AUTOBREAKINGNATIONAL

രജിസ്‌ട്രേഷന്‍ ഫീസ് വേണ്ടെന്ന് യുപി സര്‍ക്കാര്‍; യുപിയില്‍ ഈ വാഹനങ്ങളുടെ വില കുത്തനെ കുറയും!

ഹൈബ്രിഡ് കാറുകളെ രജിസ്‌ട്രേഷന്‍ നികുതിയില്‍ നിന്ന് ഒഴിവാക്കുന്നതായി പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കരുത്തുറ്റ ഹൈബ്രിഡ് വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഫീസില്‍ 100 ശതമാനം ഇളവ് എന്ന നയം ഉടന്‍ നടപ്പാക്കുമെന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സര്‍ക്കുലറില്‍ അറിയിച്ചു. ഇത് ഹൈബ്രിഡ് കാര്‍ വിപണിക്ക് ഗണ്യമായ ഉത്തേജനം നല്‍കുമെന്ന് കണക്കാക്കപ്പെടുന്നതായി ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
മാരുതി സുസുക്കി, ഹോണ്ട കാര്‍സ്, ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ തുടങ്ങിയ നിര്‍മ്മാതാക്കള്‍ക്ക് പുതിയ പോളിസിയില്‍ നിന്ന് വലിയ നേട്ടമുണ്ടാകും. അതേസമയം, ഹെവി ഹൈബ്രിഡ് വാഹനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് വിലയില്‍ 3.5 ലക്ഷം രൂപ വരെ ലാഭിക്കാം. നിലവില്‍ ഉത്തര്‍പ്രദേശില്‍ 10 ലക്ഷം രൂപയില്‍ താഴെ എക്‌സ് ഷോറൂം വിലയുള്ള വാഹനങ്ങള്‍ക്ക് എട്ട് ശതമാനം റോഡ് നികുതിയും 10 ലക്ഷം രൂപയില്‍ കൂടുതല്‍ എക്‌സ് ഷോറൂം വിലയുള്ള വാഹനങ്ങള്‍ക്ക് 10 ശതമാനം റോഡ് നികുതിയുമാണ്. ഹൈബ്രിഡ് വാഹനങ്ങളുടെ വില്‍പ്പന കുറവായതിനാല്‍ റോഡ് നികുതി ഇളവ് സംസ്ഥാന ട്രഷറിയെ കാര്യമായി ബാധിക്കാന്‍ സാധ്യതയില്ല എന്നാണ് രിപ്പോര്‍ട്ടുകള്‍.
നിലവില്‍ ഹൈബ്രിഡ് ഓട്ടോമൊബൈല്‍ വിഭാഗത്തില്‍ ഗ്രാന്‍ഡ് വിറ്റാരയും ഇന്‍വിക്‌റ്റോയും മാരുതി വില്‍ക്കുന്നു. ടൊയോട്ട ഇന്ത്യയാകട്ടെ ഇന്നോവ ഹൈക്രോസും ഹൈറൈഡറും വാഗ്ദാനം ചെയ്യുന്നു. മറ്റൊരു ജാപ്പനീസ് ബ്രന്‍ഡായ ഹോണ്ടയ്ക്ക് സിറ്റി ഹൈബ്രിഡുമുണ്ട്. ഗ്രാന്‍ഡ് വിറ്റാര, അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ ഹൈബ്രിഡ് മോഡലുകളുടെ ശരാശരി രജിസ്‌ട്രേഷന്‍ ചെലവ് യുപിയില്‍ ഏകദേശം 1.80 ലക്ഷം രൂപയാണ്. ഇന്നോവ ഹൈക്രോസും ഇന്‍വിക്ടോയും വാങ്ങുന്നവര്‍ക്ക് ഉപഭോക്താവ് തിരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് ഓണ്‍റോഡ് വിലയില്‍ മൂന്നു ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും.
പാസഞ്ചര്‍ വാഹനങ്ങളുടെ പ്രധാന വിപണിയാണ് ഉത്തര്‍പ്രദേശ്. ഈ വര്‍ഷം ആദ്യ പകുതിയില്‍ 2,36,097 യൂണിറ്റുകള്‍ വിറ്റഴിച്ചു. 2023 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് വില്‍പ്പനയില്‍ 13.46 ശതമാനം വര്‍ധന രേഖപ്പെടുത്തി. രണ്ടാം പാദത്തില്‍ മാത്രം വില്‍പ്പന 1,09,712 യൂണിറ്റിലെത്തി. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10.26 ശതമാനം വര്‍ധിച്ചു.
വിപണി നിലവില്‍ ചെറുതാണെങ്കിലും ഈ പുതയ നയം യുപിയില്‍ ഹൈബ്രിഡ് വാഹന വില്‍പ്പന വര്‍ദ്ധിപ്പിക്കും. ഇത്തരം വാഹനങ്ങള്‍ വാങ്ങുന്നവരില്‍ ഭൂരിഭാഗവും ആദ്യമായി വാഹനം വാങ്ങുന്നവര്‍ ആയിരിക്കില്ല. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഈ നീക്കം ഓട്ടോമൊബൈല്‍ മേഖലയെ സഹായിക്കുമെന്ന് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ പറഞ്ഞതായി ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ വര്‍ഷം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള നികുതിയിലും രജിസ്‌ട്രേഷന്‍ ഫീസിലുമുള്ള മൂന്ന് വര്‍ഷത്തെ ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ പുതിയ തീരുമാനം എന്നതാണ് ശ്രദ്ധേയം.

Related Articles

Back to top button