ജോലി സമ്മര്‍ദ്ദം മനുഷ്യരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കും. കൊച്ചി കങ്ങരപ്പടി സ്വദേശി അന്ന സെബാസ്റ്റ്യന്റെ മരണത്തെ തുടര്‍ന്ന് വലിയ ചര്‍ച്ചയാണ് ജോലി സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നത്. ഏണസ്റ്റ് ആന്‍ഡ് യംഗ് കമ്പനിയില്‍ ജോലി ചെയ്യുന്ന അന്ന ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. ജോലിയുടെ സമ്മര്‍ദ്ദമാണ് മകള്‍ മരിക്കാന്‍ കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇത് വലിയ വാര്‍ത്തയായതോടെ ജോലി സമ്മര്‍ദ്ദത്തെ കുറിച്ചും ജോലി സ്ഥലത്ത് അധികം മണിക്കൂറുകള്‍ ജോലി ചെയ്യേണ്ടി വരുന്നതിനെ കുറിച്ചും വലിയ ചര്‍ച്ചകളാണ് ഉണ്ടായി വരുന്നത്.
എന്നാലിപ്പോള്‍, റെഡ്ഡിറ്റില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത് മറ്റൊരു പോസ്റ്റാണ്. 15 മണിക്കൂര്‍ ഒരു ജോലി ഇന്റര്‍വ്യൂ നീണ്ടുനിന്നു എന്നാണ് ഈ പോസ്റ്റില്‍ പറയുന്നത്. SaaS-അധിഷ്ഠിത കമ്പനിയായ UKG (യുണൈറ്റഡ് ക്രോണോസ് ഗ്രൂപ്പ്) -ലേക്കുള്ള ഇന്റര്‍വ്യൂവിനെ കുറിച്ചാണ് റെഡ്ഡിറ്റ് യൂസര്‍ കുറിച്ചത്. 5 റൗണ്ടുകളിലായി 15 മണിക്കൂറിലധികം നീണ്ടുനിന്ന ഇന്റര്‍വ്യൂവാണ് ഉണ്ടായത് എന്നാണ് ഇയാള്‍ ആരോപിക്കുന്നത്. അവസാന ഘട്ടത്തിലേക്ക് 8 പേരെയാണ് അഭിമുഖത്തിനായി തിരഞ്ഞെടുത്തത് എന്നും ഇയാള്‍ പറയുന്നു.
രാവിലെ 9 മണി മുതല്‍ രാത്രി 12.30 വരെയാണ് ഈ അഭിമുഖം നീണ്ടുനിന്നത്. ഇന്റര്‍വ്യൂവിനുള്ള ഷോര്‍ട്ട്ലിസ്റ്റ് തലേദിവസമാണ് പുറത്തിറങ്ങിയത്. തന്റെ കോളേജില്‍ നിന്ന് ഇന്റര്‍വ്യൂവിന് തിരഞ്ഞെടുത്ത എട്ട് പേരില്‍ തന്റെ പേരും കണ്ടതില്‍ ശരിക്കും സന്തോഷം തോന്നി. വിവിധ കോളേജില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ എത്തിച്ചേരുകയും ജോലിക്ക് അപേക്ഷിക്കുകയും ചെയ്തിരുന്നു.
8 മണിക്കാണ് കോളേജില്‍ എത്താന്‍ പറഞ്ഞത്. ഇന്റര്‍വ്യൂവിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയതിനാല്‍ തലേദിവസം ശരിക്കും ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. PPT (Pre Placement Talk) 9 മണിക്ക് തുടങ്ങി. ഇത് ഒരു മണിക്കൂര്‍ നീണ്ടുനിന്നു. പിന്നീട്, 2 സാങ്കേതിക റൗണ്ടുകള്‍, 1 ഡയറക്ടറല്‍ റൗണ്ട്, 1 മാനേജര്‍ റൗണ്ട്, 1 HR റൗണ്ട് എന്നിവയും ഉണ്ടായി എന്നും യുവാവ് പറയുന്നു.
പിന്നീട്, യുവാവ് വിശദമായി എത്ര മണിക്കാണ് തന്റെ ഓരോ അഭിമുഖങ്ങളും ഉണ്ടായതെന്നും കുറിച്ചിട്ടുണ്ട്. അവസാനം തനിക്ക് മാത്രം അതില്‍ ജോലി ലഭിച്ചില്ല എന്നും ഇത്ര മണിക്കൂര്‍ നീണ്ടുനിന്ന അഭിമുഖം തന്നെ ഒരുപാട് ബുദ്ധിമുട്ടിച്ചു എന്നുകൂടി യുവാവ് കുറിക്കുന്നു.
നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിന് പ്രതികരണവുമായി എത്തിയത്. ഇത്രയും മണിക്കൂറുകള്‍ നീണ്ടുനിന്ന അഭിമുഖത്തെ പലരും വിമര്‍ശിച്ചു. ഒപ്പം അത് തുറന്നെഴുതാന്‍ ധൈര്യം കാണിച്ചതിന് യുവാവിനെ പലരും അഭിനന്ദിക്കുകയും ചെയ്തു. എത്രയും പെട്ടെന്ന് യുവാവിന് ജോലി ലഭിക്കുമെന്നും പലരും പറഞ്ഞു.
55 1 minute read