തിരുവനന്തപുരം: ഉരുള്‍ദുരന്തത്തില്‍ തകര്‍ന്ന ചൂരല്‍മല- മുണ്ടക്കൈ മേഖലയിലെ പുനരധിവാസം അതിവേഗം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ സുരക്ഷിതമായ പ്രദേശം കണ്ടെത്തി ടൗണ്‍ഷിപ്പ് നിര്‍മിക്കും. അതിനുവേണ്ടി ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ആവശ്യപ്പെട്ട് പുറത്തിറക്കിയ ക്യൂ.ആര്‍ കോഡിന്റെ ദുരുപയോഗ സാധ്യത ശ്രദ്ധയില്‍പ്പെട്ടു. നിലവിലെ ക്യൂ.ആര്‍. കോഡ് പിന്‍വലിക്കും. പകരം യു.പി.ഐ. ഐഡി വഴി ഗൂഗിള്‍പേയില്‍ സംഭാവന നല്‍കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വീടും സ്ഥലവുമടക്കമുള്ള സഹായവാഗ്ദാനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുന്‍ വയനാട് കളക്ടറും നിലവില്‍ ജോയിന്റ് ലാന്‍ഡ് റവന്യൂ കമ്മിഷണറുമായ ഗീത ഐ.എ.എസിന്റെ കീഴില്‍ ഹെല്‍പ് ഫോര്‍ വയനാട് സെല്‍ രൂപവത്കരിക്കും. ആശയവിനിമയത്തിന് പ്രത്യേക ഇ- മെയില്‍ ഐ.ഡിയും കോള്‍ സെന്ററും തയ്യാറാക്കി. മൂന്ന് ഫോണ്‍ നമ്പറുകളും ഒരുക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
വീടുകള്‍ വാഗ്ദാനം ചെയ്തവര്‍:
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി 100 വീടുകള്‍ നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനംചെയ്തതായി സംസ്ഥാന പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ അറിയിച്ചു. ഇതില്‍ സതീശന്‍ നേരിട്ട് ചുമതല വഹിക്കുന്ന 25 വീടുകളും ഉള്‍പ്പെടും.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 100 വീടുകള്‍ വാഗ്ദാനംചെയ്തു. അദ്ദേഹത്തെ നേരിട്ട് വിളിച്ച് നന്ദി പറഞ്ഞുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ശോഭ റിയാലിറ്റി ഗ്രൂപ്പ് 50 വീടുകള്‍ നിര്‍മിച്ചു നല്‍കും. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള വ്യവസായികളുടെ കൂട്ടായ്മയായ ബിസിനസ് ക്ലബ്ബ് 50 വീടുകള്‍ നിര്‍മിച്ചു നല്‍കും. അത് വര്‍ധിച്ചേക്കാം എന്നും പറഞ്ഞിട്ടുണ്ട്.
നാഷണല്‍ സര്‍വീസ് സ്‌കീം 150 ഭവനങ്ങള്‍ അല്ലെങ്കില്‍ അത് തുല്യമായ തുക നല്‍കും. വേള്‍ഡ് മലയാളി കൗണ്‍സില്‍ 14 വീടുകള്‍ നിര്‍മിക്കും. ഫ്രൂട്സ് വാലി ഫാര്‍വേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി 10 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് കൃഷിയോഗ്യമാക്കി 10 മുതല്‍ 15 വരെ കുടുംബങ്ങള്‍ക്ക് നല്‍കും. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ വീടു നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനംചെയ്തു.
കോട്ടക്കല്‍ ആര്യവൈദ്യശാല 10 വീടുകളും കോഴിക്കോട് കാപ്പാട് സ്വദേശി യൂസുഫ് പുരയില്‍ അഞ്ച് സെന്റ് സ്ഥലവും വാഗ്ദാനം ചെയ്തു.