കൊച്ചി: പൊളിറ്റിക്കല്‍ ഇസ്ലാം വലിയ പ്രശ്‌നമാകുന്നുവെന്ന പി ജയരാജന്റെ പരാമര്‍ശം സ്വാഗതം ചെയ്ത് കത്തോലിക്കാ സഭാ മുഖപത്രം ദീപിക. ഇസ്ലാമിക തീവ്രവാദത്തിന്റെ മുഖംമൂടി മാറ്റാന്‍ ജയരാജനെപ്പോലെ ആരെങ്കിലും വരുന്നത് പ്രതീക്ഷ നല്‍കുന്നുവെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. പി ജയരാജന്‍ കണ്ട രാഷ്ട്രീയ ഇസ്ലാമിനെ സിപിഎം കാണാന്‍ ഇടയില്ലെന്ന വിമര്‍ശനവും ഇതോടൊപ്പമുണ്ട്. ഇസ്ലാമിക തീവ്രവാദത്തിന് മതേതര പാര്‍ട്ടികള്‍ വളംവെച്ചെന്ന വിമര്‍ശനം നിലനില്‍ക്കെ ജയരാജന്റെ തുറന്നുപറച്ചില്‍ പ്രസക്തമാണെന്നും സഭാ നിലപാടുകള്‍ സ്ഥിരീകരിക്കുന്നതാണ് ജയരാജന്റെ പ്രസ്താവനയെന്നും ദീപിക മുഖപ്രസംഗത്തില്‍ പറയുന്നു.
ഇസ്ലാമിക തീവ്രവാദം ആഗോളതലത്തില്‍ വരുത്തിയ വിനാശങ്ങള്‍ക്കനുസരിച്ചു നിലപാടുകള്‍ നവീകരിക്കാതിരുന്ന കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലതുപക്ഷ ചിന്തകള്‍ക്കും രാഷ്ട്രീയത്തിനും വര്‍ഗീയതയ്ക്കും ചെയ്തുകൊടുത്ത സഹായം ചെറുതല്ലെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. ഇതര മതവര്‍ഗീയത വളരാന്‍ സാഹചര്യമൊരുക്കിയത് ഇസ്ലാമിക തീവ്രവാദമാണ്. നിലപാടില്‍ ജയരാജന്‍ ഉറച്ചുനില്‍ക്കുമെന്നോ ഒരു മതേതര സമൂഹത്തിനുമേല്‍ ഇഴഞ്ഞുകയറിയ രാഷ്ട്രീയ ഇസ്ലാമിനെ സിപിഎമ്മും മറ്റു രാഷ്ട്രീയ പാര്‍ട്ടികളും തള്ളിപ്പറയുമെന്നോ ഉറപ്പില്ലെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.
കാശ്മീരില്‍ പ്രശ്‌ന പരിഹാരം സാധ്യമാക്കേണ്ടത് പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും കൊടുത്തല്ലെന്ന ബിജെപിയുടെ നിലപാടിനു സ്വീകാര്യത വര്‍ധിച്ചുവെന്നും പതിറ്റാണ്ടുകള്‍ ഭരിച്ചിട്ടും തീവ്രവാദത്തെ തരിമ്പും പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനു സാധിച്ചില്ലെന്നും വിമര്‍ശനമുണ്ട്. കേരളം മാറിമാറി ഭരിച്ചവര്‍ക്കു പോപ്പുലര്‍ ഫ്രണ്ടിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ പൊലിയുന്ന മനുഷ്യരെക്കുറിച്ചു പറയണമെന്നതില്‍ സംശയമില്ല. പക്ഷേ, ലോകമെങ്ങും ഇസ്ലാമിക ഭീകരപ്രസ്ഥാനങ്ങള്‍ കൊന്നൊടുക്കുന്ന ക്രൈസ്തവരെക്കുറിച്ച് എഴുതുന്നില്ലെന്നും മുഖപ്രസംഗം വിമര്‍ശിക്കുന്നു.
79 1 minute read