BREAKINGKERALA

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിലെ സംഘര്‍ഷം: രാഹുല്‍ മാങ്കൂട്ടത്തില്‍ ഒന്നാംപ്രതി, അബിന്‍ വര്‍ക്കി ഏഴാം പ്രതി

തിരുവനന്തപുരം: വ്യാഴാഴ്ച നടന്ന യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയേറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ കേസെടുത്ത് പോലീസ്. കന്റോണ്‍മെന്റ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ പ്രതികളാണ്.
രാഹുല്‍ മാങ്കൂട്ടത്തിലാണ് കേസില്‍ ഒന്നാം പ്രതി. അബിന്‍ വര്‍ക്കി ഏഴാം പ്രതിയാണ്. 11 യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും കണ്ടാലറിയാവുന്ന 250 പേര്‍ക്കുമെതിരെയാണ് കേസ്. പോലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ചു, പൊതുമുതല്‍ നശിപ്പിച്ചു, അന്യായമായി സംഘം ചേര്‍ന്നു, പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നീ കുറ്റങ്ങള്‍ക്ക് ഭാരതീയ ന്യായ സംഹിതയിലെ 189 (2), 191 (2), 190, 285, കേരള പോലീസ് ആക്റ്റിലെ 39, 121, പൊതുമുതല്‍ നശിപ്പിക്കുന്നത് തടയുന്നതിനുള്ള നിയമത്തിലെ 3 (1) വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
പി.വി. അന്‍വര്‍ എം.എല്‍.എയുടെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിലാണ് കലാശിച്ചത്. ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. രാഹുല്‍ മാങ്കൂട്ടത്തില്‍, അബിന്‍ വര്‍ക്കി എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച് നടത്തിയത്. അബിന്‍ വര്‍ക്കി അടക്കമുള്ള നേതാക്കള്‍ക്ക് ലാത്തി ചാര്‍ജില്‍ പരിക്കേറ്റിരുന്നു.
എ.ഡി.ജി.പിക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കുമെതിരെ ഭരണകക്ഷി എം.എല്‍.എയായ പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ വിവാദമായതോടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എസ്പി ഓഫീസുകളിലേക്കും ജില്ലാ ആസ്ഥാനത്തേക്കും യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന് ആഹ്വാനം ചെയ്തിരുന്നു. കോട്ടയം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ മാര്‍ച്ചില്‍ സംഘര്‍ഷവും ഉടലെടുത്തിരുന്നു

Related Articles

Back to top button