ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ സന്ദർശിച്ച് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പൂനിയയും. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനേയും ഇരുവരും ഇന്ന് സന്ദർശിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചന. കോണ്‍ഗ്രസ് അംഗത്വം ഇരുവരും സ്വീകരിക്കും. സ്ഥാനാർഥി പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയായിരുന്നു കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ കോണ്‍ഗ്രസ് പങ്കുവെച്ചത്. തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി സർക്കാർ ജോലി ഇവർ ഉപേക്ഷിക്കുമെന്ന് വാർത്ത ഏജൻസിയായ എഎൻഐയും റിപ്പോർട്ട് ചെയ്തു.പാരീസ് ഒളിമ്പിക്‌സില്‍ അയോഗ്യയാക്കപ്പെട്ടതിനുശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയതുമുതല്‍ വിനേഷിനെ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമാണ് കാണുന്നത്. ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ വിനേഷിനെ സ്വീകരിച്ചത് റോഹ്‌തക്ക് എംപിയായ ദീപേന്ദർ ഹൂഡയായിരുന്നു. വിജയത്തിന്റെ പ്രതീകമായ ഹനുമാൻ ഗദ നല്‍കിയായിരുന്നു ദീപേന്ദർ വിനേഷിനെ സ്വീകരിച്ചത്.
64 Less than a minute