BREAKING NEWSLATESTNATIONAL

രവി പൂജാരിയെ കൊച്ചിയില്‍ എത്തിച്ചു

ബെംഗളൂരു: ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ വാങ്ങിയ അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചിയില്‍ എത്തിച്ചു. ബെംഗളൂരുവില്‍നിന്ന് എയര്‍ ഏഷ്യയുടെ വിമാനത്തിലാണ് പൂജാരിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. സുരക്ഷാ ഭീഷണിയുള്ളതിനാല്‍ അദ്ദേഹത്തെ എ.ടി.എസിന്റെ കസ്റ്റഡിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. തുടര്‍ന്ന് ഇന്ന് വിശദമായി ചോദ്യം ചെയ്യും. എന്നാല്‍ തെളിവെടുപ്പ് ഉള്‍പ്പെടെയുള്ളവ ഉണ്ടാകില്ലെന്നാണ് വിവരം.
ബുധനാഴ്ച വൈകിട്ടോടെയാണ് ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തി ക്രൈംബ്രാഞ്ച് സംഘം പൂജാരിയെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പൂജാരിയെ വന്‍ സുരക്ഷാ സന്നാഹത്തോടെ ബെംഗളൂരു വിമാനത്താവളത്തിലെത്തിച്ചു. ഇവിടെ നിന്നാണ് രാത്രിയോടെ വിമാനമാര്‍ഗം കൊച്ചിയിലെത്തിച്ചത്. കേസില്‍ ഇയാളുടെ പങ്കാളിത്തം സംബന്ധിച്ച് വിവരം ശേഖരിക്കുന്നതിനായാണ് രവി പൂജാരിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്.
കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനാണ് രവി പൂജാരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. കേസില്‍ മൂന്നാം പ്രതിയാണ് രവി പൂജാരി. ജൂണ്‍ എട്ട് വരെയാണ് കോടതി അനുവദിച്ചിരിക്കുന്ന കസ്റ്റഡി കാലാവധി. തുടര്‍ന്ന് രവി പൂജാരിയെ തിരികെ ബെംഗളൂരുവിലെത്തിച്ച് കോടതിയില്‍ ഹാജരാക്കണം.
2018 ഡിസംബര്‍ 15നായിരുന്നു കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറില്‍ വെടിവെപ്പ് നടന്നത്. നടി ലീന മരിയ പോളിന്റെ പനമ്പിള്ളി നഗറിലെ ബ്യൂട്ടിപാര്‍ലറിലേക്ക് ബൈക്കിലെത്തിയ രണ്ടു യുവാക്കള്‍ വെടിയുതിര്‍ക്കുകയായിരുന്നു. രവി പൂജാരിയുടെ സംഘമാണ് വെടിയുതിര്‍ത്തതെന്ന് ലീന മൊഴിയും നല്‍കി. ഇതിന് ഒരു മാസം മുമ്പ് രവി പൂജാരിയുടെ പേരില്‍ ഒരാള്‍ വിളിച്ച് 25 കോടി രൂപ ആവശ്യപ്പെട്ടുവെന്നും തന്നില്ലെങ്കില്‍ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു മൊഴി. പിന്നീട് രവി പൂജാരി കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു.

Related Articles

Back to top button