KERALALATEST

രണ്ട് രൂപ കണ്‍സെഷന്‍ നാണക്കേടെന്ന് പറഞ്ഞ മന്ത്രിക്കെതിരെ എസ്എഫ്‌ഐ

തിരുവനന്തപുരം: വിദ്യാര്‍ത്ഥി കണ്‍സഷെനുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രി ആന്റണി രാജു നടത്തിയ പരമര്‍ശത്തിന് എതിരെ എസ്എഫ്‌ഐ. മന്ത്രിയുടെ അഭിപ്രായം അപക്വമെന്നും വിദ്യാര്‍ത്ഥി ബസ് കണ്‍സെഷന്‍ ആരുടെയും ഔദാര്യമല്ല അവകാശമാണെന്നും എസ്എഫ്‌ഐ അറിയിച്ചു. നിരവധി അവകാശ സമരങ്ങളിലൂടെ നേടിയെടുത്ത വിദ്യാര്‍ത്ഥികളുടെ അവകാശമാണ് ബസ് കണ്‍സഷന്‍. അത് വര്‍ദ്ധിപ്പിക്കുന്നത് ആലോചിക്കുമെന്നും അതോടൊപ്പം തന്നെ നിലവിലെ കണ്‍സെഷന്‍ തുക കുട്ടികള്‍ക്ക് തന്നെ നാണക്കേടാണെന്നും അഭിപ്രായം പ്രകടിപ്പിച്ച ഗതാഗതമന്ത്രിയുടെ അഭിപ്രായ പ്രകടനം പ്രതിഷേധാര്‍ഹമാണെന്ന് എസ്എഫ്‌ഐ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ വിദ്യാര്‍ത്ഥിപക്ഷ സമീപനങ്ങള്‍ക്ക് കോട്ടം തട്ടുന്നതിന് ഇടയാക്കും. ഇത്തരത്തിലുള്ള പ്രസ്താവനകളും, അഭിപ്രായ പ്രകടനങ്ങളും ശ്രദ്ധയോട് കൂടി ചെയ്യേണ്ടതായിരുന്നു. അതിനാല്‍ തന്നെ ഈ അഭിപ്രായം തിരുത്താന്‍ മന്ത്രി തയ്യാറാകണമെന്നും എസ് എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്, സെക്രട്ടറി കെ എം സച്ചിന്‍ ദേവ് എംഎല്‍എ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
നിലവിലെ കണ്‍സെഷന്‍ നിരക്ക് വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ നാണക്കേടാണെന്ന ആന്റണി രാജുവിന്റെ പ്രസ്താവന വിവാദമായിരിക്കുകയാണ്. മന്ത്രിയുടെ പ്രസ്താവനക്കെതിരെ കെഎസ്‌യുവും രംഗത്ത് എത്തിയിരുന്നു. മന്ത്രിക്ക് മാത്രമാണ് നിരക്കിനോട് പുച്ഛം തോന്നുന്നതെന്നായിരുന്നു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് പറഞ്ഞത്. അതേസമയം സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് ഉടന്‍ കൂടുമെന്നാണ് വിവരം. മിനിമം ചാര്‍ജ്ജ് എട്ട് രൂപയില്‍ നിന്ന് 10 രൂപയാക്കാനാണ് ആലോചന. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് 5 രൂപയാക്കുമെന്നാണ് സൂചന. കണ്‍സെഷന്‍ നിരക്ക് നിലവില്‍ രണ്ട് രൂപയാണ്. ചൊവ്വാഴ്ച ചേരുന്ന ഇടതുമുന്നണിയോഗം ബസ് ചാര്‍ജ് വര്‍ദ്ധന ചര്‍ച്ച ചെയ്യും. ഇന്ധനനിരക്ക് വീണ്ടും കൂടുമെന്ന റിപ്പോര്‍ട്ടുകള്‍ കൂടി കണക്കിലെടുത്താകും തീരുമാനം. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ കൂട്ടുകയാണെങ്കില്‍ ബിപിഎല്‍ കുടുംബത്തിലുള്ളവര്‍ക്ക് സൗജന്യമായിരിക്കും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker