BREAKING NEWSKERALA

രാഖിലിന് പണം ഇല്ലെന്നു കണ്ടപ്പോള്‍ മാനസ ഒഴിവാക്കി… ചതിക്കപ്പെട്ടു എന്ന തോന്നല്‍ ഉണ്ടായിരുന്നു: രാഖിലിന്റെ സുഹൃത്ത് പറയുന്നു

രാഖില്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കാന്‍ തുടങ്ങിയതിനു ശേഷമാണ് മാനസ അകലാന്‍ തുടങ്ങിയതെന്ന് രാഖിലിന്റെ സുഹൃത്ത്. താന്‍ ചതിക്കപ്പെട്ടു എന്ന തോന്നല്‍ രാഖിലിന് ഉണ്ടായിരുന്നതായും സുഹൃത്ത് ആദിത്യ പറഞ്ഞു. കൈ ചെറുതായി മുറിഞ്ഞാല്‍ പോലും പേടിക്കുന്ന പ്രകൃതമാണ് രാഖിലിന് ഉള്ളതെന്നും സുഹൃത്ത് പറഞ്ഞു.
‘വ്യാഴാഴ്ച രാത്രി വിളിച്ചിരുന്നു. അവിടെ എത്തിയെന്നാണ് പറഞ്ഞത്. അവളെ കണ്ട് കുറച്ച് സംസാരിച്ചെങ്കിലും അവള്‍ പിന്നെ സംസാരിക്കാമെന്ന് പറഞ്ഞതായി എന്നോട് പറഞ്ഞു. എന്തിനാണ് ഒഴിവാക്കിയതെന്ന് അവളെ കണ്ട് ചോദിക്കണം എന്നു പറഞ്ഞാണ് പോയത്. ഒരു വര്‍ഷമായി അവര്‍ കടുത്ത പ്രണയത്തിലായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. അവര്‍ തമ്മില്‍ പിരിഞ്ഞിട്ട് രണ്ട് മാസമേ ആയിട്ടുള്ളൂ. മാനസ മറ്റൊരാളുമായി പ്രണയത്തിലാണെന്ന സംശയം രാഖില്‍ പറഞ്ഞിരുന്നു.’
എറണാകുളത്തേക്ക് പോയത് മാനസയെ കാണുന്നതിനു മാത്രമാണ്. ജോലി ആവശ്യത്തിനു പോയതല്ല. കഴിഞ്ഞ മാര്‍ച്ച് മുതല്‍ ജോലിയുമായി ബന്ധപ്പെട്ട് രാഖില്‍ സാമ്പത്തികമായി അല്‍പ്പം ബുദ്ധിമുട്ടിലായിരുന്നു. അതിനു ശേഷമാണ് അവള്‍ ബന്ധത്തില്‍ നിന്നും പിന്നോട്ടു പോയത്. ബന്ധം തുടരാന്‍ താല്‍പര്യമില്ല എന്ന് മാനസ പറഞ്ഞതിനു ശേഷം അവന് വിഷമം ഉണ്ടായിരുന്നു. താന്‍ ചതിക്കപ്പെട്ടു എന്ന തോന്നല്‍ അവനുണ്ടായിരുന്നു. രാഖില്‍ തോക്ക് ഉപയോഗിക്കുന്ന ആളല്ല. കൈ ചെറുതായി മുറിഞ്ഞാല്‍ പോലും പേടിക്കുന്ന ആളാണ്- രാഖിലിന്റെ ബിസിനസ് പാട്ണറും സുഹൃത്തുമായ ആദിത്യ പറഞ്ഞു.
മനസയെ കൊല്ലുന്നതിനായി 7.62 പിസ്റ്റലാണ് രാഖില്‍ ഉപയോഗിച്ചത്. ഏഴ് റൗണ്ട് വെടിയുതിര്‍ക്കാന്‍ ശേഷിയുള്ള തോക്കില്‍ നിന്നും മാനസയ്ക്ക് രണ്ട് തവണ വെടിയേറ്റു. ചെവിക്കു പിന്നിലായും നെഞ്ചിലുമാണ് മാനസയ്ക്ക് വെടിയേറ്റത്. തോക്ക് എത്തിച്ചത് ബീഹാറില്‍ നിന്നാണെന്ന് പോലീസ് സംശയിക്കുന്നു. ജൂലൈ 12ന് സൃഹൃത്തിനൊപ്പം രാഖില്‍ ബീഹാറില്‍ പോയിരുന്നു. ബീഹാറില്‍ തോക്ക് ലഭിക്കുമെന്ന് രാഖില്‍ അറിഞ്ഞത് ഇന്റര്‍നെറ്റിലൂടെയാണെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. കൊല്ലപ്പെടുന്നതിന് അടുത്ത ദിവസങ്ങളില്‍ രാഖില്‍ മാനസയോട് നാല് തവണ സംസാരിച്ചിരുന്നതായി ആദിത്യ പറഞ്ഞു. രാഖിലിന് കൗണ്‍സിലിങ് നല്‍കണമെന്ന് രാഖിലിന്റെ കുടുംബത്തോട് താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ആദിത്യ പറഞ്ഞു. രാഖിലിന് ബെംഗളുരുവുമായി അടുത്ത ബന്ധമുണ്ടെന്നും ഇന്റീരിയര്‍ ഡിസൈനിങ്ങിനുള്ള സാധനങ്ങള്‍ അവിടെനിന്നാണ് വാങ്ങിക്കുന്നതെന്നും ആദിത്യ വ്യക്തമാക്കി.
മറ്റൊരു പ്രണയം തകര്‍ന്ന ശേഷമാണ് രാഖില്‍ മാനസയെ പരിചയപ്പെടുന്നത്. പോലീസ് വിളിപ്പിച്ച ശേഷവും ബന്ധത്തില്‍ നിന്നും പിന്നോട്ടു പോകാന്‍ രാഖില്‍ തയ്യാറായിരുന്നില്ല. മാനസ തള്ളിപ്പറഞ്ഞത് രാഖിലിനെ തളര്‍ത്തി. ജീവിതം തകര്‍ന്നെന്ന് രാഖില്‍ തനിക്ക് മെസേജ് അയച്ചെന്നും വിദേശത്തു പോയി പണം ഉണ്ടാക്കിയാല്‍ ബന്ധം തുടരാമെന്നാണ് രാഖില്‍ പ്രതീക്ഷിച്ചതെന്നും സഹോദരന്‍ രാഹുല്‍ പറഞ്ഞു. മാനസയുമായുള്ള ബന്ധം തകര്‍ന്നതില്‍ ദുഖമില്ലെന്നു വരുത്താന്‍ രാഖില്‍ ശ്രമിച്ചിരുന്നതായും മറ്റൊരു വിവാഹത്തിന് തയ്യാറാണെന്ന് രാഖില്‍ കുടുംബത്തോട് പറഞ്ഞിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.
മാസങ്ങള്‍ക്കു മുന്നേയാണ് ഇരുവരും തമ്മില്‍ പ്രശ്‌നം ഉണ്ടായത്. കാര്യമായ ജോലിയോ വരുമാനമോ രാഖിലിന് ഇല്ലെന്ന് മാനസ തിരിച്ചറിഞ്ഞു. സമൂഹമാധ്യമങ്ങളിലെ സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പോലെയല്ല കാര്യങ്ങളെന്ന് അവള്‍ മനസിലാക്കി. ഇതിനു പിന്നാലെയാണ് ബന്ധത്തില്‍ അകല്‍ച്ച ആരംഭിച്ചത്. ഇതോടെ ബന്ധത്തില്‍ നിന്നും പിരിയാമെന്ന് മാനസ പറഞ്ഞെങ്കിലും രാഖില്‍ തയ്യാറായിരുന്നില്ല. മാനസയെ മറ്റൊരാളുടെ കൂടെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് രാഖില്‍ പറയുമായിരുന്നും ചിലര്‍ പറയുന്നുണ്ട്. ശല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് മാതാപിതാക്കളെ വിവരം അറിയിച്ചത്.
സാമ്പത്തികം പ്രശ്‌നമായി വന്നതോടെ കൂടുതല്‍ പണം ഉണ്ടാക്കാനായിരുന്നു രാഖിലിന്റെ ശ്രമം. മാനസ ഒഴിവാക്കിയതോടെ രാഖിലിന് പക ഉണ്ടായിരുന്നതായി സുഹൃത്ത് സാക്ഷ്യപ്പെടുത്തുന്നു. ഗള്‍ഫിലേക്ക് പോകാന്‍ ശ്രമിച്ചെങ്കിലും കൊവിഡ് പ്രതിസന്ധി മൂലം സാധിച്ചിരുന്നില്ല. കുറച്ച് ദിവസങ്ങളായി രാഖിലിന്റെ അമ്മയ്ക്ക് കടുത്ത മാനസിക സമ്മര്‍ദ്ദം ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പറയുന്നുണ്ട്. രാഖില്‍ ഇത്തരത്തിലൊരു ക്രൂരത ചെയ്യുമെന്ന് വീട്ടുകാരും സുഹൃത്തുക്കളും പ്രതീക്ഷിച്ചിരുന്നില്ല.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker