BREAKINGKERALA
Trending

‘രാമകൃഷ്ണനെ താക്കീത് ചെയ്യുകയാണ്, ഓര്‍ത്ത് സംസാരിക്കണം’; പോലീസിന്റേത് തെമ്മാടിത്തമെന്ന് സുധാകരന്‍

പാലക്കാട്: കേരളത്തിന്റെ രാഷ്ട്രീയ- തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇത്രയും മ്ലേച്ഛമായ സംഭവം ഇതുവരെ കേള്‍ക്കുകയോ കാണുകയോ ചെയ്തിട്ടില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍. കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടലില്‍ പോലീസ് നടത്തിയ പരിശോധനയെത്തുടര്‍ന്നുള്ള വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്തിന്റെ അടിസ്ഥാനത്തിലാണ് പോലീസുകാര്‍ രണ്ട് വനിതാ നേതാക്കള്‍ താമസിക്കുന്ന മുറിയില്‍ കയറിച്ചെല്ലാന്‍ ധൈര്യം കാണിച്ചതെന്നും അദ്ദേഹം ചോദിച്ചു.
‘പോലീസുകാരെ മുറിക്കകത്ത് പൂട്ടിയിടണമായിരുന്നു. തോന്നിയതുപോലെ ചെയ്യാന്‍ പോലീസുകാരെ കയറൂരിവിടുന്ന ഭരണകൂടത്തിനെതിരെയുള്ള പോരാട്ടം അതിശക്തമാക്കാന്‍ പോവുകയാണ്. ഞങ്ങള്‍ സമരമുഖത്ത് കാണും. ഈ പോലീസുദ്യോഗസ്ഥന്മാരുടെ പേരില്‍ നടപടിയെടുക്കണം, നടപടിയെടുപ്പിക്കും. ഇല്ലെങ്കില്‍ കോടതിയില്‍ പോവും. പോലീസുദ്യോഗസ്ഥരെ പരമാവധി ഒരുപാഠം പഠിപ്പിക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. അന്തസ്സില്ലാത്ത, അഭിമാനമില്ലാത്ത, ആണത്തമില്ലാത്ത തെമ്മാടിത്തമാണ് പോലീസ് കാണിച്ചത്’, കെ. സുധാകരന്‍ പറഞ്ഞു.
‘നേതാക്കന്മാര്‍ക്ക് സാമാന്യബുദ്ധിയും വിവരവും വിവേകവും വേണം. ശാന്തമായി ആലോചിക്കാനുള്ള കഴിവും പ്രാപ്തിയും വേണം. അതൊന്നുമില്ലാത്ത മരക്കണ്ടംപോലത്തെ രാമകൃഷ്ണനും ആളുകള്‍ക്കും വായില്‍ തോന്നിയത് പറയാവുന്നതല്ല രാഷ്ട്രീയം. ഓര്‍ത്ത് സംസാരിക്കണമെന്ന് രാമകൃഷ്ണനോട് താക്കീത് ചെയ്യുകയാണ് ഞാന്‍’, എന്നായിരുന്നു അനധികൃത ഇടപാടില്ലെങ്കില്‍ പരിശോധനയെ എന്തിനാണ് എതിര്‍ക്കുന്നത് എന്ന എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്റെ പ്രതികരണം ചൂണ്ടിക്കാണിച്ചപ്പോള്‍ സുധാകരന്റെ മറുപടി.
കള്ളപ്പണത്തിന്റെ ഉടമസ്ഥര്‍ തങ്ങളല്ല. കള്ളപ്പണം ഉണ്ടാക്കുന്നതും സൂക്ഷിക്കുന്നതും ഇടപാട് നടത്തുന്നതും പിണറായി വിജയന്റെ പാര്‍ട്ടിയും കെ. സുരേന്ദ്രന്റെ ബി.ജെ.പിയുമാണെന്നും സുധാകരന്‍ ആരോപിച്ചു.

Related Articles

Back to top button