BREAKING NEWSLATESTNATIONAL

യൂട്യൂബര്‍ മദന്റേത് ആഡംബര ജീവിതം; ഔഡി, ബിഎംഡബ്ല്യൂ കാറുകള്‍ പിടിച്ചെടുത്തു; അക്കൗണ്ടുകളില്‍ നാലു കോടി രൂപ

ചെന്നൈ: സ്ത്രീകളെ അധിക്ഷേപിച്ചതിന് അറസ്റ്റിലായ യൂട്യൂബര്‍ പബ്ജി മദന്‍ എന്ന മദന്‍കുമാര്‍ മാണിക്കം നയിച്ചത് ആഡംബര ജീവിതമെന്ന് പൊലീസ്. ആഡംബര വാഹനങ്ങള്‍ പിടിച്ചെടുത്ത പൊലീസ്, മദന്റെയും ഭാര്യ കൃതികയുടെയും പേരിലുള്ള രണ്ട് ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. ഈ അക്കൗണ്ടുകളില്‍ ഏകദേശം നാല് കോടിയോളം രൂപ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് പബ്ജി മദന്‍ ധര്‍മപുരിയില്‍ നിന്ന് പൊലീസിന്റെ പിടിയിലായത്. ഇതിന് തലേ ദിവസം മദന്റെ ഭാര്യ കൃതികയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൃതികയുടെ പേരിലായിരുന്നു യൂട്യൂബ് ചാനലിന്റെ രജിസ്‌ട്രേഷന്‍. 150ല്‍ അധികം സ്ത്രീകളാണ് മദനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
പബ്ജി ഗെയിമിന്റെ ലൈവ് സ്ട്രീമിങ്ങിനിടെ അശ്ലീലപരാമര്‍ശങ്ങള്‍ നടത്തിയതിനാണ് പൊലീസ് മദനെ അറസ്റ്റ് ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഒളിവില്‍പോയ ഇയാളെ ധര്‍മപുരിയില്‍നിന്നാണ് പൊലീസ് സംഘം പിടികൂടിയത്. ഇതോടെ മദന്‍ സമര്‍പ്പിച്ചിരുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളുകയും ചെയ്തു. അതിനിടെ, നിലവിലെ കേസുമായി ബന്ധപ്പെട്ട് റോഡ് കോണ്‍ട്രാക്ടറായിരുന്ന മദന്റെ പിതാവ് മാണിക്കത്തെ പോലീസ് ചോദ്യംചെയ്യുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
സേലം സ്വദേശിയായ മദന്‍ 2019 ലാണ് യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. സേലത്തെ എഞ്ചിനീയറിങ് കോളജില്‍നിന്ന് ബിരുദം നേടിയ ഇയാള്‍ അതിന് മുമ്പ് ആമ്പത്തൂരില്‍ പിതാവിനൊപ്പം ഭക്ഷണശാല നടത്തിയിരുന്നു. എന്നാല്‍ ഈ സ്ഥാപനം വലിയ നഷ്ടത്തില്‍ കലാശിച്ചു. ഇതിനിടെ, സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട കൃതികയുമായി മദന്‍ പ്രണയത്തിലായി. പിന്നീട് ഇരുവരും വിവാഹിതരാവുകയും ചെയ്തു. ദമ്പതിമാര്‍ക്ക് എട്ട് മാസം പ്രായമുള്ള കുഞ്ഞുമുണ്ട്.
ഹോട്ടല്‍ ബിസിനസ് തകര്‍ന്നതിന് ശേഷമാണ് മദന്‍ യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. എങ്ങനെ തന്ത്രപൂര്‍വം പബ്ജി കളിക്കാമെന്നതും ഗെയിമിന്റെ ലൈവും ‘ടോക്‌സിക് മദന്‍ 18+ ‘എന്ന ചാനലില്‍ പോസ്റ്റ് ചെയ്തു. പിന്നീട് പബ്ജി മദന്‍ ഗേള്‍ ഫാന്‍ എന്ന പേരിലും റിച്ചി ഗെയിമിങ് എന്ന പേരിലും യൂട്യൂബ് ചാനലുകള്‍ ആരംഭിച്ചു. ഇതില്‍ പലതും അസഭ്യമായ ഉള്ളടക്കങ്ങള്‍ നിറഞ്ഞ വീഡിയോകളായിരുന്നു. എന്നാല്‍ ഈ വീഡിയോകള്‍ മറുവശത്ത് മദന് വലിയൊരു ആരാധകവൃന്ദത്തെ നേടികൊടുത്തു. യൂട്യൂബ് ചാനലിന് പ്രശസ്തി നേടാനായി ഭാര്യയോടൊപ്പം ചേര്‍ന്ന് അശ്ലീല ഉള്ളടക്കങ്ങള്‍ നിറഞ്ഞ വീഡിയോകള്‍ ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ ചാനലുകളുടെയെല്ലാം അഡ്മിന്‍ കൃതികയാണെന്നാണ് പൊലീസ് സംഘം പറയുന്നത്.
ആഡംബര ജീവിതം ഇഷ്ടപ്പെട്ടിരുന്ന ദമ്പതിമാര്‍ക്ക് യൂട്യൂബ് ചാനലുകളില്‍നിന്ന് ഉയര്‍ന്ന വരുമാനം ലഭിച്ചിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തല്‍. പ്രതിമാസം പത്ത് ലക്ഷം രൂപ വരെ ഇവര്‍ക്ക് ലഭിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഏകദേശം എട്ട് ലക്ഷത്തിലേറെ സബ് സ്‌ക്രൈബേഴ്‌സാണ് പബ്ജി മദന് യൂട്യൂബിലുണ്ടായിരുന്നത്. ഇവരില്‍ ഏറെപേരും വിദ്യാര്‍ഥികളും കൗമാരക്കാരുമായിരുന്നു. ജൂണ്‍ 10ന് ന്യൂസ് 18 തമിഴ്‌നാടാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. പിന്നാലെ പൊലീസ് അന്വേഷണം ശക്തമാക്കി. പിന്നീട് തന്നെ ഒന്നും ചെയ്യാനാകില്ലെന്ന് വെല്ലുവിളിച്ച് മദന്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടു. ഇതിന് പിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു.
അറസ്റ്റിന് പിന്നാലെ മദന്റെ വീട്ടില്‍ പൊലീസ് സംഘം റെയ്ഡ് നടത്തിയിരുന്നു. മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും കമ്പ്യൂട്ടറും ഇവിടെനിന്ന് പിടിച്ചെടുത്തു. മദന്റെ ബിഎംഡബ്ല്യൂ, ഔഡി ആഡംബര കാറുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുടെ സാമ്പത്തിക ഇടപാടുകളും പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker