BREAKINGKERALA
Trending

‘രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലം; പാര്‍ട്ടിയും സര്‍ക്കാരും തെറ്റുകള്‍ തിരുത്തണം’; ആത്മകഥയില്‍ തുറന്നെഴുതി ഇപി ജയരാജയന്‍

കണ്ണൂര്‍: രണ്ടാം പിണറായി സര്‍ക്കാരിന് എതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് ഇപി ജയരാജയന്‍. പാര്‍ട്ടിയും സര്‍ക്കാരും തെറ്റുകള്‍ തിരുത്തണമെന്ന് ഇപി ജയരാജന്റെ ആത്മകഥയായ ‘കട്ടന്‍ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ത്തില്‍ പറയന്നു. തന്റെ ഭാഗം കേള്‍ക്കാതെയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയത്. വിവാദ വിഷയങ്ങളില്‍ ഉള്‍പ്പെടെ ഇപിയുടെ ആത്മകഥയില്‍ പരാമര്‍ശിക്കുന്നുണ്ട്.
പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് ചര്‍ച്ചയാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. സെക്രട്ടറിയേറ്റില്‍ അറിയിച്ചശേഷമാണ് സാന്റിയാഗോ മാര്‍ട്ടിന്‍ അടക്കമുള്ളവരില്‍ നിന്നും ദേശാഭിമാനിക്ക് പരസ്യം വാങ്ങിയത്. എന്നാല്‍ വിഎസ് അച്യുതാനന്ദന്‍ തനിക്ക് എതിരെ ആയുധമാക്കി. ഡോ.പി. സരിനെ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കിയതിലും അതൃപ്തി. ചേലക്കരയില്‍ അന്‍വറിന്റെ സ്ഥാനാര്‍ത്ഥി എല്‍ഡിഎഫിനും ദോഷമുണ്ടാക്കുമെന്നു പുസ്തകത്തില്‍ പറയുന്നു. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വിശദമായ മറുപടി പറയുന്ന പുസ്തകം ഡിസി ബുക്ക്‌സ് ഇന്ന് പുറത്തിക്കും.
ഇഎംഎസ് നൊപ്പമുള്ള ഇപിയുടെ ചിത്രമാണ് കവര്‍പേജ് ആയി നല്‍കിയിട്ടുള്ളത്. കണ്‍വീനര്‍ സ്ഥാനത്തു നിന്നും മാറ്റിയതില്‍ വലിയ പ്രയാസം ഉണ്ടാക്കിയതായാണ് ഇപി ജയരാജന്‍ ആത്മകഥയില്‍ പറയുന്നത്. താന്‍ ഇല്ലാത്ത സെക്രട്ടറിയേറ്റില്‍ ആണ് വിഷയം ചര്‍ച്ച ചെയ്തത്. പദവി നഷ്ടപ്പെട്ടു എന്നതിലല്ല പ്രയാസം. പാര്‍ട്ടി മനസ്സിലാക്കിയില്ല എന്നതാണ്. കേന്ദ്ര കമ്മറ്റി അംഗമായ തനിക്കെതിരെ തീരുമാനമെടുക്കേണ്ടത് കേന്ദ്രകമ്മിറ്റി ആണ്. ഈ വിഷയത്തില്‍ പറയാനുള്ളത് കേന്ദ്രകമ്മിറ്റി അറിയിച്ചിട്ടുണ്ട്. അന്തിമ തീരുമാനം ഉണ്ടാകേണ്ടത് അവിടെയാണ്. ഉള്‍പ്പാര്‍ട്ടി ചര്‍ച്ചയില്‍ പറയേണ്ടത് അവിടെ പറയുക എന്നതാണ് കമ്മ്യൂണിസ്റ്റ് ധര്‍മ്മം. എന്നാല്‍ ഈ വിഷയത്തില്‍ പാര്‍ട്ടിയെടുത്ത് തീരുമാനം അണികള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കി. എത്ര വിമര്‍ശനങ്ങള്‍ ഉണ്ടായാലും പാര്‍ട്ടിക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്ന് ഇപി ആത്മകഥയില്‍ വ്യക്തമാക്കുന്നു.
വിവാദങ്ങളെല്ലാം പരാമര്‍ശിച്ചാണ് ഇപിയുടെ ആത്മകഥ. എല്ലാ മാധ്യമ സ്ഥാപനങ്ങളും പരസ്യം വാങ്ങിയത് പോലെയാണ് ദേശാഭിമാനിയും വാങ്ങിയതെന്ന് ഇപി ജയരാജന്‍ പറയുന്നു. എന്നാല്‍ വ്യവസ്ഥകള്‍ക്ക് വിധേയവുമായി വാങ്ങിയ പരസ്യം ബോണ്ട് വിവാദമാക്കി. പാര്‍ട്ടിയിലെ വിഭാഗീയത ഇത്തരം കാല്പനിക സൃഷ്ടികള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തു. തന്നെയും ദേശാഭിമാനിയെയും താറടിച്ചു കാണിക്കാന്‍ വിഭാഗീയതയ്ക്ക് ചുക്കാന്‍ പിടിക്കുന്നവര്‍ ശ്രമിച്ചു. വ്യവസായ വി എം രാധാകൃഷ്ണന്‍ നിന്നും പരസ്യം വാങ്ങിയതും ചിലര്‍ വിവാദമാക്കി. പരസ്യം വാങ്ങിയെങ്കിലും ഒരു വാര്‍ത്തയും രാധാകൃഷ്ണന്‍ അനുകൂലമായി നല്‍കിയിട്ടില്ല. വി എം രാധാകൃഷ്ണന്‍ ദേശാഭിമാനി കെട്ടിടം വിറ്റു എന്നത് വ്യാജ വാര്‍ത്ത. പുറത്താക്കിയ ഡെപ്യൂട്ടി മാനേജര്‍ വേണുഗോപാലിനെ തിരിച്ചെടുത്തത് താന്‍ അറിയാതെയാണ്. ഡിജിറ്റല്‍ ഒപ്പ് താന്‍ അറിയാതെ ഇതിനുവേണ്ടി ഉപയോഗിച്ചു. സാന്റിയാഗോ മാര്‍ട്ടിനും രാധാകൃഷ്ണനും വേണ്ടി ഒരു വിട്ടുവീഴ്ചകളും നല്‍കിയിട്ടില്ലെന്ന് ആത്മകഥയില്‍ ഇപി പറയുന്നു.
വൈദേകം നേതാക്കള്‍ക്ക് താമസിക്കാന്‍ സ്ഥലം ഒരുക്കാന്‍ ആണ് ശ്രമിച്ചത്. റിസോര്‍ട്ട് എന്ന പേര് നല്‍കിയത് മാധ്യമങ്ങളാണെന്ന് ആത്മകഥയില്‍ വിമര്‍ശനം. അത്യാഡംബരം ഒരുക്കുന്നു എന്ന വാര്‍ത്ത വന്നു. ഗള്‍ഫില്‍ പോയി സമ്പാദിച്ച പണമാണ് മകന്‍ ജയ്‌സണ്‍ നിക്ഷേപിച്ചത്. ഭാര്യയുടെ പെന്‍ഷന്‍ തുകയാണ് പദ്ധതിയില്‍ നിക്ഷേപിച്ചത്. എന്നാല്‍ അത് കള്ളപ്പണം ആണെന്ന് വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. പി ജയരാജന്‍ വിഷയം ഉന്നയിച്ച യോഗത്തില്‍ പങ്കെടുത്തില്ലെന്ന് ഇപി ജയരാജയന്‍ ആത്മകഥയില്‍ പറയുന്നു. എന്നാല്‍ പ്രസ്താവന വിഷമം ഉണ്ടാക്കി. ഒരു സ്വകാര്യ കമ്പനിയെ സഹകരണ സ്ഥാപനം പോലെ സഹായിക്കേണ്ടതുണ്ടോ എന്നാണ് പി ജയരാജന്‍ ചോദിച്ചത്. മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണ് ചെയ്തതെന്ന് ഇപി ആത്മകഥയില്‍ പറയുന്നു.
നിരവധി ജനക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് അതിലും കൂടുതലാണ്. ഒന്നാം പിണറായി സര്‍ക്കാരിനെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ മികച്ച അഭിപ്രായമുണ്ടായിരുന്നു. എന്നാല്‍ അതു നിലനിര്‍ത്താന്‍ സാധിച്ചില്ല എന്ന് മാത്രമല്ല താരതമ്യ ദുര്‍ബലമാണെന്ന് തോന്നലും ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കി. തെരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ച് വിശദമായി വിലയിരുത്തേണ്ടതുണ്ട്. സംഘടനാപരമായും രാഷ്ട്രീയപരമായും തിരുത്തലുകള്‍ വരുത്തണം. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥനിര്‍ണയം പാളിയോ എന്ന് സംശയമുണ്ടെന്ന് ഇപി ജയരാജന്‍ പറയുന്നു.
ബിജെപിയില്‍ ചേരുന്നമെന്ന് കഥയ്ക്കു പിന്നില്‍ ശോഭാസുരേന്ദ്രനെന്ന് ഇപി പറയുന്നു. ശോഭാ സുരേന്ദ്രന് ഒരുതവണ മാത്രമാണ് കണ്ടിട്ടുള്ളത്. അതും ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര ചടങ്ങില്‍ വച്ചായിരുന്നു. മകന്റെ ഫോണില്‍ പലതവണ വിളിച്ചെങ്കിലും അവന്‍ ഫോണ്‍ എടുത്തില്ല. ദല്ലാള്‍ നന്ദകുമാറിനൊപ്പം ആണ് പ്രകാശ് ജാവദേക്കര്‍ വീട്ടിലേക്ക് വന്നത്. തീര്‍ത്തും അവിചാരിതവും അപ്രതീക്ഷിതമായിരുന്നു ആ സന്ദര്‍ശനം. മകന്റെ ഫോണിലേക്ക് വിളിച്ചാണ് അച്ഛന്‍ വീട്ടില്‍ ഉണ്ടോ എന്ന് തിരക്കിയത്. തൊട്ടുപിന്നാലെ വീട്ടിലേക്ക് എത്തി. കേരള പ്രഭാരി ചുമതല ഏറ്റെടുത്തശേഷം എല്ലാ രാഷ്ട്രീയക്കാരെയും കാണുന്നതിന്റെ ഭാഗമായാണ് വന്നത്. രമേശ് ചെന്നിത്തല പി കെ കുഞ്ഞാലിക്കുട്ടി ബിനോയി വിശ്വം എന്നിവരെ കണ്ടുവെന്നും പറഞ്ഞതായി ഇപി ജയരാജന്‍ ആത്മകഥയില്‍ പറയുന്നു.
വയനാട്ടിലെ മത്സരം ഒരു കുരുക്കാണെന്ന് ഇ പി ജയരാജന്‍ ആത്മകഥയില്‍ പറയുന്നു. മത്സരിച്ചില്ലെങ്കില്‍ അത് ബിജെപിക്ക് ഗുണം എന്ന് പറയും. ഇന്ത്യ മുന്നണിയുടെ ഭാഗമായവര്‍ എന്തിന് മത്സരിക്കുന്നു ചോദ്യവും ഉണ്ടാകും. ദേശീയ രാഷ്ട്രീയവും സംസ്ഥാന രാഷ്ട്രീയവും വ്യത്യസ്ത ധ്രുവങ്ങളിലാണ് സഞ്ചരിക്കുന്നത്. ഇത് കേരളത്തിലെ ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തും. ഇത് പരിഹരിക്കാന്‍ ദൂരക്കാഴ്ചയോടെയുള്ള സമീപനം വേണമെന്ന് ഇപി ജയരാജന്‍ പറയുന്നു.
അവസരവാദ രാഷ്ട്രീയത്തെക്കുറിച്ച് പറയുമ്പോള്‍ പാലക്കാട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ കുറിച്ചും ചര്‍ച്ച ചെയ്യണമെന്നാണ് ഇപി ജയരാജന്‍ ആത്മകഥയില്‍ പറയുന്നത്. തലേദിവസം വരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷയില്‍ ആയിരുന്നു സരിന്‍. അത് നടക്കാതായപ്പോഴാണ് ഇരട്ടി വെളുക്കും മുമ്പേ മറുകണ്ടം ചാടിയത്. ശത്രുപാളയത്തിലെ വിള്ളല്‍ മുതലെടുക്കണം എന്നത് നേര്. പല ഘട്ടത്തിലും അത് പ്രയോജനപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ വയ്യാവേലിയായ സന്ദര്‍ഭങ്ങളും നിരവധിയാണ്. പി വി അന്‍വര്‍ അതിലൊരു പ്രതീകം. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി വരുന്നവരെ കുറിച്ച് ആലോചിച്ചു വേണം തീരുമാനമെടുക്കാന്‍. സമാനമായി സരിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കട്ടെയെന്ന് ഇപി ജയരാജന്‍ പറയുന്നു.

Related Articles

Back to top button