BREAKING NEWSKERALA

‘രാഹുല്‍ഗാന്ധിയുടെ ഓഫീസ് തകര്‍ത്തത് പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ധീരജിന്റെ അവസ്ഥയുണ്ടാകും’; പ്രകോപന പ്രസംഗവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ്

ഇടുക്കി: ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യു പ്രകോപന പ്രസ്താവനയുമായി രംഗത്ത്. രാഹുല്‍ഗാന്ധിയുടെ ഓഫീസ് തകര്‍ത്തത് പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ധീരജിന്റെ അവസ്ഥയുണ്ടാകുമെന്നാണ് സി.പി. മാത്യുവിന്റെ ഭീഷണി. മുരിക്കാശേരിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെയാണ് വിവാദ പ്രസംഗം. യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കുത്തേറ്റാണ് ധീരജ് കൊല്ലപ്പെട്ടത്. എസ്എഫ്‌ഐക്കാര്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ധീരജിന്റെ ഗതിയാകുമെന്നാണ് അദ്ദേഹം പറയുന്നത്.
രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ചതിനെതിരായും അഗ്‌നിപഥ് പദ്ധതിക്കെതിരായും നടന്ന പ്രതിഷേധ പരിപാടിക്കിടെയാണ് സി.പി. മാത്യു അതീവ ഗൗരവമായ വിവാദ പരാമര്‍ശം നടത്തിയത്. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെയും സി.പി. മാത്യു വിവാദപ്രസംഗം നടത്തിയിട്ടുണ്ട്. അന്നത്തെ പരാമര്‍ശവും ഏറെ വിവദമുണ്ടാക്കിയിരുന്നു. ‘യുഡിഎഫില്‍ നിന്ന് വിജയിച്ച രാജി ചന്ദ്രന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തണലില്‍ സുഖവാസം അനുഭവിക്കുകയാണ്, കാലാവധി പൂര്‍ത്തിയാക്കുന്നത് വരെ രണ്ട് കാലില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ വരാന്‍ അവരെ അനുവദിക്കില്ല’. ഇതായിരുന്നു അന്നത്തെ വിവാദപ്രസ്താവന.
രാജി ചന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭീഷണിപ്പെടുത്തിയതിനും സ്ത്രീത്വത്തെ അപമാനിച്ചതിനും സി.പി. മാത്യുവിനെതിരെ ഇടുക്കി പൊലീസ് കേസെടുത്തിരുന്നു. രാജി ചന്ദ്രന്‍ സിപിഐഎമ്മില്‍ ചേര്‍ന്നതില്‍ പ്രതിഷേധിച്ചായിരുന്നു അന്നത്തെ പരാമര്‍ശങ്ങള്‍.
മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് വണ്ടിപ്പെരിയാറില്‍ സംഘടിപ്പിച്ച സമരത്തിനിടെ ബാര്‍ബര്‍മാരെ ആക്ഷേപിക്കുന്ന രീതിയില്‍ അദ്ദേഹം പ്രസംഗിച്ചിരുന്നു. ‘ഞങ്ങളെല്ലാം ചെരയ്ക്കാന്‍ ഇരിക്കുകയല്ല’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker