ENTERTAINMENTBOLLYWOOD

രാജ് കുന്ദ്ര ആ വിവാദ സംഭവങ്ങള്‍ തുറന്നു പറയുന്നു, ആദ്യ ഭാര്യയുമായി പിരിഞ്ഞതും ശില്‍പ ഷെട്ടിയെ വിവാഹം കഴിച്ചതും

രാജ് കുന്ദ്രയുമായുള്ള വിവാഹബന്ധം തകരാന്‍ കാരണം ശില്‍പ ഷെട്ടിയാണെന്ന് മുന്‍ ഭാര്യ ആരോപിക്കുന്ന വീഡിയോ അടുത്തിടെ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രതികരിച്ചിരുന്നു. കവിത എന്ന ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്തതിന് ശേഷമാണ് രാജ് കുന്ദ്ര 2009 ല്‍ ശില്‍പ ഷെട്ടിയെ വിവാഹം ചെയ്യുന്നത്. 2006 ലായിരുന്നു കവിതയുമായുള്ള വിവാഹമോചനം.
വിവാഹ ബന്ധം തകരാന്‍ കാരണം ശില്‍പയാണെന്ന് കവിത ആരോപിക്കുന്ന വീഡിയോ ആണ് വീണ്ടും പ്രചരിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള വീഡിയോ അടുത്തിടെ വ്യാപകമായി വീണ്ടും ഷെയര്‍ ചെയ്യപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നെങ്കിലും ശില്‍പ ഷെട്ടിയോ രാജ് കുന്ദ്രയോ ഇതുവരെ പ്രതികരിച്ചിരുന്നില്ല.
ഇപ്പോള്‍ വിഷയത്തില്‍ തനിക്ക് പറയാനുള്ളത് വ്യക്തമാക്കിയിരിക്കുകയാണ് രാജ് കുന്ദ്ര. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രാജ് കുന്ദ്ര ആദ്യ വിവാഹത്തെ കുറിച്ചുള്ള കാര്യങ്ങള്‍ തുറന്നു പറയുന്നത്. ശില്‍പയുടെ 46ാം പിറന്നാള്‍ ആഘോഷം കഴിഞ്ഞതിന് പിന്നാലെയായിരുന്നു വീഡിയോ വീണ്ടും പ്രചരിച്ചത്.
തന്റെ ഭാര്യയുടെ പിറന്നാളിന് പിന്നാലെ പതിനൊന്ന് വര്‍ഷം മുമ്പുള്ള വീഡിയോ വീണ്ടും പ്രചരിച്ചത് ഏറെ വിഷമമുണ്ടാക്കിയെന്ന് രാജ് കുന്ദ്ര അഭിമുഖത്തില്‍ പറയുന്നു. പാതിവെന്ത കഥയാണ് തന്റെ ആദ്യ വിവാഹത്തെ കുറിച്ച് പ്രചരിക്കുന്നതെന്നാണ് രാജ് കുന്ദ്ര പറയുന്നത്. പന്ത്രണ്ട് വര്‍ഷം താന്‍ മിണ്ടാതിരുന്നു. ഇനിയും മിണ്ടാതിരിക്കാനാകില്ല. ഇതിന് പിന്നില്‍ ചില അജണ്ടകളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ആദ്യ ഭാര്യ പണം നല്‍കിയാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നാണ് രാജ് കുന്ദ്രയുടെ പ്രധാന ആരോപണം. സ്വന്തം കുറ്റങ്ങള്‍ കൊണ്ട് തകര്‍ന്ന വിവാഹത്തിന് ഒരു സെലിബ്രിറ്റിയെ കുറ്റപ്പെടുത്തുകയാണ് തന്റെ മുന്‍ ഭാര്യയെന്നും രാജ് കുന്ദ്ര പറഞ്ഞു.
മുന്‍ വിവാഹം തകര്‍ന്നതിന്റെ കാരണത്തെ കുറിച്ചും അഭിമുഖത്തില്‍ രാജ് കുന്ദ്ര ആദ്യമായി തുറന്നുപറയുന്നുണ്ട്. തന്റെ സഹോദരിയുടെ മുന്‍ ഭര്‍ത്താവുമായി കവിതയെന്ന തന്റെ ആദ്യ ഭാര്യയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്നാണ് കുന്ദ്രയുടെ ആരോപണം. ലണ്ടനില്‍ താമസിച്ചിരുന്ന സമയത്തായിരുന്നു ഇത്.
സഹോദരിയുടെ ഭര്‍ത്താവുമായി അവര്‍ ഏറെ നേരം ചെലവഴിച്ചിരുന്നു. പ്രത്യേകിച്ച് താന്‍ ബിസിനസ് ടൂറിലായിരുന്ന സമയങ്ങളില്‍. തന്റെ കുടുംബത്തിലെ പലരും ഡ്രൈവര്‍ പോലും തന്നോട് ഇതിനെ പറ്റി സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അതൊന്നും വിശ്വസിക്കാന്‍ താന്‍ തയ്യാറായില്ല.
‘സംശയത്തിന്റെ ആനുകൂല്യം മുന്‍ ഭാര്യയ്ക്ക് ഞാന്‍ നല്‍കി. എന്നെ കൊണ്ട് ചെയ്യാവുന്നതെല്ലാം ചെയ്തു. എന്റേതായാലും അവരുടേതായാലും കുടുംബത്തിന് ഞാന്‍ വലിയ പ്രധാന്യം നല്‍കുന്നുണ്ട്. ഇന്നും അതിന് മാറ്റമില്ല. സഹോദരിയും ഭര്‍ത്താവും ഇന്ത്യയിലേക്ക് തിരിച്ചു പോയതിന് ശേഷമാണ് ഈ ബന്ധത്തെ കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നത്. കുളിമുറിയില്‍ ഭാര്യ രഹസ്യമായി സൂക്ഷിച്ച മൊബൈല്‍ ഫോണും കണ്ടെത്തിയിരുന്നു. സഹോദരിയുടെ ഭര്‍ത്താവിന് സ്വന്തം ഭാര്യ അയച്ച മെസേജുകളെല്ലാം എനിക്ക് വായിക്കേണ്ടി വന്നു.’
ഇത്രയും വലിയ ദുരന്തമുണ്ടാകാന്‍ എന്താണ് താന്‍ ചെയ്തതെന്ന് ആലോചിച്ച് ഒരുപാട് കരഞ്ഞ ദിവസങ്ങളായിരുന്നു അത്. ഗര്‍ഭിണിയായ സഹോദരിയെ വിളിച്ച് ഇക്കാര്യം പറഞ്ഞു. കവിതയെ അവരുടെ വീട്ടിലേക്ക് തിരിച്ചയക്കുകയാണെന്നും ബന്ധം തുടരാന്‍ താത്പര്യമില്ലെന്നും സഹോദരിയോട് പറഞ്ഞു. ഭര്‍ത്താവിന്റെ കാര്യത്തില്‍ സഹോദരിക്ക് തീരുമാനമെടുക്കാമെന്നും അറിയിച്ചു.
മകള്‍ ജനിച്ചതിന് ശേഷമാണ് കവിതയെ അവരുടെ മാതാപിതാക്കളുടെ വീട്ടില്‍ നിര്‍ത്തുന്നത്. അവസാനമായി അവരേയും കുഞ്ഞിനേയും പിരിയുന്നത് അന്നാണ്. നാല്‍പ്പത് ദിവസം മാത്രം പ്രായമുള്ള മകളോട് വിടപറയുക എന്നത് മനസ്സ് തകര്‍ക്കുന്ന കാര്യമായിരുന്നു. സഹോദരിയുടെ ഭര്‍ത്താവുമായുള്ള ബന്ധത്തെ കുറിച്ച് താന്‍ അറിഞ്ഞ കാര്യവും ഭാര്യയെ അറിയിച്ചു.
ഇതിനു ശേഷമാണ് ശില്‍പയെ കാണുന്നത്. ചില പൊതുസുഹൃത്തുക്കള്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു. ശില്‍പയുമായുള്ള അടുപ്പം അറിഞ്ഞതോടെ ഡിവോഴ്‌സ് നല്‍കണമെങ്കിലുള്ള ആവശ്യങ്ങള്‍ മുന്‍ ഭാര്യ മുന്നോട്ടുവെച്ചു. ബ്രിട്ടനിലെ ഒരു ടാബ്ലോയിഡിന് പണം നല്‍കിയാണ് തന്റെ വിവാഹം തകരാന്‍ ശില്‍പയാണ് കാരണമെന്ന വാര്‍ത്ത അവര്‍ പ്രചരിപ്പിച്ചത്. മകളെ പിരിയണമെന്നത് കവിതയുടെ ആവശ്യമായിരുന്നു. തങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങളില്‍ മകളെ കൂടി വലിച്ചിഴക്കേണ്ട എന്നതിനാല്‍ അത് സമ്മതിച്ചു.
മകള്‍ സാമ്പത്തികമായി സുരക്ഷിതയാണെങ്കിലും അവളെ കാണാന്‍ കഴിയാത്തതില്‍ വിഷമമുണ്ട്. തന്നെ കുറിച്ച് എന്ത് കഥയാകും മുന്‍ഭാര്യ മകളോട് പറഞ്ഞത് എന്നും അറിയില്ല. മകളെ കാണാന്‍ ശ്രമം നടത്തിയെങ്കിലും അതിനും അനുവദിച്ചില്ല.
മാനസികമായി തകര്‍ന്ന സമയത്ത് ശില്‍പയാണ് തനിക്ക് ആശ്വാസമായത്. വിവാഹമോചനത്തിന് ശേഷം മുന്‍ ഭാര്യയുമായി തനിക്ക് യാതൊരു ബന്ധവും തനിക്കില്ല. ഇതിനിടയില്‍ വീണ്ടും പഴയ വീഡിയോ പ്രചരിച്ചു കൊണ്ടിരുന്നപ്പോള്‍ കടുത്ത ദേഷ്യമാണ് തോന്നിയത്. അപ്പോഴും പ്രതികരിക്കേണ്ടെന്ന് പറഞ്ഞത് ശില്‍പയാണ്.
എന്നാല്‍ ഇനിയും മിണ്ടാതിരിക്കേണ്ടതില്ലെന്ന് സ്വയം തീരുമാനിക്കുകയായിരുന്നു. അതിനാലാണ് ഇപ്പോള്‍ കാര്യങ്ങള്‍ തുറന്നു പറയുന്നത്. സത്യം ഒരിക്കല്‍ പുറത്തു വരണമെന്നാണ് താന്‍ കരുതുന്നതെന്നും അഭിമുഖത്തില്‍ രാജ് കുന്ദര്‍ പറഞ്ഞു.
2009 ലാണ് ബിസിനസ്സുകാരനായ രാജ് കുന്ദ്രയുമായുള്ള ശില്‍പ ഷെട്ടിയുടെ വിവാഹം. 2012 ല്‍ ഇവര്‍ക്ക് ആദ്യ മകന്‍ വിഹാന്‍ ജനിച്ചു. കഴിഞ്ഞ വര്‍ഷമാണ് ഇരുവരുടേയും ജീവിതത്തിലേക്ക് ഒരു പെണ്‍കുഞ്ഞ് കൂടി കടന്നു വന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker