ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നല്‍കണമെന്ന യുക്രൈന്റെ ആവശ്യം യൂറോപ്യന്‍ പാര്‍ലമെന്റില്‍ ആവര്‍ത്തിച്ച് പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി. ചൊവ്വാഴ്ച യൂറോപ്യന്‍ പാര്‍ലമെന്റിനെ വീഡിയോ ലിങ്കിലൂടെ അഭിസംബോധന ചെയ്ത സെലെന്‍സ്‌കിക്ക് അംഗങ്ങള്‍ എഴുന്നേറ്റുനിന്ന് ഒരുമിനിറ്റിലേറെനീണ്ട കൈയടിയോടെ അഭിവാദ്യമര്‍പ്പിച്ചു.
‘നിങ്ങളില്ലാതെ യുക്രൈന്‍ ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ ഞങ്ങളുടെ കരുത്ത് തെളിയിച്ചു. ഞങ്ങള്‍ നിങ്ങളെപ്പോലെത്തന്നെയാണ്. അതിനാല്‍, നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പമാണെന്നു തെളിയിക്കൂ. നിങ്ങള്‍ ഞങ്ങളെ ഉപേക്ഷിക്കില്ലെന്നു തെളിയിക്കൂ. നിങ്ങള്‍ യൂറോപ്യന്മാരാണെന്നു തെളിയിക്കൂ. മരണത്തിനുമേല്‍ ജീവന്‍ വിജയം നേടും. ഇരുളിനുമേല്‍ പ്രകാശം വിജയിക്കും’ സെലെന്‍സ്‌കി പറഞ്ഞു.
‘ഈ ദിവസങ്ങളില്‍ എങ്ങനെ ജനങ്ങളെ അഭിസംബോധന ചെയ്യണമെന്ന് എനിക്കറിയില്ല. ശുഭദിനമെന്നോ ശുഭരാത്രിയെന്നോ പറയാനാവില്ല. കാരണം, അവരില്‍ ചിലര്‍ക്കെങ്കിലും അത് അന്ത്യദിനമാകും. ഞങ്ങള്‍ കടുത്ത യാഥാര്‍ഥ്യത്തെ അഭിമുഖീകരിക്കുകയാണ്. ജനങ്ങള്‍ ഓരോദിനവും മരിച്ചുവീഴുകയാണ്. മൂല്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും വേണ്ടിയാണ് അവര്‍ ജീവനര്‍പ്പിക്കുന്നത്. യുക്രൈനില്‍ സംഭവിക്കുന്നത് ദുരന്തമാണ്. ഞങ്ങളുടെ നാടിനുവേണ്ടി, സ്വാതന്ത്ര്യത്തിനുവേണ്ടി, ജീവനുവേണ്ടിയാണ് ഞങ്ങള്‍ പോരാടുന്നത്. ആര്‍ക്കും ഞങ്ങളെ തകര്‍ക്കാനാവില്ല. ഞങ്ങള്‍ യുക്രൈന്‍കാരാണ്’ അദ്ദേഹം പറഞ്ഞു.
യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നതിന് യുക്രൈന്‍ തിങ്കളാഴ്ച ഔദ്യോഗികമായി അപേക്ഷിച്ചിരുന്നു.
യുക്രൈന്‍ പതാക പതിച്ച ടീഷര്‍ട്ടുകള്‍ യൂറോപ്യന്‍ പാര്‍ലമെന്റംഗങ്ങള്‍ ഇടയ്ക്കണിഞ്ഞു. സെലെസ്‌കിക്ക് പാര്‍ലമെന്റ് അധ്യക്ഷ റോബെര്‍ട്ട മെറ്റ്‌സോല നന്ദി പറഞ്ഞു. ”നട്ടെല്ല് നിവര്‍ത്തിനില്‍ക്കുകയെന്നാല്‍ എന്താണര്‍ഥമെന്ന് ലോകത്തെ കാണിച്ചുതരുന്നതിന് പ്രസിഡന്റ് താങ്കള്‍ക്കു നന്ദി. അവനവനില്‍ അഭിരമിച്ചു തൃപ്തിയടയുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ഞങ്ങളെ ഓര്‍മിപ്പിച്ചതിനു നന്ദി” അവര്‍ പറഞ്ഞു. രാജ്യത്തിനുവേണ്ടി നിലകൊള്ളുന്ന യുക്രൈന്‍കാരുടെ ധീരതയ്ക്കും അവര്‍ നന്ദി പറഞ്ഞു.
യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നല്‍കുന്നതിന്റെ ആദ്യപടിയായി ‘സ്ഥാനാര്‍ഥി രാജ്യ’മായി യുക്രൈനെ ഉടന്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അംഗരാജ്യങ്ങളായ എസ്‌തോണിയ, ബള്‍ഗേറിയ, ചെക് റിപ്പബ്ലിക്, ലാത്വിയ, ലിത്വാനിയ, പോളണ്ട്, സ്ലൊവാക്യ, സ്ലൊവീനിയ എന്നിവ തുറന്ന കത്തെഴുതി.