രണ്ടാം ഭാരത് ജോഡോ യാത്രയ്ക്കൊരുങ്ങി കോണ്‍ഗ്രസ്. റായ്പൂരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന്റെതാണ് തീരുമാനം. അരുണാചലിലെ പാസിഘട്ട് മുതല്‍ ഗുജറാത്തിലെ പോര്‍ബന്തര്‍ വരെയാകും രണ്ടാഘട്ട യാത്ര. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള രാഹുല്‍ ഗാന്ധിയുടെ യാത്രക്ക് ലഭിച്ച സ്വീകാര്യതയാണ് രണ്ടാം യാത്രയ്ക്ക് കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ രണ്ടാംഘട്ട ഭാരത് ജോഡോ യാത്ര കിഴക്ക്- പടിഞ്ഞാറന്‍ മേഖലയിലായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് പറഞ്ഞു. അരുണാചലിലെ പാസിഘട്ട് മുതല്‍ ഗുജറാത്തിലെ പോര്‍ബന്തര്‍ വരെയുള്ള യാത്രയാണ് പരിഗണനയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ഘട്ട യാത്ര പൂര്‍ണമായും പദയാത്രയാകില്ല. ഒന്നാംഘട്ടത്തിന്റെ അത്ര ദൈര്‍ഘ്യമുണ്ടാകില്ലെന്നും തെരഞ്ഞെടുപ്പുകള്‍ പരിഗണിച്ച് ഈ വര്‍ഷം ജൂണിലോ നവംബറിന് മുന്‍പായോ യാത്ര നടക്കുമെന്നും ജയറാം രമേഷ് പറഞ്ഞു
കോണ്‍ഗ്രസ് ത്യാഗത്തിന്റെ പാര്‍ട്ടിയാണെന്നും ത്യാഗവും പ്രവര്‍ത്തനവും തുടരണമെന്നും രാഹുല്‍ഗാന്ധി പ്ലീനറി സമ്മേളനത്തില്‍ പറഞ്ഞു. നമ്മുടെ വിയര്‍പ്പും രക്തവും ഉപയോഗിച്ച് ഒരു പരിപാടി ഉണ്ടാക്കിയാല്‍, രാജ്യം മുഴുവന്‍ നമ്മോടൊപ്പം അണിചേരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.