BREAKING NEWSKERALALATEST

രക്തസാക്ഷി ഫണ്ട് തിരിമറി: സമ്മര്‍ദത്തില്‍ സിപിഎം

കണ്ണൂര്‍: പയ്യന്നൂര്‍ സി.വി.ധനരാജ് രക്തസാക്ഷി കുടുംബസഹായ ഫണ്ട് തിരിമറി സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതോടെ പ്രതിരോധിക്കാനാവാതെ സിപിഎം.
ധനരാജ് കുടുംബസഹായ ഫണ്ടിലെ 42 ലക്ഷം രൂപ എവിടെപ്പോയെന്ന ചോദ്യമാണു സിപിഎമ്മിനെ പ്രധാനമായും അലട്ടുന്നത്. ധനരാജിനുണ്ടായിരുന്ന 15 ലക്ഷത്തോളം രൂപയുടെ വ്യക്തിപരമായ കടങ്ങള്‍ ധനസഹായ ഫണ്ടില്‍ നിന്നു വീട്ടാതിരുന്നതിലും പ്രവര്‍ത്തകരും നേതാക്കളും അസ്വസ്ഥരാണ്. ഉത്തരവാദികളായവര്‍ക്കെതിരെ വ്യക്തമായ തെളിവുകളുണ്ടായിട്ടും നടപടി വൈകുന്നതില്‍ എതിര്‍പ്പുമുണ്ട്.
തിരഞ്ഞെടുപ്പ് ഫണ്ട്, സിപിഎം പയ്യന്നൂര്‍ ഏരിയ കമ്മിറ്റി കെട്ടിട നിര്‍മാണ ഫണ്ട് എന്നിവയിലും തിരിമറി നടന്നതിന്റെ തെളിവുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ധനരാജ് ഫണ്ട് ഒഴിച്ചുള്ളവയിലെ തിരിമറി സംബന്ധിച്ച് പാര്‍ട്ടി കമ്മിഷനുകള്‍ തന്നെ ജില്ലാ കമ്മിറ്റിക്കു റിപ്പോര്‍ട്ട് നല്‍കിയിട്ടുമുണ്ട്. പക്ഷേ, ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കാതെ, ‘പാര്‍ട്ടിക്കകത്തെ പ്രശ്‌നം’ എന്നു മാത്രം പറഞ്ഞൊഴിയുകയാണു നേതാക്കള്‍.
മെല്ലെപ്പോക്ക് പയ്യന്നൂരില്‍ പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങള്‍ ഗുരുതരമാക്കുമെന്നാണു സൂചന. 3 ഫണ്ട് തിരിമറികളിലും ഉള്‍പ്പെട്ടിരിക്കുന്നത് ഒരു വിഭാഗം നേതാക്കളാണെന്നും നടപടിയെടുത്തില്ലെങ്കില്‍ പാര്‍ട്ടിക്കു ഗുരുതരമായ തിരിച്ചടി നേരിടുമെന്നുമാണു വിവരം.
42 ലക്ഷം രൂപ വക മാറ്റിയതു സംബന്ധിച്ച് ബന്ധപ്പെട്ടവരുടെ വിശദീകരണം ദുരൂഹമാണെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു. ധനരാജ് ഫണ്ടില്‍ നിന്ന് 42 ലക്ഷം രൂപ 2 നേതാക്കളുടെ പേരില്‍ വ്യക്തിഗത സ്ഥിരനിക്ഷേപമായി മാറ്റിയതിനും ഇതിന്റെ പലിശയിനത്തില്‍ ലഭിച്ച 5 ലക്ഷം രൂപ ഇതിലൊരു നേതാവിന്റെ വ്യക്തിഗത അക്കൗണ്ടിലേക്കു മാറ്റിയതിനും തെളിവുണ്ട്.
പാര്‍ട്ടിക്കാരുടെ കേസ് നടത്തിപ്പിനു വേണ്ടിയെന്നു പറഞ്ഞാണ് 42 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം തുടങ്ങിയത്. ചര്‍ച്ച നടത്തുകയോ തീരുമാനിക്കുകയോ ചെയ്യാതെയാണ് ഈ സ്ഥിരനിക്ഷേപം ക്ലോസ് ചെയ്തത്. 42 ലക്ഷം രൂപ എവിടെപ്പോയെന്ന ചോദ്യമുയര്‍ന്നപ്പോഴാണ്, കെട്ടിട നിര്‍മാണ ഫണ്ടിലേക്കു മാറ്റിയെന്ന മുടന്തന്‍ ന്യായം വന്നത്. എന്നാല്‍, ഇതിന്റെ വ്യക്തമായ കണക്കോ രേഖകളോ ബന്ധപ്പെട്ടവര്‍ ഇതുവരെ സമര്‍പ്പിച്ചിട്ടുമില്ല.
ഏരിയ കമ്മിറ്റി കെട്ടിട നിര്‍മാണത്തിനു വേണ്ടി നടത്തിയ, 11,000 പേര്‍ അംഗങ്ങളായ ചിട്ടിയില്‍ നിന്ന് 2.5 കോടിയോളം രൂപയുടെ വരുമാനമുണ്ടായി. കെട്ടിടത്തിനു നിര്‍മാണ സാമഗ്രികളും ഫര്‍ണിച്ചറുകളും സംഭാവനയായും സമ്മാനമായും ലഭിച്ചിട്ടുമുണ്ട്. ധനരാജ് ഫണ്ടിലെ 42 ലക്ഷം രൂപ കെട്ടിട നിര്‍മാണത്തിന് ഉപയോഗിക്കേണ്ട സാഹചര്യമേയില്ല. ഇതിനു പുറമെ, പാര്‍ട്ടി ഫണ്ട്, നേതാക്കളുടെ വ്യക്തിഗത അക്കൗണ്ടിലേക്കു മാറ്റുന്നതെന്തിനാണെന്നും ചോദ്യമുയരുന്നുണ്ട്. പയ്യന്നൂരില്‍ പാര്‍ട്ടിയുടെ പണപ്പിരിവിന് പാര്‍ട്ടി അംഗമല്ലാത്തയാളെ നിയോഗിച്ചതായും ആരോപണമുയരുന്നുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker