LATESTKERALAVAYANADU

രണ്ട് പതിറ്റാണ്ട് കാലത്തെ സേവനത്തിന് ശേഷം ഫാ: ബേബി ചാലില്‍ തുടിയുടെ പടിയിറങ്ങുന്നു

കല്‍പ്പറ്റ: ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആദിവാസി നാട്ടറിവ് ഗവേഷണ പഠന കേന്ദ്രത്തിന്റെ ഡയറക്ടറും സാമൂഹ്യപ്രവര്‍ത്തകനുമായ ഫാ.ബേബി ചാലില്‍ രണ്ട് പതിറ്റാണ്ട് കാലത്തെ സേവനത്തിന് ശേഷം പടിയിറങ്ങുന്നു .നിലവില്‍ തുടിയുടെയും അറിവുട എന്ന ട്രൈബല്‍ ബോര്‍ഡിംഗിന്റെയും ഡയറക്ടറാണ്. 1996 ലാണ് ഫാ: ജോര്‍ജ് തേനാടിക്കുളത്തിന്റെ നേതൃത്വത്തില്‍ കേരള ജസ്യൂട്ട് സൊസൈറ്റി പനമരത്തിനടുത്ത് ഏച്ചോം ആസ്ഥാനമായി തുടി എന്ന പേരില്‍ ആദിവാസി നാട്ടറിവ് ഗവേഷണ പഠനകേന്ദ്രം ആരംഭിക്കുന്നത്.2000 മുതല്‍ തുടിയുടെ ഡയറക്ടറായ ഫാ. ബേബി ചാലില്‍ ഇടുക്കി അടിമാലി പനകൂട്ടി ഗ്രാമത്തിലെ ചാലില്‍ ദേവസ്യയുടെയും പരേതയായ മറിയാമ്മയുടെയും മകനാണ്.
വിവിധ പട്ടികവര്‍ഗ്ഗ ഗോത്ര വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് അവരുടെ തനത് ശൈലിയിലും ഭാഷയിലും സ്വന്തം സംസ്‌കാരം നിലനിര്‍ത്തി സര്‍വ്വതോന്മുഖമായ നിലയില്‍ വിദ്യാഭ്യാസം നല്‍കുകയെന്നതായിരുന്ന ലക്ഷ്യം. പ്രത്യേകിച്ചും ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പണിയ വിഭാഗത്തിന്റെ വിദ്യാഭ്യാസവും സാമൂഹികവും സാംസ്‌കാരികവുമായ മേഖലകളില്‍ ക്രിയാത്മകമായി ഇടപ്പെട്ട് അവരുടെ സാംസ്‌ക്കാരിക തനിമയെയും നാട്ടറിവുകളെയും വര്‍ത്തുവാനും പ്രോത്സാഹിപ്പിക്കാനുമായി കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ഫാ. ബേബി ചാലിലിന്റെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. പിന്നീട് ആദിവാസി ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനായി ഏച്ചോം സര്‍വ്വോദയ ഹയര്‍ സെക്കണ്ടറി സ്‌കൂളും ആരംഭിച്ചു. തുടിക്കൂട്ടം പാഠശാല , കുറിഞ്ഞി പൂക്കള്‍ നേഴ്‌സറി, ശനിയാഴ്ചക്കൂട്ടം, കേണി റിസര്‍ച്ച് ലൈബ്രറി , ജൈവകൃഷിക്കായി പണി കൂട്ടം, പാരമ്പര്യ വസ്തുവകകളുടെ സൂക്ഷിപ്പിനായി മ്യൂസിയം തുടങ്ങിയവയെല്ലാം അടങ്ങിയതാണ് തുടി എന്ന വിദ്യാഭ്യാസ കലാ സാംസ്‌കാരിക പ്രസ്ഥാനം. ആദിവാസി വിദ്യാര്‍ത്ഥികളും യുവതീ യുവാക്കളും നേതൃത്വം നല്‍കുന്ന കലാ സംഘം കഴിഞ്ഞ എല്ലാ വര്‍ഷങ്ങളിലും കേരളത്തിലങ്ങോളമിങ്ങോളം കലാ യാത്രകള്‍ നടത്തി വരുന്നു. ഇവരില്‍ സംഘ ബോധവും സ്വത്വബോധവും വളര്‍ത്തുന്നതിന്നായി വിവിധ ആദിവാസി സമുദായാംഗങ്ങളുടെ കൂടി വരവായ ഗ്രാമോത്സവം പതിവായി നടത്തിവരാറുണ്ടായിരുന്നു. ഇതു കൂടാതെ ദേശീയ ആദിവാസി ഉത്സവം തുടിയില്‍ വെച്ച് സംഘടിപ്പിക്കുകയും മറ്റ് സ്ഥലളങ്ങളില്‍ നടക്കുന്ന ആദിവാസി സംഗമങ്ങളിലേക്ക് വയനാട്ടിലെ ഗോത്ര വിഭാഗങ്ങളെ പങ്കെടുപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു.
ആദിവാസി ജനവിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനും നീതി ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ട് ലോക് മഞ്ച് എന്ന പുതിയ മുന്നേറ്റത്തിന് അഖിലേന്ത്യാ തലത്തില്‍ തുടക്കമിട്ടപ്പോള്‍ വയനാട്ടില്‍ ആ ലക്ഷ്യത്തില്‍ മുന്നില്‍ നിന്നത് ഫാ: ബേബി ചാലിലാണ്.
തുടി ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി വിപുലമായ രീതിയില്‍ രജത ജൂബിലി ആഘോഷം നടത്താന്‍ തീരുമാനിച്ചിരുന്നു. കോവിഡ് പശ്ചാതലത്തില്‍ ആഘോഷങ്ങളൊന്നുമില്ലാതെയാണ് ഫാ: ബേബി ചാലില്‍ തുടിയുടെ പടിയിറങ്ങുന്നത്.തിരുവനന്തപുരം ആസ്ഥാനമായ ഐക്കഫിന്റെ ഡയറക്ടര്‍ ആയാണ് പുതിയ ചുമതലയേല്‍ക്കുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker