BUSINESSBUSINESS NEWS

രസ്‌ന സ്ഥാപകന്‍ അരീസ് ഖമ്പട്ട അന്തരിച്ചു

അഹമ്മദാബാദ്: രസ്‌നയുടെ സ്ഥാപകചെയര്‍മാനും പ്രമുഖ പാഴ്‌സി വ്യവസായിയുമായ അരീസ് ഖമ്പട്ട (85) വിടവാങ്ങി. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ഇന്ത്യയിലെ മധുരപാനീയ വിപണിയില്‍ ‘ ഐ ലവ് യൂ രസ്‌ന ‘ എന്ന പരസ്യവുമായി 1970 കളില്‍ രസ്‌ന സ്‌നേഹം തുളുമ്പിയെഴുതിയ വിജയഗാഥ അരീസിന്റെ നേതൃപാടവത്തിലായിരുന്നു.1980 കളിലെ കുട്ടികള്‍ക്കു മറക്കാന്‍ കഴിയാത്ത ബ്രാന്‍ഡാണു രസ്‌ന. ടെലിവിഷന്‍ പരസ്യങ്ങളില്‍ വാത്സല്യം തുളുമ്പുന്ന പെണ്‍കുട്ടിയെ കൊണ്ടുവന്ന് അതു ഹിറ്റാക്കിയത് അരീസിന്റെ ദീര്‍ഘവീക്ഷണമായിരുന്നു.
രസ്‌ന,അമുല്‍,നിര്‍മ എന്നീ മൂന്നു പ്രശസ്ത ബ്രാന്‍ഡുകളും അഹമ്മദാബാദില്‍ നിന്ന് പെണ്‍കുട്ടികളെ ബ്രാന്‍ഡ് അംബാസഡറാക്കി വിജയം നേടിയെന്നതും കൗതുകകരം. സോഫ്റ്റ് ഡ്രിങ്ക്‌സ് വലിയ വിലയില്‍ വില്‍പന നടത്തിയിരുന്ന കാലത്ത് മധ്യവര്‍ഗത്തിന് താങ്ങാവുന്ന വിലയ്ക്ക് രസ്‌നയുടെ രസക്കൂട്ടുകള്‍ വിപണിയിലെത്തി. 5 രൂപയുടെ രസ്‌ന കോണ്‍സന്‍ട്രേറ്റ് വാങ്ങിയാല്‍ 35 ഗ്ലാസ് പാനീയം എന്നത് വലിയ ആകര്‍ഷണമായി.
ലിംകയും തംസപ്പും നിറഞ്ഞുനിന്ന ഇന്ത്യന്‍ വിപണിയില്‍ രസ്‌ന സാധാരണക്കാരന്റെ പാനീയമായി. 1990 കളുടെ തുടക്കം വരെ രസ്‌ന വിപണിയില്‍ മുന്നിലായിരുന്നു. 9 പ്ലാന്റുകളിലാണ് രസ്‌ന നിര്‍മിച്ചിരുന്നത്. രാജ്യമെമ്പാടുമായി 26 ഡിപ്പോകള്‍ വഴിയായിരുന്നു വിപണനം. 60 രാജ്യങ്ങളില്‍ രസ്‌ന മാര്‍ക്കറ്റ് ചെയ്തു. 1998 ല്‍ അരീസ് ഖമ്പട്ട കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനം മകന്‍ പിറൂസിനു കൈമാറിയിരുന്നു. അഹമ്മദാബാദിലെ പാഴ്‌സി സമൂഹത്തിന്റെ മുന്‍ അധ്യക്ഷനായിരുന്നു അരീസ് ഖമ്പട്ട.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker