BREAKINGINTERNATIONAL

രണ്ട് വര്‍ഷത്തിനുള്ളില്‍ രഹസ്യമായി 114 കിലോ ഭാരം കുറച്ചു; 40 ലക്ഷത്തോളം പേരെ ഞെട്ടിച്ച് യുട്യൂബര്‍

യുട്യൂബില്‍ 40 ലക്ഷത്തോളം സബ്സ്‌ക്രൈബേഴ്സുള്ള സെലിബ്രിറ്റിയാണ് നിക്കോളാസ് പെറി. നിക്കോകാഡോ അവോക്കാഡോ എന്ന പേരില്‍ അറിയപ്പെടുന്ന പെറിയുടെ ഭാരം കുറച്ചതുമായി ബന്ധപ്പെട്ട വീഡിയോയാണ് ഇപ്പോള്‍ യുട്യൂബില്‍ ട്രെന്‍ഡിങ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 114 കിലോ ഭാരമാണ് പെറി കുറച്ചത്.
ഏഴ് മാസം മുമ്പാണ് യുട്യൂബില്‍ പെറി ഇതിന് മുമ്പ് വീഡിയോ പബ്ലിഷ് ചെയ്തത്. ശരീരഭാരം കൂടിയ പെറിയെ അന്ന് പലരും പരിഹസിച്ചിരുന്നു. നടക്കാന്‍പോലും ബുദ്ധിമുട്ടുള്ള രീതിയിലായിരുന്നു പെറിയുടെ രൂപം. അന്ന് 162 കിലോ ആയിരുന്നു ഭാരം. എന്നാല്‍ പുതിയ വീഡിയോ കണ്ട് ആശ്ചര്യപ്പെട്ടിരിക്കുകയാണ് പെറിയുടെ ഫോളോവേഴ്സ്.
‘രണ്ടടി’ മുന്നോട്ട് എന്ന പേരിലാണ് പുതിയ വീഡിയോ പെറി പങ്കുവെച്ചത്. നിമിഷനേരത്തിനുള്ളില്‍ വൈറലായ ഈ വീഡിയോ ഇതിനകം മൂന്ന് കോടി ആളുകള്‍ കണ്ടുകഴിഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി താന്‍ ഭാരം കുറയ്ക്കാനുള്ള പരിശ്രമങ്ങള്‍ ചെയ്യുന്നുണ്ടെന്നും ആ കാലയളവില്‍ യുട്യൂബില്‍ പങ്കുവെച്ചതെല്ലും നേരത്തെ റെക്കോഡ് ചെയ്തുവെച്ച വീഡിയോയാണെന്നും പെറി വെളിപ്പെടുത്തുന്നു. ഈ രണ്ട് വര്‍ഷത്തിനിടയില്‍ ഷൂട്ട് ചെയ്ത ആദ്യ വീഡിയോ ഈ ഭാരം കുറച്ചതിനെ കുറിച്ചുള്ളതാണെന്നും പെറി വ്യക്തമാക്കുന്നു. ഭീമന്‍ പാണ്ടയുടെ മുഖംമൂടി വെച്ചാണ് പെറി വീഡിയോ തുടങ്ങുന്നത്. നിങ്ങള്‍ ഇതുവരെ കണ്ടതെല്ലാം സ്വപ്നമാണെന്നും ഇതാണ് യാഥാര്‍ഥ്യമെന്നും വീഡിയോയില്‍ പെറി പറയുന്നു.
ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകളാണ് പെറി അധികവും തന്റെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നത്. വലിയ അളവില്‍ ഭക്ഷണം കളിക്കുന്നതും അതിന്റെ റിവ്യൂ പറയുന്നതുമായ വീഡിയോകളാണ് അധികവുമുള്ളത്. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പെറി യുട്യൂബ് ചാനല്‍ തുടങ്ങുന്നത്.
തുടക്കത്തില്‍ മെലിഞ്ഞ ശരീര പ്രകൃതമായിരുന്നു പെറിയുടേത്. എന്നാല്‍ വളരെ വേഗത്തില്‍ ഭാരം കൂടുകയും പെറി പല പരിഹാസങ്ങള്‍ക്ക് ഇരയാകുകയും ചെയ്തു. വീഡിയോകളുടെ എണ്ണം കുറഞ്ഞതോടെ പെറി അസുഖബാധിതനാണെന്ന തരത്തിലും വാര്‍ത്തകള്‍ പരന്നു. ഏഴ് മാസങ്ങള്‍ക്ക് മുമ്പാണ് അവസാന വീഡിയോ പുറത്തുവന്നത്. ഇതോടെ ഹൃദയാഘാതം വന്ന് പെറി മരണപ്പെട്ടു എന്നുവരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

Related Articles

Back to top button