വയനാട്: വയനാട്ടില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത കൊവിഡ് അവലോകന യോഗത്തില്‍ നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ഒഴിവാക്കിയത് വിവാദത്തില്‍. കല്‍പ്പറ്റ എംഎല്‍എ സി കെ ശശീന്ദ്രന്റെ നിര്‍ദേശ പ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് ഒഴിവാക്കിയതെന്നാരോപിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രംഗത്തെത്തി.
രാഹുല്‍ ഗാന്ധി പങ്കെടുത്ത കലക്ടറേറ്റില്‍ നടന്ന കൊവിഡ് അവലോകന യോഗത്തിലേക്ക് ദുരന്തനിവാരണ അതോറിറ്റി ഉപാദ്ധ്യക്ഷ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ക്ഷണമുണ്ടായിരുന്നു. പങ്കെടുക്കാന്‍ കലക്ടര്‍ ആവശ്യപ്പെട്ടതനുസരിച്ച് രാവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ എത്തിയപ്പോഴാണ് ഉദ്യോഗസ്ഥര്‍ മാത്രം പങ്കെടുത്താല്‍ മതിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദേശം ഉണ്ടെന്ന് കലക്ടര്‍ അദീല അബ്ദുള്ള അറിയിച്ചത്.
കല്‍പ്പറ്റ എംഎല്‍എ സി കെ ശശീന്ദ്രനെ യോഗത്തിലേക്ക് ക്ഷണിക്കാത്തതിലുള്ള രാഷ്ട്രീയ പക പോക്കലിന്റെ ഭാഗമായാണ് മാറ്റി നിര്‍ത്തിയതെന്ന് കെ ബി നസീമ ആരോപിച്ചു. എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്ന് സി കെ ശശീന്ദ്രന് എംഎല്‍എ പറഞ്ഞു. നേരത്തെ കല്‍പ്പറ്റയില്‍ കേന്ദ്ര സഹായത്തോടെ നിര്‍മ്മിച്ച സ്കൂള്‍ കെട്ടിടത്തിന്റെ ഓണ്‍ലൈന്‍ ഉദ്ഘാടനത്തിന് കലക്ടര്‍ അനുമതി നിഷേധിച്ചത് വിവാദമായിരുന്നു.
മലപ്പുറം ജില്ലയില്‍ നടന്ന അവലോകന യോഗത്തില്‍ ജനപ്രതിനിധികള്‍ക്ക് പ്രവേശനമുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം ആഘോഷമാക്കേണ്ടതില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് കഴിഞ്ഞ ദിവസം പ്രസ്താവനയും ഇറക്കിയതോടെ സന്ദര്‍ശനത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം മുറുകുകയാണ്.