ടില്ല. 2022-ല്‍ എലോണ്‍ മസ്‌ക് ഇത് വാങ്ങിയപ്പോള്‍, അദ്ദേഹം അതിന്റെ ഉള്ളടക്ക മോഡറേഷന്‍ രീതിയില്‍ ഇളവ് വരുത്തി. ഒരു വര്‍ഷത്തിനുശേഷം, തീവ്ര വലതുപക്ഷ പ്രവര്‍ത്തകനായ ടോമി റോബിന്‍സണ്‍ ( യഥാര്‍ത്ഥ പേര് സ്റ്റീഫന്‍ യാക്സ്ലി-ലെനണ്‍) അഞ്ച് വര്‍ഷത്തെ വിലക്കിന് ശേഷം X-ലേക്ക് പുനഃസ്ഥാപിക്കപ്പെട്ടു. ഇത് നിസ്സാരമായി കാണേണ്ടതല്ല . അവിടം കൊണ്ട് തീരുന്നില്ല , സൈപ്രസിലെ വാരാന്ത്യ വിശ്രമവേളയില്‍ റോബിന്‍സണ്‍ X-ല്‍ തന്റെ അനുയായികള്‍ക്ക് പ്രകോപനപരമായ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തു. ഒരു പടി കൂടി കടന്ന്, മസ്‌ക്ക് , കലാപത്തെ കുറിച്ച് ഒരു ട്വീറ്റ് പുറപ്പെടുവിച്ചു.’ ‘ആഭ്യന്തര യുദ്ധം അനിവാര്യമാണ്’ എന്നതായിരുന്നു ആ ട്വീറ്റ്. എന്ത് സാമൂഹ്യബാധ്യതയാണ് എലോണ്‍ മസ്‌ക്ക് നിര്‍വഹിച്ചത്?
ഈ ആഴ്ച YouGov നടത്തിയ ഒരു വോട്ടെടുപ്പ് പ്രകാരം, ബ്രിട്ടീഷ് പൊതുജനങ്ങളില്‍ മൂന്നില്‍ രണ്ട് പേരും സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഇക്കാര്യത്തില്‍ കൊണ്ട് വരണമെന്ന് ആഗ്രഹിക്കുന്നു.
പരിഹാരം
ലോകം അനിശ്ചിതത്വങ്ങള്‍ നിറഞ്ഞതാണ്, മനുഷ്യന്‍ കൂടുതല്‍ കൂടുതല്‍ അസ്ഥിരമാവുകയും അവര്‍ അനുദിനം കൂടുതല്‍ അസഹിഷ്ണുത അനുഭവിക്കുകയും ചെയ്യുന്നു. വ്യക്തികള്‍, ഗ്രൂപ്പുകള്‍, കമ്മ്യൂണിറ്റികള്‍, സമൂഹങ്ങള്‍, ഗവണ്‍മെന്റുകള്‍ എന്നിവ എപ്പോഴും വ്യത്യസ്തമായ ആവശ്യങ്ങള്‍ അഭിമുഖീകരിക്കുകയും പലപ്പോഴും സംഘര്‍ഷത്തിലാവുകയും ചെയ്യുന്നു.
‘Unveiling the new world ‘ എന്ന പുസ്തകത്തില്‍, ‘കാവ്യ നേതൃത്വം സ്വേച്ഛാധിപത്യത്തെയും സ്വേച്ഛാധിപത്യ ഭരണത്തെയും അട്ടിമറിക്കും – അത് ഒരു വ്യക്തിയോ കൂട്ടായ്മയോ ആകട്ടെ – ‘ എന്ന് ഈ ലേഖകന്‍ നിരീക്ഷിച്ചിട്ടുണ്ട്.
ഇനി വരുന്ന കാലം സീറോയിസത്തിന്റേതാകണം . സീറോയിസം മാനവികതയെ പ്രചരിപ്പിക്കുകയും ഭാഷകള്‍, രാജ്യങ്ങള്‍, വംശം, മതം, നിറം അല്ലെങ്കില്‍ ലിംഗഭേദം എന്നിവയെക്കുറിച്ചുള്ള വിവേചനം ഇല്ലാതാക്കുകയും ചെയ്യുന്നു. ജീവിതത്തിന്റെ എല്ലാ മേഖലകളിലെയും അതിരുകള്‍ പുനര്‍നിര്‍വചിക്കേണ്ട സമയമാണിത്. ലോകം മുഴുവന്‍ മനുഷ്യരുടെ ഒരുമയുടെ തീവ്രമായ ത്വരയാണ്. . ഭാഷ, രാജ്യങ്ങള്‍, വംശം, മതം, നിറം അല്ലെങ്കില്‍ ലിംഗഭേദം എന്നിങ്ങനെ എന്തിനുമേലുള്ള വിവേചനത്തെ മാനുഷിക ഐക്യത്തെക്കുറിച്ചുള്ള ചിന്ത നിരസിക്കും. മാനവികതയുടെ പ്രാരംഭ ഘട്ടത്തില്‍ ഒരു വിവേചനവും ഉണ്ടായിരുന്നില്ലെന്നും നിരപരാധിത്വത്തിന്റെയും മനുഷ്യത്വത്തിന്റെയും ആ പ്രാരംഭ ഘട്ടത്തിലേക്ക് മടങ്ങേണ്ടതുണ്ടെന്നും ഞങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു.
മെറ്റാ മോഡേണിസത്തിന്റെ ഒരു യുഗത്തിലാണ് നാം ജീവിച്ചിരുന്നത് . അത് സീറോയിസത്തിലേക്ക് വഴിമാറിയിട്ടുണ്ട്. മെറ്റാമോഡേണിസം ആന്ദോളനത്തെ ലോകത്തിന്റെ സ്വാഭാവിക ക്രമമായി അംഗീകരിക്കുന്നു. ആന്ദോളനം നടക്കുന്നുണ്ടെന്ന് ശാസ്ത്രം സ്ഥിരീകരിക്കുന്നു, കാരണം പരിഗണനയിലുള്ള കണികയെ ഉത്തേജിപ്പിക്കുന്ന ഒരു ആവേശ ഊര്‍ജ്ജം ഉണ്ട്. ആന്ദോളനത്തിന് കീഴിലുള്ള കണികയ്ക്ക് അതിന്റെ ആന്ദോളനത്തിന് ലഭിച്ച ഊര്‍ജ്ജത്തിന്റെ സവിശേഷതകള്‍ ഉണ്ടായിരിക്കും. അനന്തരഫലം, അത് ഒരു സുസ്ഥിരവും അസ്ഥിരവും അല്ലെങ്കില്‍ നാമമാത്രമായി സ്ഥിരതയുള്ളതുമായ ഒരു സംവിധാനത്തിലേക്ക് നയിച്ചേക്കാം.” (ഷാജില്‍ അന്ത്രു, പുതിയ ലോകം അനാവരണം ചെയ്യുന്നു, ISBN-13 ? : 979-8890663887)
കണിക സമൂഹത്തിലെ ഒരു പ്രതിസന്ധിയാണെന്നും, ആവേശം ഊര്‍ജ്ജം ഒരു പ്രവര്‍ത്തനത്തിനുള്ള പ്രേരണയാണെന്നും കരുതുക. ഈ തള്ളലിന് സമൂഹത്തില്‍ അസ്ഥിരതയോ സ്ഥിരതയോ സൃഷ്ടിക്കാനോ ഒരു പദവി നിലനിര്‍ത്താനോ കഴിയും. ഈ സാഹചര്യത്തില്‍, ആവേശകരമായ സിഗ്‌നലിന്റെ തരത്തെ ആശ്രയിച്ചിരിക്കും ഫലം. സുസ്ഥിരമായ ഒരു സംവിധാനം നിലനിറുത്തണമെങ്കില്‍, അതിരുകള്‍ മനുഷ്യമനസ്സില്‍ നിന്ന് വാടിപ്പോകേണ്ടതിന്റെ ആവശ്യകത ഇപ്പോള്‍ വികസിക്കണം.
യൂ കെ യില്‍ നടന്ന അനാശാസ്യപ്രവര്‍ത്തങ്ങള്‍ക്ക് കാരണം അവിടത്തെ സമൂഹം എന്ന കണികയ്ക്ക് ലഭിച്ച ആവേശം-ഊര്‍ജ്ജം അസ്ഥിരത സൃഷ്ടിക്കാന്‍ പര്യാപ്തമായിരുന്നു. ഏത് പ്രവര്‍ത്തിയാണ്, ആവേശ-ഊര്‍ജ്ജമ മാകുന്നതെന്നത്, അത് ഏത് കണികയെ ഉത്തേജ്ജിപ്പിക്കുമെന്നും, അങ്ങനെ ഉത്തേജിക്കപ്പെടുമ്പോള്‍ സ്ഥിരത/ അസ്ഥിരത – ഏത് തരത്തിലുള്ള സമൂഹം രൂപപെടുമെന്നു ആരും മനസിലാക്കിയില്ല. നിയമങ്ങള്‍ പലപ്പോഴും നോക്കുകുത്തികളാകുന്നത് ഈ തത്വം മനസിലാക്കാതെ നിര്‍മ്മിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ്.
സാര്‍വത്രികമായ ഒരുമയുടെ പ്രതിഫലനവും വിവേചനത്തിന്റെ ഉന്മൂലനവും ഒരു സുസ്ഥിരമായ വ്യവസ്ഥിതിയില്‍ കലാശിക്കുന്ന ആന്ദോളനങ്ങളെ ഉത്തേജിപ്പിക്കുന്നതിനുള്ള ഉത്തേജക ഊര്‍ജ്ജത്തിന്റെ അടിസ്ഥാനമാണെന്ന് സീറോയിസം കരുതുന്നു. ഈ പ്രതിഫലനത്തിന്റെ അനന്തരഫലം വികാരങ്ങളുടെയും ആശയങ്ങളുടെയും സ്വാഭാവിക പ്രകടനമായിരിക്കും, നിറമോ വികലമോ ഇല്ലാതെ. സീറോയിസം എന്ന ദര്‍ശനികതത്വത്തിന് മാത്രമേ സ്ഥിരതയുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ കഴിയൂ.
സീറോയിസത്തിന്റെ അടിസ്ഥാനവിശ്വാസം താഴെ ഉദ്ധരിക്കുന്ന എന്റെ കവിതയില്‍ പ്രതിഫലിക്കുന്നുണ്ട്.
”എന്റെ ജനനത്തിനു മുമ്പ്
ആരും എന്നോട് ചോദിച്ചിട്ടില്ല.
എനിക്ക്ഏത് നിറമാണ് വേണ്ടത്?
ഏത് മതമാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്
എനിക്ക് ഏത് ലിംഗഭേദം വേണം
ഞാന്‍ ഏത് ജാതിയായിരിക്കണം
ഏത് തൊഴിലാണ് ഞാന്‍ ചെയ്യേണ്ടത്
ഞാന്‍ ജനിച്ചത് ഈ ഭൂഗോളത്തിലാണ്-
ഈ ഭൂഗോളത്തിലെ മറ്റേതൊരു ജീവിയേയും പോലെ.
എനിക്കും ജീവിക്കാനുള്ള അവകാശമുണ്ട്”
എന്തിന്, ഒരാള്‍ ജനിക്കുമ്പോള്‍ ഏത് സമൂഹത്തിലായിരിക്കണം, ഏത് സാമ്പത്തിക ചുറ്റുപാടുകളായിരിക്കണം – എന്നൊന്നും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമില്ല. അതിന് ഒരു അവസരവുമില്ല. അത് കൊണ്ട് തന്നെ നിറത്തിന്റെ, മതത്തിന്റെ, ലിംഗഭേദത്തിന്റെ, ജാതിയുടെ, തൊഴിലിന്റെ, പ്രദേശത്തിന്റെ, ഭാഷയുടെ,സാമ്പത്തികസ്ഥിതിയുടെ – പേരില്‍ ഒരു വിവേചനവും ഉണ്ടാകരുത്. മനുഷ്യന്‍ ഒന്നാണെന്നും, എല്ലാ പേര്‍ക്കും, വ്യത്യസ്തത നിലനിര്‍ത്തി ജീവിക്കാനുള്ള അവകാശം തുല്യമായിരിക്കണം.
ഇത് മറന്ന് പോയതാണ് , യൂ കെ യില്‍ ഉണ്ടായ പ്രതിസന്ധിക്ക് കാരണം. ലോകം സീറോയിസത്തെ മനസിലാക്കുകയും പിന്തുടരുകയെന്നതേയുള്ളൂ മാര്‍ഗ്ഗം. അത് ഓരോ വ്യക്തികളില്‍ നിന്ന് ആരംഭിക്കണം .