BREAKINGKERALA

‘രണ്ടാമത്തെ വിക്കറ്റും വീണു; തെറിക്കാനുള്ളത് വന്‍സ്രാവിന്റെ കുറ്റി’: കെടി ജലീല്‍

മലപ്പുറം എസ്പി എസ് ശശിധരനെ മാറ്റിയതിന് പിന്നാലെ കെടി ജലീല്‍. മലപ്പുറം എസ്പിയെ മാറ്റിയതിലൂടെ രണ്ടാമത്തെ വിക്കറ്റും വീണെന്നും മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങളെന്നും കെടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇനി തെറിക്കാനുള്ളത് വന്‍സ്രാവിന്റെ കുറ്റിയാണെന്നും വൈകാതെ അതും തെറിക്കുമെന്ന് ജലീല്‍ കുറിച്ചു. മലപ്പുറം എസ്.പി ശശിധരന്‍ സംഘി മനസ്സുള്ള കണ്‍ഫേഡ് IPSകാരനാണെന്ന് നാട്ടില്‍ പാട്ടാണെന്ന് ജലീല്‍ ഫേസ്ബുക്കില്‍ ആരോപിച്ചു.
മലപ്പുറം എസ്.പിയുടെ തൊപ്പിയിലെ പൊന്‍തൂവ്വലുകള്‍ക്ക് രക്തത്തിന്റെ മണമുണ്ട്, കണ്ണീരിന്റെ നനവുണ്ട്. വംശവെറിയുടെ വിഷമുണ്ടെന്ന് ജലീല്‍ പറയുന്നു. മലപ്പുറം SP-യെ പോലുള്ള വര്‍ഗ്ഗീയവിഷ ജന്തുക്കളെ തുറന്നു കാട്ടാന്‍ ഇനി മടിച്ചു കൂട. നമ്മുടെ മൗനം പോലും അത്തരക്കാര്‍ക്ക് കരുത്താകുമെന്നും കെടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മലപ്പുറം എസ്.പിയെ മാറ്റി. രണ്ടാം വിക്കറ്റും വീണു.

IPS ഉദ്യോഗസ്ഥരില്‍ സംഘികളുടെ എണ്ണം വര്‍ധിക്കുകയാണ്. കേന്ദ്രത്തില്‍ BJP യുടെ അധികാരാരോഹണമാണ് പോലീസിലെ സംഘിവല്‍ക്കരണത്തിന് വഴി വെച്ചത്. കേരളത്തിന് പുറത്ത് നിന്ന് വരുന്ന IPS ഉദ്യോഗസ്ഥരിലാണ് മലയാളക്കരക്ക് അപരിചിതമായ വര്‍ഗ്ഗീയ ചുവയോടെയുള്ള പെരുമാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്. എന്നാല്‍ ക്രമേണ അത് മലയാളി IPS കാരിലേക്കും വ്യാപിക്കുന്നതാണ് നാം കണ്ടത്.
ഉത്തരേന്ത്യയില്‍ മതം നോക്കി കുറ്റവാളികളാക്കുകയും, കേസെടുത്ത് ജയിലിലാക്കുകയും ചെയ്യുന്നത് നിത്യസംഭവമാണ്. എന്നാല്‍ കേരളത്തിലും അത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നു എന്നുള്ളത് ഏതൊരു മലയാളിയേയും വേദനിപ്പിക്കും. ഇതിന് സര്‍ക്കാരോ മുഖ്യമന്ത്രിയോ അല്ല ഉത്തരവാദി. ഉദ്യോഗസ്ഥ സമൂഹത്തെ വിശ്വാസത്തിലെടുക്കുക എന്ന സമീപനമാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ നയം. വിശ്വസിച്ചവരെ വഞ്ചിക്കുന്ന ശുംഭന്‍മാരെ കുറിച്ച് എന്തുപറയാന്‍?
മലപ്പുറം എസ്.പി ശശിധരന്‍ സംഘി മനസ്സുള്ള ”കണ്‍ഫേഡ് IPS’ കാരനാണെന്ന് നാട്ടില്‍ പാട്ടാണ്. പദവികള്‍ കരസ്ഥമാക്കാന്‍ എന്ത് നെറികേടും ചെയ്യുന്നവര്‍ കശക്കിയെറിയുന്ന നിരപരാധികളുടെ പ്രാര്‍ത്ഥന വന്‍ശാപമായി ഉദ്യോഗസ്ഥ പ്രമാണിമാരുടെ തലയില്‍ നിപതിക്കുക തന്നെചെയ്യും. മലപ്പുറം എസ്.പിയുടെ തൊപ്പിയിലെ ”പൊന്‍തൂവ്വലുകള്‍”ക്ക് രക്തത്തിന്റെ മണമുണ്ട്. കണ്ണീരിന്റെ നനവുണ്ട്. വംശവെറിയുടെ വിഷമുണ്ട്.
എത്രമാത്രം സങ്കുചിതന്‍മാരും അധമന്‍മാരുമാണ് ഇത്തരം ഓഫീസര്‍മാര്‍? ഇവിടെയാണ് പൊതുപ്രവര്‍ത്തകര്‍ ഉയര്‍ന്നു നില്‍ക്കുന്നത്. ഒരു രാഷ്ട്രീയക്കാരനും തന്റെ മുന്നില്‍ വരുന്ന കേസുകള്‍ വര്‍ഗ്ഗീയ താല്‍പര്യങ്ങള്‍ വെച്ച് കാണാന്‍ താല്‍പര്യപ്പെടില്ല. ഒരാളെ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ബുദ്ധിമുട്ടിക്കാനും കേസില്‍ കുടുക്കാനും പോലീസ് മേധാവികള്‍ ചെയ്യുന്ന പോലെ അവരൊരിക്കലും ചെയ്യില്ല. വെറുതെയല്ല വര്‍ഗ്ഗീയവാദികളും അഴിമതിക്കാരുമായ റിട്ടയര്‍ ചെയ്യുന്ന ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ”പട്ടിയുടെ” വില പോലും നാട്ടുകാര്‍ കല്‍പ്പിക്കാത്തത്. ഉന്നതോദ്യോഗസ്ഥര്‍ ചെയ്യുന്ന നെറികേടുകള്‍ ഉറക്കെ പറയാന്‍ ആരും മിനക്കെടാത്തത് ഭയം കൊണ്ടാണ്. താന്‍ എന്തെങ്കിലും പറഞ്ഞാല്‍ എന്നെങ്കിലും ഈ ”മൂര്‍ഖന്‍മാര്‍” കൊത്തിക്കൊല്ലുമെന്ന് ഓരോരുത്തരും കരുതുന്നു. പൗരന്‍മാരുടെ ഈ പേടിയാണ് ഹൃദയശൂന്യരായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എക്കാലത്തും കരുത്തായത്.
ഇന്ന് ഞാനൊരു റിട്ടയേഡ് മജിസ്‌ട്രേറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചു. അതില്‍ ശശിധരന്റെ യഥാര്‍ത്ഥ മുഖം അനാവരണം ചെയ്യപ്പെടുന്നുണ്ട്. മുന്‍മജിസ്‌ട്രേറ്റിന്റെ അഭിമുഖത്തില്‍ പറയുന്ന കാര്യങ്ങളും അദ്ദേഹം സാമൂഹ്യമാധ്യമത്തില്‍ എഴുതിയ കുറിപ്പും മാത്രം മതി, മലപ്പുറം എസ്.പിക്കെതിരെയുള്ള തെളിവായി. വസ്തുതാ വിരുദ്ധമായി ആ പോസ്റ്റില്‍ വല്ലതുമുണ്ടെങ്കില്‍ ശശിധരന്‍ അയാള്‍ക്കെതിരെ ഒരു മാനനഷ്ടക്കേസ് കൊടുക്കട്ടെ. മലപ്പുറം SP-യെ പോലുള്ള ”വര്‍ഗ്ഗീയവിഷ ജന്തുക്കളെ” തുറന്നു കാട്ടാന്‍ ഇനി മടിച്ചു കൂട. നമ്മുടെ മൗനം പോലും അത്തരക്കാര്‍ക്ക് കരുത്താകും.
ഏതെങ്കിലും നിരപരാധികളെ വര്‍ഗീയ വിദ്വേഷത്തിന്റെ പേരില്‍ അന്യായമായി ആര് ദ്രോഹിച്ചാലും അവര്‍ക്കോ അവരുടെ മക്കള്‍ക്കോ അതിന്റെ ”ഫലം” ദൈവം നല്‍കും. ഉറപ്പാണ്. മൂന്നരക്കൊല്ലം മലപ്പുറത്ത് എസ്.പിയായി പെറ്റികേസുകള്‍ ഉള്‍പ്പടെ നിരവധി കേസുകള്‍ ഉണ്ടാക്കി ഏറ്റവുമധികം കേസുള്ള ജില്ലയെന്ന അപഖ്യാതി മലപ്പുറത്തിന് ചാര്‍ത്തിനല്‍കിയ സുജിത് ദാസിന്റെ ഗതി എന്തായി? മുഖ്യമന്ത്രി കര്‍ശനമായാണ് പോലീസിലെ പുഴുക്കുത്തുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചത്. മലപ്പുറം SP-യെ മാറ്റിയതിലൂടെ രണ്ടാമത്തെ വിക്കറ്റും വീണു. മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങള്‍. ഇനി തെറിക്കാനുള്ളത് വന്‍സ്രാവിന്റെ കുറ്റിയാണ്. വൈകാതെ അതും തെറിക്കും. ഞങ്ങളുടെ ക്യാപ്റ്റന്‍ പിണറായി വിജയനാണ്.

Related Articles

Back to top button