പൊന്‍കുന്നം: ലോകസഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കി അസ്ഥിരപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരേ രാഹുല്‍ഗാന്ധിയെ അനുഗ്രഹിക്കണമെന്ന അപേക്ഷയോടെ ജഡ്ജിയമ്മാവന്‍ കോവിലില്‍ വഴിപാട്. രാഹുല്‍ഗാന്ധിയുടെ പേരില്‍ കോണ്‍ഗ്രസ് ചെറുവള്ളി മേഖലാ കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ബിനേഷ് ചെറുവള്ളിയാണ് വഴിപാട് നടത്തിയത്. കോടതിനടപടികളില്‍ പെടുന്നവരുടെ വിജയത്തിനായി ആരാധനയ്ക്ക് പ്രശസ്തമായ ക്ഷേത്രത്തില്‍ അടനിവേദ്യമാണ് നടത്തിയത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചെറുവള്ളി ദേവീക്ഷേത്രത്തിലെ ഉപദേവാലയമാണ് ജഡ്ജിയമ്മാവന്‍ കോവില്‍. ചെറുവള്ളി ദേവിക്ക് പുഷ്പാഞ്ജലി, കൊടുംകാളിക്ക് നടകുരുതി വറവഴിപാടും നടത്തി. രാഹുല്‍ഗാന്ധി, മൂലം നാള്‍ എന്ന പേരിലാണ് ദേവസ്വത്തില്‍നിന്ന് രസീത് വാങ്ങിയത്. കേസുകളിലുള്‍പ്പെട്ട ചലച്ചിത്രതാരങ്ങള്‍, കായികതാരങ്ങള്‍, രാഷ്ട്രീയനേതാക്കള്‍ തുടങ്ങിയവരുള്‍പ്പെടെയുള്ളവര്‍ പൂജകളില്‍ പങ്കെടുത്തിട്ടുള്ള കോവിലാണിത്.
ധര്‍മരാജാവ് തിരുവിതാംകൂര്‍ ഭരിച്ചകാലത്ത് സദര്‍കോടതി ജഡ്ജിയായിരുന്ന തലവടി രാമവര്‍മപുരത്തുമഠം ഗോവിന്ദപ്പിള്ളയാണ് ജഡ്ജിയമ്മാവന്‍ എന്ന പ്രതിഷ്ഠ.
ഒരു വിധി നടപ്പാക്കിയതിലെ പിഴവുമൂലം സ്വയം മരണശിക്ഷ നടപ്പാക്കിയ ഗോവിന്ദപ്പിള്ളയുടെ ആത്മാവിനെ പിന്നീട് പ്രശ്‌നവിധിപ്രകാരം മൂലകുടുംബം സ്ഥിതിചെയ്യുന്ന ചെറുവള്ളി ഗ്രാമത്തിലെ ദേവീക്ഷേത്രത്തില്‍ ഉപദേവാലയം നിര്‍മിച്ച് കുടിയിരുത്തുകയായിരുന്നു.