BREAKING NEWSKERALA

രണ്ടാം ഡോസ് വാക്‌സിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമില്ല

തിരുവനന്തപുരം: രണ്ടാംഡോസ് വാക്‌സിനെടുക്കാന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമില്ല. സ്‌പോട്ട് അലോട്ട്‌മെന്റുകള്‍ വഴി വാക്‌സിന്‍ നല്‍കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.
രണ്ടാംഡോസ് വാക്‌സിനുവേണ്ടി ഓണ്‍ലൈന്‍ രജിസ്‌ട്രേഷനില്‍ സ്‌പോട്ട് ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്. രണ്ടാംഡോസ് സ്‌പോട്ട് അലോട്ട്‌മെന്റാക്കിയെങ്കിലും ഒന്നാംഡോസ് വാക്‌സിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടരും.
വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ആശാവര്‍ക്കര്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവരുടെ സഹായത്തോടെ രണ്ടാംഡോസ് സ്വീകരിക്കാനുള്ളവരെ കണ്ടെത്തണം. ഇവരെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തി വാക്‌സിന്‍ നല്‍കണം. മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും പ്രത്യേക കൗണ്ടര്‍ സജ്ജീകരിക്കണമെന്നും നിര്‍ദേശമുണ്ട്.
സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ നിലവിലുള്ള വാക്‌സിന്‍ സ്റ്റോക്ക് ഏപ്രില്‍ 30ന് ഉപയോഗിച്ച് തീര്‍ക്കണം. ബാക്കിവരുന്നവ മേയ് ഒന്നുമുതല്‍ 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് 250 രൂപയ്ക്കുതന്നെ നല്‍കണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശമുണ്ട്.

Related Articles

Back to top button