തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനം സംവിധായകന്‍ രഞ്ജിത്ത് രാജിവച്ചേക്കുമെന്ന് സൂചന. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ബംഗാളി നടി ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് രാജിക്കായുള്ള ആവശ്യമുയര്‍ന്നത്. ‘പാലേരി മാണിക്യം’ എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് സംവിധായകന്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടി ആരോപിച്ചിരിക്കുന്നത്. ലൈംഗിക ചൂഷണത്തിന് ശ്രമമുണ്ടായെന്ന് നടി വെളിപ്പെടുത്തിയിരുന്നു.
രഞ്ജിത്തിനെതിരേയുള്ള പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് രാജി വയ്ക്കാനൊരുങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. രഞ്ജിത്തിനെതിരേയുള്ള നിയമനടപടിയുമായി ബന്ധപ്പെട്ട് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞ വാക്കുകള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. രഞ്ജിത്ത് പ്രഗത്ഭനായ കലാകാരനാണെന്നും നടി പരാതിയുമായി മുന്നോട്ടുവന്നാല്‍ നിയമാനുസൃതമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നായിരുന്നു മന്ത്രി പറഞ്ഞത്.
‘രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിക്കപ്പെട്ടത് മാധ്യമങ്ങളിലൂടെ ഞാനും കണ്ടു. അതില്‍ രഞ്ജിത്ത് മറുപടി പറഞ്ഞിട്ടുമുണ്ട്. ആ മറുപടിയും അവരുടെ ആക്ഷേപവുമാണ് നമ്മുടെ മുന്നിലുള്ളത്. അത് സംബന്ധിച്ച് അവര്‍ക്ക് പരാതിയുണ്ടെങ്കില്‍ വരട്ടെ. അവര്‍ വന്നുകഴിഞ്ഞാല്‍ അത് സംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ നിയമാനുസൃതം സര്‍ക്കാര്‍ സ്വീകരിക്കും. ഏതെങ്കിലുമൊരാള്‍ ആരെപ്പറ്റിയെങ്കിലും ഒരു ആക്ഷേപം ഉന്നയിച്ചാല്‍ കേസെടുക്കാന്‍ പറ്റുമോ. അങ്ങനെയെടുത്ത ഏതെങ്കിലും കേസ് കേരളത്തില്‍ നിലനിന്നിട്ടുണ്ടോ. ആരോപണം ഉന്നയിച്ചവര്‍ പരാതി തരിക. ആര്‍ക്കെങ്കിലും രഞ്ജിത്തിനെതിരെ പരാതി ഉണ്ടെങ്കില്‍ രേഖാമൂലം നല്‍കിയാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. ഇതിലെന്തെങ്കിലും വസ്തുത ഉണ്ടെന്ന് അന്വേഷിക്കാതെ എനിക്ക് പറയാനാകുമോ. അത് അദ്ദേഹം പൂര്‍ണമായും നിഷേധിച്ചിട്ടുണ്ട്. അപ്പോള്‍ പിന്നെ അത് പരിശോധനയ്ക്ക് വിധേയമാക്കേണ്ട കാര്യമുണ്ടോ.
ഒരു രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന പദവി രഞ്ജിത്ത് നിര്‍വഹിക്കുന്നത്. പാര്‍ട്ടിയാണ് അദ്ദേഹത്തെ മാറ്റിനിര്‍ത്തണമോയെന്ന കാര്യം ആലോചിക്കേണ്ടത്. ആരോപണത്തില്‍ എന്തെങ്കിലും വസ്തുത ഉണ്ടെങ്കില്‍ സിപിഎം എന്ന പാര്‍ട്ടി പരിശോധിക്കാതെ ഇരിക്കില്ലല്ലോ. ആ കാര്യത്തില്‍ രാഷ്ട്രീയമായ തീരുമാനം അപ്പോള്‍ ഉണ്ടാകും’, സജി ചെറിയാന്‍ പറഞ്ഞു.
മന്ത്രിയുടെ നിലപാടില്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനമൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. സജി ചെറിയാന്‍ മന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നും സതീശന്‍ വിമര്‍ശിച്ചു. രഞ്ജിത്തിനെതിരായ ആരോപണത്തില്‍ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. രഞ്ജിത്തിന്റെ രാജി ആവശ്യപ്പെടണമെന്നാവശ്യപ്പെട്ട് സജി ചെറിയാന്റെ കോലവുമായി യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധവും സംഘടിപ്പിച്ചു.
അതേസമയം നടിയുടെ ആരോപണത്തില്‍ മന്ത്രി സജി ചെറിയാന്റെ നിലപാടിനെ തള്ളി വനിതാ കമ്മീഷന്‍ രം?ഗത്തുവന്നു. വിവരം അറിഞ്ഞാല്‍ അന്വേഷണം നടത്താമെന്ന് അധ്യക്ഷ പി. സതീദേവി വ്യക്തമാക്കി. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക പരിശോധന നടത്തി നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്നാണ് കരുതുന്നത്. ആരോപണങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ വെളിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് സംബന്ധിച്ച് അന്വേഷണം നടത്താമെന്നും അവര്‍ സതീദേവി പറഞ്ഞു.
99 1 minute read