ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ പതിനാറ് ലക്ഷത്തിലധികം ആരോഗ്യപ്രവർത്തകർക്ക് കോവിഡ് 19 വാക്സിൻ നൽകിയതായി ആരോഗ്യമന്ത്രാലയം. കഴിഞ്ഞ ദിവസം വൈകിട്ട് വരെയുള്ള കണക്കുകൾ പ്രകാരമുള്ള റിപ്പോര്‍ട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് പുറത്തുവിട്ടത്. ഇക്കഴിഞ്ഞ ജനുവരി 16നാണ് രാജ്യത്ത് വാക്സിനേഷൻ ഡ്രൈവിന് തുടക്കം കുറിച്ചത്. താത്ക്കാലിക റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ ദിവസം വൈകിട്ട് ഏഴര വരെ അഞ്ച് സംസ്ഥാനങ്ങളിലായി 31,466 പേരാണ് വാക്സിൻ സ്വീകരിച്ചത്. ഹരിയാന (907), കർണാടക (2472), പഞ്ചാബ് (1007), രാജസ്ഥാൻ (24,586), തമിഴ്നാട് (2494) എന്നിങ്ങനെയാണ് കണക്കുകൾ. ഇതുവരെയുള്ള കണക്കുകൾ അനുസരിച്ച് ഏറ്റവും കൂടുതൽ വാക്സിനുകൾ നൽകിയ സംസ്ഥാനം കർണാടകയാണ്. ഒഡീഷയും ആന്ധ്രാപ്രദേശും ആണ് അടുത്ത രണ്ട് സ്ഥാനങ്ങളിൽ.
ചിലയിടങ്ങളിൽ വാക്സിന്റെ പാർശ്വഫലങ്ങൾ സംബന്ധിച്ചും ആശങ്ക ഉയർത്തി റിപ്പോർട്ടുകള്‍ വന്നിരുന്നുവെങ്കിലും അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നതാണ് ആശ്വാസം പകരുന്നത്. വാക്സിനേഷൻ ഡ്രൈവിന്റെ ഒന്നാംഘട്ടത്തിൽ ഏകദേശം മൂന്ന് കോടി പേർക്ക് വാക്സിൻ നല്‍കാനാണ് തീരുമാനം. ഇതിനായി നേരത്തെ തന്നെ മുൻഗണനാ പട്ടികയും തയ്യാറാക്കി കഴിഞ്ഞിരുന്നു.