ന്യൂഡല്‍ഹി: ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹക്കുറ്റം നിലനിര്‍ത്തണമെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ സുപ്രീംകോടതിയില്‍ . ദുരുപയോഗം തടയാനുള്ള മാനദണ്ഡം വേണമെന്നും അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാസാധുത സംബന്ധിച്ച് കേന്ദ്രത്തിന്റെ നിലപാട് അറിയിക്കാന്‍ തിങ്കളാഴ്ച്ച വരെ കോടതിസമയം അനുവദിച്ചു. ചൊവ്വാഴ്ച്ച ഹര്‍ജികളില്‍ വീണ്ടും വാദം കേള്‍ക്കും.
രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാന്‍ വിശാലബെഞ്ച് വേണ്ടെന്ന നിലപാടാണ് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയില്‍ അറിയിച്ചത്. രാജ്യദ്രോഹനിയമം ദുരുപയോഗം ചെയ്യുന്നതാണ് പ്രശ്നം . നിയമം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് മാര്‍ഗനിര്‍ദേശം കൊണ്ടുവരണമെന്നും എജി കോടതിയില്‍ പറഞ്ഞു. ദുരുപയോഗം ഒരു നിയമം റദ്ദാക്കുന്നതിനുള്ള കാരണമാകരുതെന്നായിരുന്നു എജിയുടെ വാദം. രാജ്യദ്രോഹകുറ്റം നിലനില്‍ക്കുമെന്ന 1962 ലെ കേദാര്‍നാഥ് കേസിലെ വിധി പുനപരിശോധിക്കണമെന്ന വാദത്തെയും എജി എതിര്‍ത്തു.
എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ഇതാവണമെന്നില്ല എന്ന സൂചനയാണ് എജി നല്‍കിയത്. അറ്റോര്‍ണി ജനറല്‍ എന്ന നിലയ്ക്ക് തന്റെ നിലപാടാണ് പറയുന്നത്. സോളിസിറ്റര്‍ ജനറലിന്റെ അഭിപ്രായം വ്യത്യസ്തമായിരിക്കാം എന്നും കെ കെ വേണുഗോപാല്‍ വ്യക്തമാക്കി. മറുപടി നല്കാന് കൂടുതല്‍ സമയം വേണമെന്നും കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. വിശാല ബെഞ്ച് രൂപീകരിച്ചാല്‍ സുപ്രധാന വിഷയങ്ങളില്‍ വാദം കേള്‍ക്കാനാകുമെന്ന് കോടതി വ്യക്തമാക്കി.
നിയമം സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുന്നുവെന്നും പൗരന് ഭരണഘടന നല്കുന്ന സംരക്ഷണം ഇല്ലാതാകുന്നതെന്നും മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ വാദിച്ചു. കേസ് ഇനി മാറ്റിവയ്ക്കില്ലെന്നും ഹര്‍ജിയില്‍ ചൊവ്വാഴ്ച അന്തിമവാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി. മറുപടി എഴുതിനല്കാന് കേന്ദ്രത്തിനും ഹര്‍ജിക്കാര്‍ക്കും കോടതി സമയം അനുവദിച്ചു. ഓരോ മണിക്കൂര്‍ വീതം ഇരുകൂട്ടര്‍ക്കും വാദത്തിനായി നല്‍കും. വിശാലബെഞ്ചിന് വിടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അതിന് ശേഷം തീരുമാനിക്കുമെന്നും കോടതി വ്യക്തമാക്കി.