BREAKING NEWSKERALALATEST

രണ്ടാം ലോക്ഡൗണ്‍: കേരളം അനധികൃതമായി കുടിച്ചത് 3746 ലിറ്റര്‍ വാറ്റ് ചാരായം

പ്രസാദ് മൂക്കന്നൂര്‍
പത്തനംതിട്ട: ഇക്കുറി രണ്ടാം ലോക് ഡൗണില്‍ കേരളം അനധിക്യതമായി കുടിച്ചു തീര്‍ത്തത് 3746 ലിറ്റര്‍ വാറ്റു ചാരായമെന്ന് എക്‌സൈസ് വകുപ്പ്. ചാരായം നിര്‍മ്മിക്കാന്‍ കലക്കി സൂക്ഷിച്ച കോട പിടിച്ചെടുത്ത് നശിപ്പിച്ചത് 2.8 ലക്ഷം ലിറ്ററും. 32.78 ലിറ്റര്‍ സ്പിരിറ്റും കണ്ടെത്താനായി.ബാറുകളും ബെവ്‌കോ ഔട്ട് ലെറ്റുകളും അടഞ്ഞുകിടന്ന കഴിഞ്ഞ 38 ദിവസത്തിനിടെ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പിടിച്ചെടുത്തതിന്റെ നൂറിരട്ടിയിലധികം വില്‍പന നടന്നിട്ടുണ്ടാവുമെന്നാണ് എക്‌സൈസിന്റെ നിഗമനം.
മദ്യശാലകള്‍ തുറക്കുന്നതിന് ഒന്നാമത്തെ ലോക് ഡൗണില്‍ ഉണ്ടായ മുറവിളി ഇത്തവണ ഇല്ലാതിരുന്നത് അനധികൃത മദ്യം നാട്ടിലെമ്പാടും സുലഭമായിരുന്നതു കൊണ്ടാണെന്നാണ് എക്‌സൈസ് വകുപ്പ് അനുമാനിക്കുന്നത്.മദ്യം കിട്ടാത്തതു കാരണം ആരോഗ്യ പ്രശ്‌നമുണ്ടായവര്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മദ്യം നല്‍കാന്‍ വരെ കഴിഞ്ഞ ലോക്ഡൗണില്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കില്‍ ഇത്തവണ അത്തരമൊരു പ്രശ്‌നം ഉയര്‍ന്നു വരാതിരുന്നതും ശ്രദ്ധിക്കപ്പെട്ടു.വാറ്റുചാരായത്തിന്റെ വിലയാകട്ടെ സ്‌കോച്ച് വിസ്‌കിയേയും കടത്തിവെട്ടി. ലിറ്ററിന് 2000 മുതല്‍ 3000 വരെയായിരുന്നു വില.
കഴിഞ്ഞ മേയ് 8 മുതല്‍ ലോക്ഡൗണ്‍ പിന്‍വലിച്ച ഇക്കഴിഞ്ഞ 16 വരെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 2462 അബ്കാരി കേസുകളാണ്. 438 പേരെ അറസ്റ്റു ചെയ്തു. അബ്കാരി കേസില്‍ 282 പേര്‍ അറസ്റ്റിലായി പാലക്കാട് മുന്‍പില്‍ നില്‍ക്കുമ്പോള്‍ കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നാണ് ഏറ്റവുമധികം വാറ്റുചാരായം പിടിച്ചെടുത്തത്. കോട കലക്കി സൂക്ഷിച്ചതില്‍ പ്രഥമ സ്ഥാനം കോഴിക്കോടിനാണ്. 43587 ലിറ്റര്‍ കോടയാണ് അധികൃതര്‍ പിടിച്ചെടുത്തു നശിപ്പിച്ചത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker