BREAKINGINTERNATIONAL

രാത്രിയില്‍ ശുചിമുറി ഉപയോഗിക്കരുത്, പല്ലുതേക്കരുത് എന്ന് അയല്‍ക്കാരി, പരാതിയുമായി യുവാവ്

രാത്രിയില്‍ ശുചിമുറി ഉപയോഗിക്കുക, പല്ലുതേക്കുക തുടങ്ങിയ കാര്യങ്ങളൊന്നും ചെയ്യാന്‍ പാടില്ല എന്ന് ആവശ്യപ്പെട്ട യുവതിക്കെതിരെ പരാതിയുമായി അയല്‍ക്കാരന്‍. യുവതിക്ക് ചെറിയ ശബ്ദം പോലും പ്രശ്‌നമുണ്ടാക്കും. അത് കാരണം തനിക്ക് തന്റെ വീട്ടില്‍ ഒരു കാര്യവും ചെയ്യാനാവുന്നില്ല എന്നാണ് യുവാവ് പറയുന്നത്.
ഷെജിയാങ് പ്രവിശ്യയിലെ ഒരു റെസിഡന്‍ഷ്യല്‍ ബ്ലോക്കിന്റെ ഒന്നാം നിലയില്‍ താമസിക്കുന്ന വാങ്ങ് എന്ന യുവതിക്കെതിരെയാണ് അതേ കെട്ടിടത്തില്‍ രണ്ടാം നിലയില്‍ താമസിക്കുന്ന ഷാങ് പരാതി നല്‍കിയത്. മുകളിലത്തെ നിലയില്‍ നിന്നുമുള്ള ശബ്ദങ്ങള്‍ പ്രത്യേകിച്ച് രാത്രി സമയങ്ങളില്‍ തന്നെ വളരെയധികം അലോസരപ്പെടുത്തുന്നുണ്ടെന്നും അതിനാല്‍ അത്തരത്തിലുള്ള ഒരു ശബ്ദവും മുകളിലത്തെ നിലയില്‍ നിന്നും ഉണ്ടാക്കാന്‍ പാടില്ല എന്നുമാണ് വാങ് തന്റെ അയല്‍വാസിയായ ഷാങ്ങിനോട് ആവശ്യപ്പെട്ടത്. ഇതിന്റെ പേരില്‍ യുവതി തന്നെ ശാസിച്ചു എന്നും ഷാങ്ങ് പരാതിയില്‍ പറയുന്നു.
സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് 2022 ജനുവരി മുതലാണ് ഇരുവരും തമ്മില്‍ ശബ്ദവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ആരംഭിച്ചത്. അയല്‍ക്കാരി തന്നോട് ആവശ്യപ്പെട്ടതനുസരിച്ച് തന്റെ ഫ്‌ലാറ്റില്‍ നിന്നും പുറത്തുവരുന്ന ശബ്ദം പരമാവധി കുറയ്ക്കാന്‍ താന്‍ ശ്രമിച്ചു എന്നാണ് ഷാങ്ങ് പറയുന്നത്. ഇതിനായി പുറത്തേക്ക് ഒട്ടും ശബ്ദം വരാതിരിക്കാന്‍ വീട് മുഴുവന്‍ പരവതാനി വിരിച്ചുവെന്നും ഷാങ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പല്ലു തേക്കുക, കുളിക്കുക അബദ്ധത്തില്‍ പാത്രങ്ങള്‍ താഴെ വീഴുക തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം തന്റെ അയല്‍ക്കാരി ഇപ്പോള്‍ പരാതി പറയുകയാണെന്നാണ് ഇദ്ദേഹം പറയുന്നത്. കൂടാതെ, രാത്രി 10 മണിക്ക് ശേഷം ടോയ്ലറ്റ് ഉപയോഗിക്കാന്‍ പാടില്ലെന്ന് അവര്‍ ആവശ്യപ്പെട്ടതായും ഷാങ്ങ് പറഞ്ഞു.
വാങ്ങിനെതിരെ നിരവധി തവണ ഷാങ് പരാതി നല്‍കുകയും പൊലീസ് ഉദ്യോഗസ്ഥരുടെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തുകയും ചെയ്‌തെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. ഒടുവില്‍ അദ്ദേഹം തന്റെ ഫ്‌ലാറ്റ് മാറി മറ്റൊരു ഫ്‌ലാറ്റിലേക്ക് താമസമായി. പക്ഷേ പ്രശ്‌നങ്ങള്‍ അവിടെയും തീര്‍ന്നില്ല. ഷാങ് തന്റെ ഫ്‌ലാറ്റ് വാടകയ്ക്ക് നല്‍കിയിട്ടായിരുന്നു മറ്റൊരു ഫ്‌ലാറ്റിലേക്ക് മാറി താമസിച്ചത്. പുതിയതായി താമസിക്കാന്‍ എത്തിയവര്‍ക്കും വാങിന്റെ നിര്‍ദ്ദേശങ്ങള്‍ സഹിക്കാതെ ആയതോടെയാണ് പരാതിയുമായി ഇദ്ദേഹം കോടതിയെ സമീപിച്ചത്. കോടതി ഷാങിന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും അയാള്‍ക്ക് നഷ്ടപരിഹാരമായി 2750 ഡോളര്‍ നല്‍കാന്‍ യുവതിയോട് ഉത്തരവിടുകയും ചെയ്തു.

Related Articles

Back to top button