KERALALATEST

രണ്ടുവര്‍ഷം നിരന്തര പീഡനം, ചിത്രങ്ങള്‍ പകര്‍ത്തി; പെണ്‍കുട്ടി ഒളിച്ചോടാന്‍ ശ്രമിച്ചത് സഹികെട്ട്

തിരുവനന്തപുരം: മലയിന്‍കീഴിലെ പീഡനത്തിനിരയായ വിദ്യാര്‍ഥിനി രണ്ട് വര്‍ഷം നേരിടേണ്ടി വന്നത് ക്രൂരപീഡനം. ഒടുവില്‍ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുന്നവരുടെ എണ്ണം കൂടിയതോടെ ഒളിച്ചോടി രക്ഷപ്പെടാനായിരുന്നു കുട്ടിയുടെ ശ്രമം. ഇതിനിടയിലാണ് പോലീസിന്റെ പിടിയിലാവുന്നതും പീഡനങ്ങള്‍ പെണ്‍കുട്ടി ഡോക്ടറോട് പറയുന്നതും.
പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിയായ ഒരു പ്രതിയാണ് പെണ്‍കുട്ടിയോട് പ്രണയം നടിച്ച് അടുത്തു കൂടിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. പിന്നീട് പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഇതു ലഭിച്ച മറ്റു പ്രതികള്‍ സമൂഹമാധ്യമങ്ങളിലൂടെ പെണ്‍കുട്ടിയുമായി പരിചയപ്പെട്ട് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.
ചിത്രങ്ങള്‍ പകര്‍ത്തി ഇവര്‍ നിരന്തരമായി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും സുഹൃത്തുക്കള്‍ക്ക് ഫോണ്‍ നമ്പരുകള്‍ കൈമാറുകയും ചെയ്തു. വീഡിയോ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഭീഷണിയും പീഡനവും സഹിക്കാനാവാതെ വന്നപ്പോഴാണ് സമൂഹമാധ്യമത്തിലൂടെ ആറുമാസം മുമ്പ് പരിചയപ്പെട്ട തൃശ്ശൂര്‍ സ്വദേശിയെ വിളിച്ചുവരുത്തി നാട്ടില്‍നിന്നു രക്ഷപ്പെടാന്‍ പെണ്‍കുട്ടി ശ്രമിച്ചത്.
കേസില്‍ പ്രതികളുടെ മൊബൈല്‍ വിവരങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുക. മൊബൈലുകളിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. പ്രധാന പ്രതി ജിനേഷിന്റെ മൊബൈല്‍ ഫോണില്‍ പല സ്ത്രീകളുടേയും വീഡിയോകളും ചിത്രങ്ങളുമുണ്ട്.പലര്‍ക്കും ലഹരിവസ്തുക്കള്‍ നല്‍കുന്ന ദൃശ്യങ്ങളുമുണ്ട്. മറ്റു പ്രതികളും പീഡനത്തിനിരയായ പെണ്‍കുട്ടിയുടേതടക്കമുള്ള ചിത്രങ്ങള്‍ മൊബൈലില്‍ സൂക്ഷിച്ചിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെയാണ് പെണ്‍കുട്ടിയുമായി പ്രതികള്‍ ആശയവിനിമയം നടത്തിയിരുന്നത്. ഇവര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതടക്കമുള്ള വിവരങ്ങളും മൊബൈല്‍ രേഖകളിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലഹരി, പെണ്‍വാണിഭ സംഘങ്ങളില്‍ പങ്കുള്ളവര്‍ക്ക് പ്രതികളുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൊബൈല്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുമെന്നും ആവശ്യമെങ്കില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്നും മലയിന്‍കീഴ് സി.ഐ. എ.ജി.പ്രതാപചന്ദ്രന്‍ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker