BREAKING NEWSKERALALATEST

യൂണിഫോമില്‍ വനിതാ എസ്.ഐയുടെ ‘സേവ് ദ ഡേറ്റ്’ ഫോട്ടോ ഷൂട്ട് വിവാദത്തില്‍

കോഴിക്കോട്: ന്യൂജെന്‍ സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടിനെതിരെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ സദാചാര ചര്‍ച്ചയ്ക്ക് തുടക്കമിട്ട കേരള പോലീസിന് സേനയ്ക്കുള്ളില്‍ നിന്ന് തന്നെ തിരിച്ചടി. കോഴിക്കോട് സിറ്റി പരിധിയിലെ പോലീസ് സ്റ്റേഷനിലെ വനിതാ പ്രിന്‍സിപ്പല്‍ എസ്.ഐ ഔദ്യോഗിക യൂണിഫോമിട്ട് സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട് നടത്തിയതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
പോലീസ് സേനാംഗങ്ങള്‍ അവരുടെ വ്യക്തിപരമായ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ ഔദ്യോഗിക യൂണിഫോമിട്ട് ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് 2015ല്‍ തന്നെ ഡി.ജി.പിയുടെ ഉത്തരവുണ്ട്. ടി.പി സെന്‍കുമാര്‍ ഡി.ജി.പി ആയിരിക്കേയാണ് സേനാംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇടപെടുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശത്തെക്കുറിച്ച് ഉത്തരവിറക്കിയത്. ഇതാണ് വനിതാ പ്രിന്‍സിപ്പല്‍ എസ്.ഐ കാറ്റില്‍ പറത്തിയത്.
എസ്.ഐയുടെ സേവ് ദ ഡേറ്റ് ചിത്രം ഇതിനകം തന്നെ വൈറലായിട്ടുണ്ട്. ഇത് ഡി.ജി.പിയുടെ ഉത്തരവ് ലംഘിക്കുന്നതാണെന്നും യൂണിഫോമിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലാണെന്നുമാണ് സേനാംഗങ്ങള്‍ക്കുള്ളിലെ വിമര്‍ശനം. ഇതോടെ എസ്.ഐ.ക്കെതിരേ നടപടിയെടുക്കാനും സാധ്യതയുണ്ട്. ന്യൂജന്‍ സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടുകള്‍ക്കെതിരേ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ സ്ഥിരമായി വിമര്‍ശനവുമായി എത്തുന്ന കേരള പോലീസ്, വനിതാ എസ്.ഐയുടെ ഫോട്ടോ ഷൂട്ടിലൂടെ ഒന്നും പറയാനാവാത്ത അവസ്ഥയിലുമായി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker